ഇഡിയുടെ വാറോലയിൽ തകരുന്നതല്ല കിഫ്‌ബി

അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്നത് രാഷ്‌ട്രീയമായ ആരോപണമല്ല; വസ്‌തുതയാണ്. പ്രത്യേകിച്ച് കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയശേഷം തങ്ങൾക്ക് താൽപ്പര്യമില്ലാത്ത സർക്കാരുകൾക്കും രാഷ്‌ട്രീയനേതാക്കൾക്കുമെതിരെ നിരന്തരം ഉപയോഗിക്കുന്ന ആയുധമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ആദായനികുതിവകുപ്പും മാറി. ഇൗ ഏജൻസികൾ പല വേഷത്തിൽ കേരളത്തിൽ എത്തുന്നതായാണ് ഒമ്പതരവർഷത്തെ അനുഭവം. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാമിനും അയച്ച ഇഡി നോട്ടീസ്.
2020 മുതൽ ഇഡി കിഫ്‌ബിയിൽ പലതവണയായി കയറിയിറങ്ങുന്നു. നിരന്തരം നോട്ടീസുകൾ അയക്കുന്നു. ഉദ്യോഗസ്ഥരെ ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് ഇടയ്‌ക്കിടെ വിളിച്ചുവരുത്തി രേഖകൾ ആവശ്യപ്പെടുന്നു, ഇവയൊക്കെയാണ് ഇഡിയുടെ വിനോദം. ഒരേ രേഖകൾതന്നെയാണ് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതും. 2019ലെ മസാല ബോണ്ടിന്റെ പേരിലാണ് നാലരവർഷമായുള്ള അന്വേഷണം. ഇതുവരെ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയതായി റിപ്പോർട്ടുമില്ല. മസാല ബോണ്ടിൽ ഫെമ നിയമലംഘനമുണ്ടോ എന്ന് ചോദിക്കാൻ, ധനമന്ത്രിയെന്ന നിലയിൽ 2016 മുതൽ 21 വരെ കി-ഫ്‌ബി വൈസ് ചെയർമാനായിരുന്ന ഡോ. തോമസ് ഐസക്കിന് ഏഴുതവണയാണ് ഇഡി നോട്ടീസ് അയച്ചത്. നിയമപരമല്ലാത്ത നോട്ടീസിനെ ഹൈക്കോടതിയിൽ ചോദ്യംചെയ്‌തപ്പോൾ വിളിച്ചതിന്റെ കാരണം ഇതുവരെയും പറഞ്ഞിട്ടുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സ്ഥാനാർഥിയായി പ്രചാരണരംഗത്തുള്ളപ്പോഴായിരുന്നു ഒരുതവണ വിളിപ്പിച്ചത്. അതും കോടതി തടഞ്ഞു. കിഫ്‌ബി ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതിനെ ഹൈക്കോടതിയും വിമർശിച്ചിട്ടുണ്ട്. ഇൗ ഹർജി ഹൈക്കോടതിയിൽ ഇപ്പോഴുമുണ്ട്.
എന്താണ് കിഫ്‌ബി ചെയ്‌ത തെറ്റ്. ഒമ്പതരവർഷമായി കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് 90,562 കോടി ചെലവിടുന്നതോ. മികച്ച ആശുപത്രികളും വിദ്യാലയങ്ങളും റോഡും പാലവും തീരദേശപാതയും മലയോരപാതയും കളിക്കളങ്ങളുമൊക്കെ ഉണ്ടാക്കിയതോ. വയനാട്ടിലേക്കുള്ള തുരങ്കപാതയും മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പും വേണ്ട എന്നാണോ. നിരന്തരം ഒരു സ്ഥാപനത്തിനുനേരെ കുതിരകയറുമ്പോൾ, അതിന്റെ കാരണം ബോധിപ്പിക്കണ്ടേ. പൗരനുനേരെ ചീറ്റുന്ന വിഷസർപ്പമായി ജനാധിപത്യരാജ്യത്തെ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ മാറ്റുന്നതെന്തുകൊണ്ടാണ്. ബിജെപി അധികാരത്തിലെത്തിയശേഷം ഏതെങ്കിലും ബിജെപി നേതാക്കൾക്ക് ഒരു നോട്ടീസെങ്കിലും അയച്ചിട്ടുണ്ടോ. ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഒരുപാടുണ്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇഡി നോട്ടീസുമായി ഇറങ്ങുന്നത്. നോട്ടീസ് ലഭിക്കേണ്ടയാൾ അറിയുംമുമ്പ് വിവരം മാധ്യമങ്ങൾക്ക് നൽകും. പിന്നെ ബ്രേക്കിങ് ന്യൂസായി, അന്തിച്ചർച്ചയായി, വിധി കൽപ്പിക്കലായി. ജനങ്ങളുടെ മനസ്സിലേക്ക് കിഫ്‌ബിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കണം. പറ്റുമെങ്കിൽ കിഫ്‌ബിക്ക് വായ്‌പ നൽകാനിരിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി, പണം തടസ്സപ്പെടുത്തണം. ഇതാണ് ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത ഇഡി കേരളത്തിൽ ചെയ്യുന്നത്.
ഇപ്പോൾ നോട്ടീസ് അയച്ച വിഷയംതന്നെ നിലനിൽക്കുന്നതല്ല. മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടിയിൽനിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചതായി കണ്ടെത്തിയാണത്രേ നോട്ടീസ്. 466.92 കോടി എന്നതും കള്ളമാണ്. 66 കോടി മാത്രമാണ് ഭൂമിയേറ്റെടുക്കലിന് ചെലവായത്. അതിനെയാണ് പെരുപ്പിച്ച് കാണിച്ചത്. ഭൂമി വാങ്ങുകയല്ല, ഏറ്റെടുക്കുകയാണ് ചെയ്‌തത്. സർക്കാരിൽ നിക്ഷിപ്‌തമായ അധികാരമുപയോഗിച്ച് ഏറ്റെടുക്കുന്ന ഭൂമി, ആ ആവശ്യത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം രാജ്യത്ത് നിലവിലുണ്ടെന്ന് ഇഡിക്ക് അറിയാത്തതല്ല. കൃത്യമായ രാഷ്‌ട്രീയനിർദേശത്തിന്റെ അടിസ്ഥാനത്തിൽ വാറോലയുമായി ഇറങ്ങുന്നത്, നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാനാകുമോ എന്ന് നോക്കലാണ്.
പ്രസക്തമായ കാര്യം, കേരളത്തിന്റെ വികസനം മുടക്കാനുള്ള കുടിലനീക്കത്തിനെതിരെ ഒരക്ഷരംപോലും പറയാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറല്ല എന്നതാണ്. അവർക്ക് സംസ്ഥാനത്തിന്റെ വികസനമൊന്നുമല്ല വിഷയം. കേരളത്തെ ശത്രുരാജ്യത്തെയെന്നപോലെ ആക്രമിക്കുന്ന ബിജെപിയുടെ നിലപാടുതന്നെയാണ് യുഡിഎഫിനും. അതിനൊപ്പം നിൽക്കാൻ ചില മാധ്യമങ്ങളുമുണ്ട്. നാടിന്റെ മാറ്റമാണ് ഇവരെ വിറളിപിടിപ്പിക്കുന്നത്.
ആരോടാണ് ഇഡിയുടെ വെല്ലുവിളി. കേരളത്തിലെ മൂന്നരക്കോടി ജനതയോടോ. ചോര ചിന്തിയ പോരാട്ടങ്ങളുടെ ചരിത്രമുള്ള മണ്ണാണിത്. തകർക്കാൻ ശ്രമിച്ചിടത്തുനിന്നൊക്കെ ഉയിർത്തെണീറ്റ നാട്. ചെറുത്തുനിൽപ്പുകളിലൂടെയാണ് കേരളം വളർന്നതും വികസിച്ചതും. വികസനം മുടക്കികളുടെ ചെയ്‌തികൾ ജനങ്ങൾ കാണുന്നുണ്ട്.










0 comments