print edition അധികാരഹുങ്കിൽ രാജ്യത്ത് ഡിജിറ്റൽ അടിയന്തരാവസ്ഥ

ഫാസിസ്റ്റ് സ്വഭാവമുള്ള സർക്കാരുകൾ പൗരന്മാരെ നിരീക്ഷിക്കാനും വരുതിയിൽ നിർത്താനും ഏതു മാർഗവും സ്വീകരിക്കുമെന്നത് ചരിത്രാനുഭവങ്ങളായി നമുക്കു മുന്നിലുണ്ട്. ഹിറ്റ്‌ലറുടെ ഗസ്റ്റപ്പോ എന്ന രഹസ്യപ്പൊലീസ് അന്നത്തെ ജർമനിയിലെ നാസി ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ ആയുധമായിരുന്നു.
ഹിറ്റ്‌ലറുടെ ഭരണത്തിന് എതിരുനിൽക്കുന്ന കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, നാസിവിരുദ്ധരായ മറ്റുള്ളവർ എന്നിവരെ കണ്ടെത്തി ഇല്ലാതാക്കുക എന്നതായിരുന്നു ഇൗ സംഘടനയുടെ മുഖ്യദൗത്യം. സമകാല ലോകത്ത് സമാനസ്വഭാവമുള്ള പല സർക്കാരുകളും സ്വന്തം പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കാൻ രഹസ്യനിരീക്ഷണങ്ങളും അടിച്ചമർത്തലുകളും ഭരണശൈലിയാക്കി മാറ്റിയിട്ടുണ്ട്.
മോദിസർക്കാർ ഇസ്രയേലി കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പിന്റെ ചാരസോ-ഫ്‌റ്റ്‌വെയർ പെഗാസസ് ഇന്ത്യയിൽ ഉപയോഗിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ‘ദേശീയ സുരക്ഷ’ സംബന്ധിച്ച ആശങ്കകളുടെ പേരിൽ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ, പ്രത്യേകിച്ച് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നിയന്ത്രണമില്ലാതെ ഹനിക്കരുതെന്ന് പെഗാസസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇൗ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ കേന്ദ്രസർക്കാർ സർവ അതിരും ലംഘിച്ച് ഇടപെടുന്നതായി വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസക്തമാകുന്നത്. രാജ്യം കടന്നുപോകുന്നത് ഡിജിറ്റൽ അടിയന്തരാവസ്ഥയിലൂടെയെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങളിൽനിന്ന് ഓരോ മിനിറ്റിലും ഓരോ പോസ്റ്റ് വീതം സർക്കാർ നീക്കുന്നുവെന്ന് ഇൗ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാർച്ചുമുതൽ ജൂലൈവരെ അഞ്ചുമാസത്തിൽ 1.95 ലക്ഷം ഉള്ളടക്കം നീക്കംചെയ്യാൻ കേന്ദ്രം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
പ്രതിദിനം 1275 പോസ്റ്റുകളിലാണ് സർക്കാർ സെൻസറിങ്. ഓരോ വർഷം കഴിയുന്തോറും സമൂഹമാധ്യമങ്ങളിൽ സർക്കാർ നിരീക്ഷണവും ഇടപെടലും കൂടുതൽ ശക്തമായി വരികയാണ്. 2024 ഒക്ടോബർമുതൽ ഒരുവർഷം 19 സമൂഹമാധ്യമ പ്ലാറ്റ്‌ഫേ-ാമുകൾക്ക് 2312 നിർദേശം മാത്രമാണ് കേന്ദ്രം നൽകിയത്. എന്നാൽ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന വിദ്യാർഥി–യുവജന പ്രക്ഷോഭകാലത്ത് സമൂഹമാധ്യമങ്ങളിൽ നിമിഷംതോറും സർക്കാർ കടുംവെട്ട് നടത്തി.
ഒരേസമയം ജനാധിപത്യത്തിന്റെ മാതാവായി ഇന്ത്യയെ വിശേഷിപ്പിക്കുകയും മറുവശത്ത് ഡിജിറ്റൽ മേഖലയിൽപ്പോലും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയുമാണ് മോദിസർക്കാർ. സമൂഹമാധ്യമ കന്പനികളാകട്ടെ, മോദിസർക്കാരിന്റെയും ബിജെപിയുടെയും സമ്മർദങ്ങൾക്ക് നിർലജ്ജം വഴങ്ങുകയാണ്.
സമൂഹമാധ്യമങ്ങളിൽനിന്ന് ഉള്ളടക്കം നീക്കംചെയ്യാൻ ഇടപെടുന്നതിനുള്ള ചട്ടങ്ങൾ ഇൗയിടെ സർക്കാരിന് അനുകൂലമായി പരിഷ്‌കരിച്ചിരുന്നു. ഉത്തരവ് ലഭിച്ചാൽ മൂന്നുമണിക്കൂറിനകം ഉള്ളടക്കം നീക്കണമെന്ന പുതിയ വ്യവസ്ഥ ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ ഉടമകളായ ‘മെറ്റ’ അതേപടി അനുസരിച്ചു. പരിശോധന കൂടാതെ ഉള്ളടക്കം നീക്കാനുള്ള സംവിധാനം ‘മെറ്റ’ ഉടനടി സ്ഥാപിക്കുകയും ചെയ്‌തു. ശിങ്കിടി മുതലാളിത്തത്തിന്റെ പകർപ്പുതന്നെയാണ് ഡിജിറ്റൽ ലോകത്തും ദൃശ്യമാകുന്നത്.
ബിജെപിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യയിൽ കമ്പനിയുടെ ബിസിനസിന് ഗുണകരമെന്ന് ഫെയ്‌സ്‌ബുക് ഇന്ത്യയുടെ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്, 2020ൽ ‘വാൾസ്‌ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്‌തിരുന്നു. വിദ്വേഷപരാമർശങ്ങൾ നീക്കുന്നത് സംബന്ധിച്ച ഇരട്ടത്താപ്പ് ചർച്ചയായപ്പോഴാണ് കമ്പനി വക്താവ് ഇത്തരത്തിൽ പ്രതികരിച്ചത്. തെലങ്കാനയിൽനിന്നുള്ള ഒരു എംപിയുടെ പോസ്റ്റിലെ പരാമർശങ്ങൾ വിദ്വേഷജനകമെന്നു കണ്ടെത്തി ഫെയ്‌സ്‌ബുക് അത് നീക്കി.
എന്നാൽ, ചില സംഘപരിവാർ നേതാക്കളുടെ കടുത്ത വിദ്വേഷപരാമർശങ്ങൾ നിലനിർത്തുകയും ചെയ്‌തു. ഇതേപ്പറ്റി പ്രതിപക്ഷപാർടികൾ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് അമേരിക്കൻ മാധ്യമത്തോട് ഫെയ്‌സ്‌ബുക് പ്രതിനിധി സത്യം തുറന്നുപറഞ്ഞത്. ‘മോദിയുടെ പാർടിയിലെ നേതാക്കളെ ശിക്ഷിക്കുന്നത് ഇന്ത്യയിൽ കമ്പനിയുടെ ബിസിനസ് സാധ്യതകളെ പ്രതികൂലമായി ബാധിക്കും’ എന്ന് ആ ഉദ്യോഗസ്ഥൻ തുറന്നടിച്ചു. 1975–77 കാലത്ത് ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയിൽ രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സർക്കാരിനുമുന്നിൽ മുട്ടിലിഴഞ്ഞത് ഓർമിപ്പിക്കുന്ന ഏറ്റുപറച്ചിലാണിത്.
ഫെയ്‌സ്‌ബുക്കിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ; രാജ്യത്ത് 60 കോടിയോളംപേർ ഫെയ്‌സ്‌ബുക് ഉപയോഗിക്കുന്നതായാണ് കണക്ക്. ഇന്ത്യയിലെ വൻകിട കോർപറേറ്റുകളുമായി ഫെയ്‌സ്‌ബുക്കിനും മെറ്റയ്‌ക്കും വാണിജ്യ ഇടപാടുകളുണ്ട്. മോദിസർക്കാരിനെതിരായ ജനമുന്നേറ്റങ്ങൾ കോർപറേറ്റുകളെ അസ്വസ്ഥരാക്കുന്നത് സ്വാഭാവികമാണ്. കാരണം വർഗീയ–കോർപറേറ്റ് കൂട്ടുകെട്ടാണ് മോദിസർക്കാരിനെ സൃഷ്ടിച്ച്, നിലനിർത്തുന്നത്.
ഇതിലേറെ ആശങ്കാജനകം കേരളത്തിലെ യുഡിഎഫ് സർക്കാർ ഇൗ വിഷയത്തിലും മോദിസർക്കാരിന്റെ പാതയിൽ നീങ്ങുന്നുവെന്നതാണ്. ഓപ്പറേഷൻ തൂഫാനിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായതോടെ, മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഉള്ളടക്കങ്ങൾ മെറ്റയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കിയത് ഉദാഹരണം. രാജ്യത്തും സംസ്ഥാനത്തും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ തീവ്രപോരാട്ടങ്ങൾ നടത്തേണ്ടിവരുമെന്ന് ഇതെല്ലാം നമ്മോട് വിളിച്ചുപറയുന്നു.









0 comments