ad
Deshabhimani

പുറന്തള്ളപ്പെടുന്ന ജനങ്ങൾ

editorial.
വെബ് ഡെസ്ക്

Published on Feb 02, 2026, 12:01 AM | 3 min read

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും മാറ്റിനിർത്തപ്പെടുന്നു, അഥവാ അവരെ സാമൂഹ്യമായി പുറന്തള്ളുന്നു എന്നതുതന്നെയാണ് മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റിലെയും പൊതുസമീപനം. 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിൽ നിർമല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച അവരുടെ ഒമ്പതാമത്തെ ബജറ്റിലും പാപ്പരായ മനുഷ്യ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുന്ന അർഥപൂർണമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, വികസിത ഭാരത്', സാമ്പത്തിക വളർച്ച എന്നൊക്കെയുള്ള പതിവ് പല്ലവികൾ ആവർത്തിക്കുന്നുണ്ടെന്നത് നേര്. എന്നാൽ, സ്വാതന്ത്ര്യം, സമത്വം, സാമൂഹികമായ ഉൾച്ചേർക്കൽ, മനുഷ്യന്റെ അന്തസ്സ് എന്നിവയെ വിപുലീകരിക്കുന്ന നിരന്തര പ്രക്രിയയായി വികസനത്തെ കാണുന്ന ഒരു നടപടിയും ബജറ്റിലില്ല.


ഉയർന്ന സാമ്പത്തിക വളർച്ചയെക്കുറിച്ച് അവകാശവാദങ്ങൾക്ക് കുറവൊന്നുമില്ലെങ്കിലും അങ്ങനെ മൊത്തം ആഭ്യന്തരോൽപ്പാദനം (ജിഡിപി) വളരുന്നുവെങ്കിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും എന്തുകൊണ്ട് കുറയുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. ഡോണൾഡ് ട്രംപിന്റെ തീരുവ ഭീകരത ഇന്ത്യക്കെതിരെ ആഞ്ഞടിക്കുമ്പോഴും അതേക്കുറിച്ച് ബജറ്റ് പൂർണ മൗനവും വിധേയത്വവും പാലിച്ചു. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ വൻ തകർച്ചയെക്കുറിച്ചും ഒരക്ഷരംപോലും കണ്ടില്ല. വിദേശനിക്ഷേപം പിൻവലിച്ചുകൊണ്ടു പോകുന്നതിലും മൗനം തന്നെ.

പതിനാറാം ധനകമീഷന്റെ ശുപാർശകൾ അംഗീകരിച്ച് പാർലമെന്റിൽ സമർപ്പിച്ചതാണ് ബജറ്റിനൊപ്പം സംഭവിച്ച മറ്റൊരു പ്രധാന കാര്യം. കേന്ദ്രം സമാഹരിക്കുന്ന നികുതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം ഒരു ശതമാനംപോലും വർധിപ്പിക്കാൻ ശുപാർശയില്ല. അത് നിലവിലുള്ള 41 ശതമാനം മാത്രമായി തുടരും.


സംസ്ഥാനങ്ങളുടെ വിഹിതം അമ്പതു ശതമാനമായി വർധിപ്പിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതൊക്കെ പൂർണമായും തള്ളി. ഈ 41 ശതമാനത്തിൽ കേരളത്തിന് ലഭിക്കുന്നത് 2. 832 ശതമാനം മാത്രം. നിലവിൽ അത് 1.92 ശതമാനമായിരുന്നു. നേരിയൊരു വർധന. അതേസമയം, റവന്യുക്കമ്മി ഗ്രാന്റടക്കം ഇല്ലാതാക്കുകയും ചെയ്തു. അതായത്, ഈ നേരിയ വർധനകൊണ്ട് ഒരു പ്രയോജനവുമില്ല. പുതിയ ആദായ നികുതി നിയമം ഈ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. നിരക്കുകളിൽ മാറ്റമൊന്നുമില്ല. അപകട ഇൻഷുറൻസിന് വരുമാന നികുതി ഒഴിവാക്കി.


ബജറ്റ് പതിവുപോലെ കേരളത്തെ സമ്പൂർണമായി അവഗണിച്ചു. കേരളത്തിന്റെ ഒരാവശ്യവും അനുഭാവപൂർവം പരിഗണിച്ചില്ല. ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ തമിഴ്നാടും തെലങ്കാനയുമെല്ലാം ഉൾപ്പെട്ടപ്പോൾ കേരളത്തെ തഴഞ്ഞു. കേരളത്തിന്റെ കെ റെയിൽ പദ്ധതി തള്ളിയ യൂണിയൻ സർക്കാർ മറ്റൊരു അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരാൻ പോകുന്നുവെന്ന് വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇ ശ്രീധരനെ മുൻനിർത്തിയായിരുന്നു ആ പ്രചാരണം. അത് കള്ള പ്രചാരണമായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇക്കുറിയും തള്ളി. കേരളത്തിന് 21,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർമല സീതാരാമനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. അതും തള്ളി. റബറിന്റെ താങ്ങുവിലയും കൂട്ടിയില്ല. അപൂർവ ധാതുക്കളുടെ ഇടനാഴിയിലും (ധാതുമണൽ ഖനനവും മറ്റും) കടലാമ പരിപാലനത്തിലും മാത്രമാണ് കേരളത്തിന്റെ പേരു വന്നത്. ധാതുഖനനത്തിൽ കേരളത്തെ ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ സംസ്ഥാനത്തിന്റെ പദ്ധതി തകർത്ത് കേന്ദ്ര സർക്കാരിന് കൈകടത്താനും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുമാണോ പരിപാടിയെന്നാണ് സംശയിക്കുന്നത്.


സാമ്പത്തിക വളർച്ച, ജനാഭിലാഷങ്ങളുടെ സാഫല്യം, എല്ലാവരുടെയും വികസനം തുടങ്ങി മൂന്ന് കർത്തവ്യങ്ങളാണ് ബജറ്റിലെ സങ്കൽപ്പമെന്ന് അവകാശപ്പെടുന്ന ധനമന്ത്രി ബജറ്റിനെ ‘യുവശക്തി ബജറ്റ്' എന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിന്റെയൊന്നും വിശദാംശങ്ങൾ കാണുന്നില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച യുവജനങ്ങളുടെ ഇന്റേൺഷിപ്പ് പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയും പറയുന്നില്ല. യുവശക്തി പ്രഖ്യാപനംകൊണ്ടൊന്നും തൊഴിലില്ലായ്മ പരിഹരിക്കപ്പെടില്ല. രാജ്യത്തെ ഐടി കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതോടൊപ്പം ചേർത്തുവായിക്കാം. രാജ്യത്തെ ബയോ ഫാർമ ഹബ്ബാക്കാൻ 10000 കോടി, സെമികണ്ടക്ടർ മിഷന് 40000 കോടി, മെഗാ ടെക്‌സ്‌റ്റെയിൽ പാർക്കുകൾ, ചെറുകിട- ഇടത്തരം വ്യവസായങ്ങൾക്ക് 10000 കോടിയുടെ വളർച്ചാഫണ്ട്, 20 പുതിയ ദേശീയ ജലപാതകൾ, നഗര സാമ്പത്തിക മേഖലകൾ, ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങളാണ്. ഒട്ടേറെ ഔഷധങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചത് നമ്മുടെ ഔഷധ വ്യവസായത്തെ ദോഷകരമായി ബാധിക്കും. നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞുപോയതല്ലാതെ കാർഷിക മേഖലയ്‌ക്ക് കാര്യമായൊന്നുമില്ല. നിയോ ലിബറൽ അജൻഡയായ ധനക്കമ്മി കുറയ്ക്കലും ലക്ഷ്യമിടുന്ന ബജറ്റ് 2026- –27 ൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായിരിക്കുമെന്നും പറയുന്നുണ്ട്. സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കുമെന്നർഥം.


എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന നവ ഉദാര സാമ്പത്തിക നയമാണ് മൂന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ നടപ്പാക്കുന്നത്. ലോകത്താകെ ഈ നയത്തിന്റെ പരാജയം ദിവസേനയെന്നോണം കണ്ടിട്ടും അതിൽനിന്ന് അണുവിട പിൻമാറില്ലെന്ന് തന്നെയാണ് ഈ ബജറ്റും പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെയാണ്‌ ഇത്‌ അതിസന്പന്നർക്കും കോർപറേറ്റുകൾക്കുംവേണ്ടി മാത്രമുള്ള ബജറ്റെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടിയത്‌. നിയോ ലിബറൽ അജൻഡയായ ലേബർ കോഡ് വിജ്ഞാപനമടക്കം മുന്നോട്ടു കൊണ്ടുപോകുമെന്ന് ബജറ്റ് പറയുന്നുണ്ട്. കമ്പോളത്തിൽ എന്തുണ്ടായാലും അത് വാങ്ങണമെങ്കിൽ പണം വേണം. അപ്പോൾ, വരുമാനം, തൊഴിൽ, വായ്പ, പെൻഷൻ, സാമൂഹ്യ സുരക്ഷ എന്നീ കാര്യങ്ങളിൽ ഒരുറപ്പുമില്ലാത്തവർ പുറന്തള്ളപ്പെടുകയാണ്. സമൂഹത്തിൽ പൂർണമായും ഇടപഴകാൻ ആവശ്യമായ വിഭവങ്ങളും അംഗീകാരവും എല്ലാ വിഭാഗത്തിലുംപെട്ടവർക്ക് നൽകാൻ കഴിയണം. അതിന് സാധിക്കാത്ത ബജറ്റ്, ഉൾക്കൊള്ളലിന്റേതല്ല, ബഹുഭൂരിപക്ഷം ജനങ്ങളെയും പുറന്തള്ളുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home