print edition പിഎസ്സിയെ തകർക്കൽ മെറിറ്റും സാമൂഹ്യനീതിയും അപ്രസക്തമാക്കും

കേരളത്തിലെ പൊതുസമൂഹം ഏറെ അഭിമാനത്തോടെയും വിശ്വാസ്യതയോടെയും കാണുന്ന ഭരണഘടനാ സ്ഥാപനമാണ് പബ്ലിക് സർവീസ് കമീഷൻ (പിഎസ്സി). രാഷ്ട്രീയസ്വാധീനങ്ങൾക്കും അധികാരകേന്ദ്രങ്ങളുടെ ഇംഗിതങ്ങൾക്കും വഴങ്ങാതെ സുതാര്യമായും നീതിപൂർവമായും സർക്കാർ സർവീസിൽ നിയമനങ്ങൾ നടത്തുക എന്ന മഹത്തായ ഉത്തരവാദിത്വമാണ് പിഎസ്സി നിർവഹിക്കുന്നത്. സാധാരണക്കാരുടെ മക്കൾക്ക് അവരുടെ കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ സർക്കാർ സർവീസിൽ പ്രവേശിക്കാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിൽ നിലനിൽക്കുന്ന സാമൂഹ്യനീതിയുടെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രധാന അടയാളങ്ങളിലൊന്നാണ്. ഈ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുകയും നിയമനാവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ധിക്കാരപരമായ സമീപനത്തെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പിഎസ്സി വഴിയുള്ള നിയമനങ്ങൾ പരിമിതപ്പെടുത്തി പിൻവാതിൽ നിയമനങ്ങൾക്ക് വഴിയൊരുക്കാനുള്ള നീക്കം സാമൂഹ്യനീതിയോടുള്ള വെല്ലുവിളിയാണ്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യലും റാങ്ക് ലിസ്റ്റുകളുടെ എണ്ണവും പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളുടെ എണ്ണവും വെട്ടിക്കുറയ്ക്കാനുള്ള സാധ്യത പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാനുള്ള മന്ത്രിസഭാതീരുമാനം വലിയ ആശങ്ക ഉയർത്തുന്നു. സർക്കാർ സർവീസിൽ ഒഴിവുകൾ ഉണ്ടാകുമ്പോൾ അവ യഥാസമയം പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത് യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. അതിനുപകരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ കുറയ്ക്കാം, റാങ്ക് ലിസ്റ്റുകളുടെ എണ്ണം എങ്ങനെ പരിമിതപ്പെടുത്താം, പട്ടികയിൽ ഉൾപ്പെടുന്നവരുടെ എണ്ണം എങ്ങനെ വെട്ടിക്കുറയ്ക്കാം എന്നൊക്കെ ആലോചിക്കുന്നത് ഏത് പൊതുതാൽപ്പര്യത്തിന്റെ പേരിലാണെന്ന് സർക്കാർ വ്യക്തമാക്കണം. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഒരു സമൂഹത്തിൽ സർക്കാർ നിയമനാവസരങ്ങൾ ചുരുക്കുകയല്ല, വിപുലീകരിക്കുകയാണ് വേണ്ടത്. ഓരോ റാങ്ക് ലിസ്റ്റും ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകളാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയെഴുതി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഇടംനേടുന്നവരുടെ തൊഴിൽസ്വപ്നങ്ങളെ ഭരണപരമായ തീരുമാനങ്ങളെന്ന പേരിൽ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല.
യുഡിഎഫ് അധികാരത്തിൽ എത്തിയതുമുതൽ പിഎസ്-സിക്കെതിരായ പ്രചാരണങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആരോപണങ്ങൾ ഉയർത്തി, അതിന്റെ പേരിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിക്കുകയും വാർത്തകളുടെ വലിയ കോലാഹലം സൃഷ്ടിക്കുകയും ചെയ്യുന്നു. നിയമനങ്ങളിൽ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. എന്നാൽ, ചില ഒറ്റപ്പെട്ട ആരോപണങ്ങളെയോ തെളിയിക്കപ്പെടാത്ത വാർത്തകളെയോ മുൻനിർത്തി ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഒന്നാകെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. അന്വേഷണം നീതിപൂർവവും വസ്തുനിഷ്ഠവുമായിരിക്കണം, രാഷ്ട്രീയലക്ഷ്യങ്ങൾക്കുള്ള ഉപകരണമാകരുത്. അന്വേഷണത്തിന്റെ മറവിൽ പിഎസ്സിയുടെ വിശ്വാസ്യത ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനൊപ്പം നിയമനം വെട്ടിക്കുറയ്ക്കാനും ലക്ഷ്യമിടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും പിഎസ്-സി വഴിയുള്ള നിയമനം പരിമിതപ്പെടുത്തി പിൻവാതിൽ നിയമനം വ്യാപകമാക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരക്കണക്കിനാളുകളെയാണ് പിൻവാതിൽവഴി നിയമിച്ചത്. മെറിറ്റിനും സംവരണ തത്വങ്ങൾക്കും അർഹമായ പരിഗണന നൽകാതെ പിൻവാതിൽ നിയമനങ്ങൾ വ്യാപിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ അത് കേരളം ദീർഘകാലം പോരാടി നേടിയ സാമൂഹ്യനീതി സങ്കൽപ്പങ്ങളെയും അവകാശങ്ങളെയും അട്ടിമറിക്കും. പിഎസ്സിയെ ഒഴിവാക്കി നിയമനങ്ങൾ മറ്റ് വഴികളിലൂടെ നടത്തുന്നത് മെറിറ്റും സാമൂഹ്യനീതിയും ഒരുപോലെ അപകടത്തിലാക്കും. സംവരണത്തിലൂടെ പിന്നാക്കവിഭാഗങ്ങൾക്കും പട്ടികവിഭാഗങ്ങൾക്കും ഭരണസംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നത് പിഎസ്സി നിയമനങ്ങളാണ്.
മുൻ യുഡിഎഫ് ഭരണകാലങ്ങളിലെ നിയമനനിരോധനത്തിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും അനുഭവങ്ങൾ കേരളം മറന്നിട്ടില്ല. ഒഴിവുകൾ നികത്താതെ തസ്തികകൾ മരവിപ്പിക്കുകയും നിയമനനിരോധനം ഏർപ്പെടുത്തുകയും ചെയ്തതിന്റെ ദുരിതം അനുഭവിച്ചത് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ്. 2002ൽ എ കെ ആന്റണി സർക്കാർ കൊണ്ടുവന്ന നിയമനനിരോധനം തുടർന്നുവന്ന എൽഡിഎഫ് സർക്കാരാണ് നീക്കിയത്. 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരും നിയമനനിരോധനം നടപ്പാക്കി. എന്നാൽ, 2016 മുതൽ 2026 മെയ് വരെയുള്ള എൽഡിഎഫ് സർക്കാർ പിഎസ്സി വഴി 3,15,512 പേർക്കാണ് നിയമനം നൽകിയത്. പിഎസ്സിയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ഉദ്യോഗാർഥികളും യുവജനങ്ങളും തൊഴിലാളി സംഘടനകളും ജനാധിപത്യവിശ്വാസികളും ശബ്ദമുയർത്തണം. പിൻവാതിൽ നിയമനങ്ങൾക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കും ഇടംനൽകാതെ മെറിറ്റും സാമൂഹ്യനീതിയും സംരക്ഷിക്കുന്ന നിയമനസംവിധാനം നിലനിർത്തുക എന്നതാണ് കേരളത്തിന്റെ ആവശ്യം.








0 comments