മോദിയെ തൃപ്‌തിപ്പെടുത്തുന്ന കോർപറേറ്റ് പ്രീണന രേഖ

സംസ്ഥാനത്തിന്റെ ധനസ്ഥിതി വെളിപ്പെടുത്താനെന്ന പേരിൽ യുഡിഎഫ് സർക്കാർ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം, യഥാർഥത്തിൽ ജനവഞ്ചനയുടെയും സ്വകാര്യവൽക്കരണത്തിന്റെയും രാഷ്‌ട്രീയരേഖയാണ്. കേരളത്തിന്റെ ബദൽ വികസനമാതൃക തകർത്ത്, കേന്ദ്രത്തിലെ മോദിസർക്കാർ നടപ്പാക്കുന്ന കോർപറേറ്റ് പ്രീണന നയങ്ങൾ കേരളത്തിലും അടിച്ചേൽപ്പിക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ഈ രേഖയിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക അവലോകന രേഖയെന്നതിലുപരി രാഷ്‌ട്രീയപ്രഖ്യാപന പത്രമായേ ഇതിനെ കാണാനാകൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, സബ്‌സിഡികളുടെ നിയന്ത്രണം, സേവനങ്ങളുടെ യഥാർഥ ചെലവ് ജനങ്ങളിൽനിന്ന് ഈടാക്കൽ, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കൽ, കിഫ്ബിയെ ദുർബലപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങൾ പരിശോധിക്കുമ്പോൾ ഇത് കേരളത്തിനുള്ള ധവളപത്രമല്ല, മറിച്ച് കേന്ദ്രസർക്കാരിന്റെ സാമ്പത്തികപരിഷ്‌കാര അജൻഡ നടപ്പാക്കാനുള്ള രേഖയാണ്.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നതും ജീവനക്കാരെ കടന്നാക്രമിക്കുന്നതുമായ നയങ്ങളും കേരളത്തിന്റെ വയലുകളും കുന്നുകളും ഉൾപ്പെടെയുള്ള പ്രകൃതിസന്പത്ത് കുത്തകകൾക്ക് കൈമാറാനുള്ള നിർദേശങ്ങളുമാണ് ധവളപത്രത്തിലുള്ളത്. കുടിവെള്ളം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ അടിസ്ഥാനസേവനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത് ദരിദ്രർക്കുമാത്രമായി ചുരുക്കണം. സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും രേഖ ശുപാർശ ചെയ്യുന്നു. വെള്ളം, വൈദ്യുതി, യാത്രക്കൂലി എന്നിവയ്‌ക്ക് ജനങ്ങൾ ഇനി ഭീമമായ തുക നൽകേണ്ട സാഹചര്യം ഉണ്ടാക്കും. എൽപിജി സബ്‌സിഡിയുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച നയത്തിന്റെ ഫലമെന്താണെന്ന് രാജ്യം കണ്ടതാണ്. സബ്‌സിഡി എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യം ക്രമേണ ഇല്ലാതാക്കുകയും സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയരുകയും ചെയ്‌തു. അതേ മാതൃക കേരളത്തിലും നടപ്പാക്കലാണ് ഈ നിർദേശങ്ങൾക്കുപിന്നിൽ.
തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനോ പൂട്ടാനോ ഉള്ള ശുപാർശ, ബിഎസ്എൻഎൽ ഉൾപ്പെടെയുള്ളവയുടെ ഭൂമി വിൽക്കുന്ന കേന്ദ്രനയത്തിന്റെ തനിപ്പകർപ്പാണ്. ബിവറേജസ് കോർപറേഷനും സിവിൽ സപ്ലൈസും ലയിപ്പിക്കാനുള്ള നീക്കത്തിനുപിന്നിലും വൻകിട ഗൂഢതാൽപ്പര്യങ്ങളുണ്ട്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പുതിയ ദിശ നൽകിയ കിഫ്ബിക്കെതിരായ സമീപനവും ആശങ്കാജനകമാണ്. ദേശീയതലത്തിൽപ്പോലും മാതൃകയായിരുന്നു കിഫ്ബി. റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങി നിരവധി വികസനപദ്ധതികൾക്ക് കിഫ്ബി നൽകിയ സംഭാവന കേരളജനത നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. അത്തരം സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നിർദേശങ്ങൾ സംസ്ഥാനത്തിന്റെ വികസനസാധ്യതകളെ ദോഷകരമായി ബാധിക്കാനേ ഉപകരിക്കൂ.
യുഡിഎഫ് സർക്കാരിന്റെ കള്ളപ്രചാരണങ്ങളെ അവർ തയ്യാറാക്കിയ ധവളപത്രംതന്നെ പൊളിച്ചടുക്കിയിരിക്കുന്നു. വി ഡി സതീശൻ നിരന്തരം ആരോപിച്ചതുപോലെ "പൂച്ച പെറ്റുകിടക്കുന്ന ഖജനാവാ’യിരുന്നില്ല കേരളത്തിലേതെന്ന് ഇപ്പോൾ തെളിഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത സാമ്പത്തിക ദുരവസ്ഥയുടെ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് 2026 മാർച്ചിൽ ഖജനാവിൽ 6322 കോടി രൂപയുടെ നീക്കിയിരിപ്പുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നത്. വായ്‌പനിയന്ത്രണങ്ങളും ജിഎസ്ടി നഷ്‌ടപരിഹാരം അവസാനിപ്പിച്ചതും അടക്കമുള്ള കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തികസമ്മർദങ്ങൾക്കിടയിലും കേരളത്തിന്റെ ധന മാനേജ്മെന്റ് തകർന്നിരുന്നില്ലെന്നതിന് തെളിവാണിത്. തെരഞ്ഞെടുപ്പുകാലത്ത് നുണ പറയുകയായിരുന്നുവെന്നും വ്യക്തമായിരിക്കുന്നു. സർക്കാരിന്റെ ചെലവിൽ 77 ശതമാനവും ശമ്പളത്തിനും പെൻഷനുമായാണ് വിനിയോഗിക്കുന്നതെന്ന് ആവർത്തിക്കുന്നത്, ഭാവിയിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരാനുള്ള വ്യക്തമായ സൂചനയാണ്. കേരളത്തിന്റെ ധനപ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രത്തിന്റെ വിവേചനപരമായ സാമ്പത്തികനയങ്ങളാണ്. ജിഎസ്ടി നഷ്‌ടപരിഹാരം നിർത്തലാക്കൽ, ജിഎസ്‌ടി ഏകീകരണം, വായ്‌പപരിധി വെട്ടിക്കുറച്ചത്, ഗ്രാന്റുകളുടെ സ്വഭാവം മാറ്റിയത് എന്നിവ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയെന്ന കാര്യം രേഖ തുറന്നുപറയുന്പോഴും കേന്ദ്രസർക്കാരിനെ വിമർശിക്കാനോ ഇൗ നയം തിരുത്തണമെന്നു പറയാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.
ഈ ധവളപത്രത്തിന്റെ ഉള്ളടക്കത്തേക്കാൾ ഗുരുതരമായ വിഷയമാണ് അത് തയ്യാറാക്കിയ രീതിയെക്കുറിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾ. ധനവകുപ്പിനെ ഒഴിവാക്കി സർക്കാർ സംവിധാനത്തിന് പുറത്തുള്ള മൂന്നംഗസമിതിയെ ചുമതലപ്പെടുത്തി രേഖ തയ്യാറാക്കിയെന്ന ആരോപണം നിസ്സാരമായി കാണാനാകില്ല. സംസ്ഥാനത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള സാമ്പത്തികവിവരങ്ങൾ ഔദ്യോഗികസംവിധാനത്തിന് പുറത്തുള്ളവർക്ക് കൈമാറിയെന്ന വിമർശം ഗൗരവത്തോടെ പരിശോധിക്കണം. മുൻകാലങ്ങളിലെ എല്ലാ ധവളപത്രങ്ങളും ധനവകുപ്പുതന്നെയാണ് തയ്യാറാക്കിയിരുന്നത്.
ധവളപത്രം സാധാരണയായി വസ്‌തുതകളുടെ അടിസ്ഥാനത്തിലുള്ള നയരേഖയായിരിക്കണം. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ച രേഖയിൽ രാഷ്‌ട്രീയലക്ഷ്യങ്ങളും ആശയപരമായ മുൻവിധികളും വ്യക്തമായി കാണാം. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതുപോലെ ഇതിന് ഔദ്യോഗിക ധവളപത്രത്തേക്കാൾ "പൊളിറ്റിക്കൽ ഡോക്യുമെന്റ്’ എന്ന വിശേഷണമാണ് കൂടുതൽ ചേരുക. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവെല്ലുവിളികൾ യാഥാർഥ്യമാണ്. എന്നാൽ, അതിനുള്ള പരിഹാരം പൊതുമേഖലയെ ദുർബലപ്പെടുത്തലോ ജനക്ഷേമപദ്ധതികളെ ചുരുക്കലോ അല്ല. ഫെഡറൽ അവകാശങ്ങൾ സംരക്ഷിച്ചും കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം നേടിയെടുത്തും ഉൽപ്പാദന -സേവന മേഖലകളെ ശക്തിപ്പെടുത്തിയും പൊതുമേഖലയെ നവീകരിച്ചും ക്ഷേമപദ്ധതികൾ വിപുലപ്പെടുത്തിയും എല്ലാവരെയും ചേർത്തുപിടിച്ചുമാണ് മുന്നോട്ടുപോകേണ്ടത്. കേരളത്തിന്റെ വികസനപാതയെ മോദിസർക്കാരിന്റെ നവഉദാര, കോർപറേറ്റ് നയ മാതൃകയിലാക്കാനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയും. ധവളപത്രത്തിലെ ഈ ‘മോദിഫിക്കേഷൻ’ അതുകൊണ്ടുതന്നെ ഗൗരവമായ പൊതുചർച്ചയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്.










0 comments