ഭരണഘടനാപ്രശ്‌നത്തിൽ വ്യക്തത വരുത്താതെ ഭരണഘടനാ ബെഞ്ച്‌

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Nov 21, 2025, 12:00 AM | 2 min read


ഭരണഘടനയുടെ അന്തസ്സത്ത പൂർണമായും ഉയർത്തിപ്പിടിച്ച്‌ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ നിശ്ചിത സമയപരിധിക്കകം ഗവർണർമാർ തീരുമാനമെടുക്കണമെന്ന ചരിത്രപരമായ വിധിയായിരുന്നു 2025 ഏപ്രിൽ എട്ടിന്‌ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽനിന്ന്‌ ഉണ്ടായത്‌. ഭരണഘടനയിൽ പറഞ്ഞിരുന്ന കാര്യങ്ങളെയും വാക്കുകളെയും വ്യക്തമായ ഭാഷയിൽ നിർവചിച്ചുകൊണ്ട്‌ ജനാധിപത്യ ഭരണസംവിധാനങ്ങൾക്ക് പ്രതീക്ഷയേകുന്നതും ഫെഡറലിസത്തിനും ശക്‌തി പകരുന്നതുമായിരുന്നു ആ വിധി.


നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതകാലം പിടിച്ചുവയ്‌ക്കുന്ന ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും നിയമവിരുദ്ധനടപടികൾക്ക്‌ അവസാനമിടുകയായിരുന്നു ഇതിലൂടെ. ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന്‌ വ്യക്തമാക്കിയതോടൊപ്പം ബില്ലിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഭരണഘടന നിലവിൽ വന്നതുമുതൽ നിലനിൽക്കുന്ന അവ്യക്തതയായിരുന്നു ഈ വിധിയിലൂടെ തീർപ്പാക്കിയത്‌. ചരിത്രപരമായ ഇ‍ൗ വിധിയെ അന്നുമുതൽതന്നെ കേന്ദ്രസർക്കാരും ബിജെപിയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ വിധിയിലെ ചില നിയമപ്രശ്‌നങ്ങളെപ്പറ്റി രാഷ്ട്രപതി ദ്ര‍ൗപദി മുർമു ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്‌. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്നും ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നുമാണ്‌ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.


ആർട്ടിക്കിൾ 143 പ്രകാരമുള്ള സുപ്രീംകോടതിയുടെ ഉപദേശക അധികാരപരിധി 1935-ലെ ഗവൺമെന്റ്‌ ഓഫ് ഇന്ത്യ ആക്ടിന്റെ ഒരു അവശിഷ്ടമാണ്. ഇതുപ്രകാരം, രാഷ്ട്രപതിക്ക് പൊതുപ്രാധാന്യമുള്ള ഏതൊരു നിയമപ്രശ്നമോ വസ്തുതയോ സുപ്രീംകോടതിയുടെ അഭിപ്രായത്തിനായി റഫർ ചെയ്യാം. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി റഫറൻസ്‌ നടത്തുന്നത്. ഭരണഘടനയുടെ അനുച്ഛേദം 200, 201 പ്രകാരം ബില്ലുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌, ജസ്റ്റിസുമാരായ സൂര്യകാന്ത്‌, വിക്രംനാഥ്‌, പി എസ്‌ നരസിംഹ, എ എസ്‌ ചന്തുർകർ എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായം ആശങ്ക സൃഷ്ടിക്കുന്നതാണ്‌. തീർപ്പാക്കിയ പ്രശ്‌നത്തിൽ വീണ്ടും അവ്യക്തത സൃഷ്ടിച്ചിരിക്കുകയാണ്‌ ഇതിലൂടെ. ഭരണഘടനയിലെ വാക്കുകളെ ദുർവ്യാഖ്യാനിക്കുന്ന സർക്കാരാണ്‌ രാജ്യത്തിന്റെ ഭരണം കൈയാളുന്നത്‌. സുപ്രീംകോടതിയുടെ ഇ‍ൗ അഭിപ്രായപ്രകടനത്തെയും ദുർവ്യാഖ്യാനം ചെയ്യാനുള്ള സാധ്യത ഏറെയാണ്‌.


ഗവർണർമാരെ ഉപയോഗിച്ച്‌ പ്രതിപക്ഷസംസ്ഥാനങ്ങളിൽ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കാൻ വീണ്ടും കേന്ദ്രസർക്കാരിന്‌ അവസരമൊരുക്കുകയാണ്‌ ഇ‍ൗ അഭിപ്രായപ്രകടനത്തിലൂടെ. ബില്ലുകൾ ഒപ്പിടാൻ ഭരണഘടന നിശ്ചിതസമയം പറഞ്ഞിട്ടില്ലെന്ന വാദമാണ്‌ രാഷ്ട്രപതിയുടെ റഫറൻസിനുള്ള വാദത്തിനിടെ കേന്ദ്രസർക്കാർ ഉന്നയിച്ചത്‌. കേന്ദ്രസർക്കാരിന്റെ വാദത്തെ അംഗീകരിക്കുന്ന രീതിയിലുള്ള സമീപനമാണ്‌ കോടതിയിൽനിന്ന്‌ ഉണ്ടായത്‌. ഇത്‌ ഫെഡറലിസത്തെയും ജനാധിപത്യത്തെയും ശക്‌തിപ്പെടുത്തുന്നതിന്‌ സഹായകമല്ല. നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ അനാവശ്യമായ കാലതാമസം വരുത്തുക, ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നൊക്കെയുള്ളതിന്‌ അഞ്ചംഗ ബെഞ്ച്‌ ഒരു പരിഹാരവും മുന്നോട്ടുവയ്‌ക്കുന്നില്ല. ഇത്‌ നിലവിലെ സാഹചര്യത്തിൽ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിക്കുന്നതാണ്‌.


തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശപ്രകാരമായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും മറ്റൊരു അധികാരകേന്ദ്രമായി മാറരുതെന്നും മുന്പ്‌ പലതവണ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇക്കാര്യങ്ങൾ വ്യാഴാഴ്‌ചയും കോടതി എടുത്തുപറയുന്നുണ്ട്‌. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവയ്‌ക്കുന്നത് ശരിയല്ല. അത്‌ ഫെഡറലിസത്തിനും ജനാധിപത്യതാൽപ്പര്യത്തിനും എതിരാണെന്ന്‌ കോടതി ആവർത്തിക്കുന്നുണ്ട്‌. അംഗീകരിക്കാത്ത ബില്ലുകൾ ഗവർണറുടെ അഭിപ്രായത്തോടെ നിയമസഭയ്‌ക്ക്‌ തിരിച്ചയക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ അനിശ്ചിതകാലം തടഞ്ഞുവയ്‌ക്കാനാകില്ല.


കാരണമില്ലാതെ ബില്ലുകൾ തടഞ്ഞുവച്ചാൽ സംസ്ഥാനങ്ങൾക്ക്‌ കോടതിയെ സമീപിക്കാമെന്ന്‌ അഭിപ്രായപ്പെട്ടതിലൂടെ ഗവർണർമാരുടെ നടപടികൾ ഒരുപരിധിവരെ ജുഡീഷ്യൽ റിവ്യൂവിന്‌ ബാധകമാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്‌ പൂർണമായ പരിരക്ഷ ലഭിക്കുന്നില്ല. ബില്ലുകൾ പിടിച്ചുവച്ചതിന്റെ പേരിൽ ഗവർണർമാർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചാലും ബില്ലിന്‌ അംഗീകാരം നൽകണമെന്ന്‌ നിർദേശിക്കാനല്ലാതെ ഉത്തരവിടാൻ കഴിയില്ലെന്നും ഭരണഘടനാ ബെഞ്ച്‌ സൂചിപ്പിച്ചിട്ടുണ്ട്‌. ഫലത്തിൽ തമിഴ്‌നാട്‌ കേസിലെ വിധിയെയും സുപ്രീംകോടതി മുന്പ്‌ പുറപ്പെടുവിച്ച വിധികളെയും പാടേ നിരാകരിച്ചുള്ള അഭിപ്രായപ്രകടനമാണ്‌ ഇപ്പോൾ നടത്തിയിരിക്കുന്നത്‌. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഭരണഘടനാപ്രശ്‌നങ്ങൾക്ക്‌ സ്ഥിരമായി പരിഹാരം കാണുന്നതിനുപകരം, പ്രശ്‌നത്തെ വീണ്ടും സങ്കീർണമാക്കി നിലനിർത്തുകയാണ്‌ ഇതിലൂടെ കോടതി.



deshabhimani section

Related News

View More
0 comments
Sort by

Home