ad
Deshabhimani

കോൺഗ്രസ്‌ മറുപടി പറഞ്ഞേ തീരൂ

edit
വെബ് ഡെസ്ക്

Published on Jan 03, 2026, 12:00 AM | 2 min read


ശബരിമലയിലെ സ്വർണമോഷണ കേസിലെ പ്രധാന പ്രതികൾക്ക്‌ കോൺഗ്രസ്‌ നേതാക്കളുമായുള്ള ബന്ധവും അന്വേഷണം അവരിലേക്ക്‌ നീങ്ങുമെന്ന സാഹചര്യവുമാണ്‌ ഇപ്പോൾ പൊതുസമൂഹത്തിലെ പ്രധാന ചർച്ച. കോൺഗ്രസ്‌ അകപ്പെട്ടിരിക്കുന്ന ഇ‍ൗ പ്രതിസന്ധിയെ പ്രതിരോധിക്കാനാകാതെ പരിഭ്രാന്തിപൂണ്ട നേതാക്കൾ പ്രത്യേക അന്വേഷകസംഘത്തിനെതിരെ ആരോപണമുന്നയിച്ച്‌ രക്ഷപ്പെടാനാകുമോ എന്ന പരീക്ഷണത്തിലാണ്‌.


ശബരിമലയിലെ സ്വർണം കട്ടെടുത്ത ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും വാങ്ങിയ ഗോവർധനെയും ഒരുമിച്ച്‌ സോണിയ ഗാന്ധിയുടെ വസതിയിൽ കയറ്റിയത്‌ ആരാണെന്നും എന്തിനാണെന്നും കോൺഗ്രസ്‌ നേതാക്കളാണ്‌ മറുപടി പറയേണ്ടത്‌ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോട്‌ പ്രതികരിക്കാൻ കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. പ്രത്യേക അന്വേഷകസംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്വാധീനിക്കുന്നുവെന്ന്‌ ആരോപണമുന്നയിച്ച്‌ രക്ഷപ്പെടാനുള്ള നീക്കത്തിനും മുഖ്യമന്ത്രി മറുപടി കൊടുത്തിട്ടുണ്ട്‌. ‘ഉത്തരമില്ലാതാകുന്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. അന്വേഷകസംഘത്തിന്‌ പലരിൽനിന്നും വിവരങ്ങൾ എടുക്കേണ്ടിവരും. വ്യക്തത വരുത്തേണ്ടിവരും. അവരാണ്‌ ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന്‌ തീരുമാനിക്കുന്നത്‌. ആരോടും അത്‌ മുൻകൂട്ടി പറയാറുമില്ല.


പ്രതിപക്ഷനേതാവാണ്‌ അത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്‌. അദ്ദേഹം അറിഞ്ഞില്ല എന്നതിൽ പരിഭവിച്ചത്‌. എന്തിനാണത്‌. പ്രതിപക്ഷനേതാവിനെ അന്വേഷകസംഘം മുൻകൂട്ടി വിവരങ്ങൾ അറിയിക്കാറുണ്ടോ. അന്വേഷകസംഘം സ്വതന്ത്രമായി പ്രവർത്തിക്കട്ടെ.’ എന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്‌തു.


ശബരിമല സ്വർണമോഷണ കേസ്‌ അന്വേഷിക്കാൻ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) വേണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിലാകണം അന്വേഷണമെന്നുമാണ്‌ സംസ്ഥാന സർക്കാർ തുടക്കംമുതൽ സ്വീകരിച്ച നിലപാട്‌. ഹൈക്കോടതിയും ഇത്‌ അംഗീകരിച്ച്‌ എസ്‌ഐടിയെ നിയോഗിച്ചതോടെ അന്വേഷണം പുരോഗമിക്കുകയാണ്‌. എസ്‌ഐടി തുടർച്ചയായി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട്‌ വിശകലനം ചെയ്‌ത്‌ ഹൈക്കോടതി തൃപ്‌തി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.


അന്വേഷകസംഘത്തിന്‌ ജോലിഭാരം കൂടുതലാണെന്ന്‌ ബോധ്യപ്പെട്ടതിനെ തുടർന്ന്‌ രണ്ടുപേരെക്കൂടി അതിൽ ഉൾപ്പെടുത്തിയതും ഹൈക്കോടതിയാണ്‌. കൂടുതൽ ഫലപ്രദമായി കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാനാണ്‌ അന്വേഷകസംഘം വിപുലീകരിക്കുന്നതെന്ന്‌ ഡിവിഷൻ ബെഞ്ച്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടക്കത്തിൽ അന്വേഷണത്തിൽ തൃപ്‌തി രേഖപ്പെടുത്തിയിരുന്ന പ്രതിപക്ഷനേതാവും യുഡിഎഫും പ്രതികളുമായി കോൺഗ്രസ്‌ നേതാക്കൾക്കുള്ള ബന്ധം പുറത്തുവന്നതോടെ അന്വേഷകസംഘത്തിന്‌ എതിരെ തിരിഞ്ഞിരിക്കുകയാണ്‌. സത്യം പുറത്തുവരരുതെന്നും അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്‌ടിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുവരെ വിഷയം സജീവമായി നിലനിർത്തി രാഷ്‌ട്രീയലാഭം കൊയ്യാനാകുമോ എന്നുമുള്ള ദുഷ്‌ടലാക്കുമാത്രമാണ്‌ യുഡിഎഫിനുള്ളത്‌.


സ്വർണം മോഷ്‌ടിച്ച കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും, കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്കും യുഡിഎഫ്‌ കൺവീനറും എംപിയുമായ അടൂർ പ്രകാശിനും പത്തനംതിട്ട എംപി ആന്റോ ആന്റണിക്കുമൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്‌. ഇവർ സോണിയ ഗാന്ധിയെ പലതവണ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചെന്നാണ്‌ പുറത്തുവരുന്ന വിവരം. സന്ദർശിച്ചിട്ടുണ്ട്‌ എന്ന്‌ പോറ്റിയും അന്വേഷകസംഘത്തോട്‌ സമ്മതിച്ചതായാണ്‌ വിവരം. എന്നാൽ, കോൺഗ്രസ്‌ നേതാക്കൾ ഇതേക്കുറിച്ച്‌ മിണ്ടുന്നില്ല.


ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും ഗോവർധനും ചെന്നൈയിലെ സ്‌മാർട്ട്‌ ക്രിയേഷൻസ്‌ സിഇഒ പങ്കജ്‌ ഭണ്ഡാരിയുമൊക്കെ കോൺഗ്രസ്‌ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നതിനും കോൺഗ്രസിന്‌ മറുപടിയില്ല. 2004ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത്‌ യുഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെയാണെന്ന കാര്യവും കോൺഗ്രസിന്‌ നിഷേധിക്കാനാകില്ല. അതീവസുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സംഘവും എത്തിയത്‌ എന്തിനാണ്‌. ആരുടെ സഹായത്താലാണ്‌. ഇതിനൊക്കെ മറുപടി പറയാൻ പോറ്റിയെ കൊണ്ടുനടന്നവർക്ക്‌ ബാധ്യതയുണ്ട്‌. യുഡിഎഫ്‌, കോൺഗ്രസ്‌ നേതൃത്വവും പ്രതിപക്ഷനേതാവും ഇക്കാര്യത്തിൽ മറുപടിപറഞ്ഞേ തീരൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home