വിശ്വസിക്കുന്ന പ്രവർത്തകരെയും ചതിക്കുന്ന കോൺഗ്രസ്

‘ഞങ്ങളുടെ ജീവിതം കോൺഗ്രസ് തകർത്തു, കുടുംബം തകർന്നു. പണം ചോദിച്ച് പലരും വീട്ടിൽ വരുന്നു. ഇവരോടൊക്കെ എന്തു മറുപടി പറയണമെന്നറിയില്ല. ഞങ്ങളും മരിച്ചാലാണോ കോൺഗ്രസ് കണ്ണു തുറക്കുക’– വയനാട് പുൽപ്പള്ളിയിലെ കോൺഗ്രസ് കുടുംബത്തിലെ സ്‌ത്രീയുടെ വിലാപമാണിത്. ഇതിൽ സങ്കടവും കണ്ണീരും അതിലുപരി, വിശ്വസിച്ചിട്ടും ചതിച്ച പാർടിയോടുള്ള അടങ്ങാത്ത പ്രതിഷേധവുമുണ്ട്.
കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയ ബാങ്ക് നിയമനക്കേസിൽ കുടുങ്ങി, ജീവനൊടുക്കേണ്ടിവന്ന വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയുടെ ഇൗ വാക്കുകൾ ഒരു കോൺഗ്രസ് നേതാവിന്റെയും കണ്ണു തുറപ്പിച്ചിട്ടില്ല. വിജയനും ഭിന്നശേഷിക്കാരനായ മകൻ ജിജേഷും ആത്മഹത്യചെയ്‌തത് 2024 ഡിസംബർ 24ന് ആണ്. തന്നെ ചതിച്ച നേതാക്കളുടെ പേരുകൾ ആത്മഹത്യാകുറിപ്പിൽ അദ്ദേഹം എഴുതിവച്ചിരുന്നു. കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവർ പ്രതികളാണ്. മുതിർന്ന നേതാവിന്റെ മരണത്തിന് കാരണക്കാരായ ഇവർ ഇപ്പോഴും പദവികളിൽ തുടരുന്നു. ഒരു വിശദീകരണംപോലും ഇവരോട് നേതൃത്വം ചോദിച്ചില്ല. അതാണ് കോൺഗ്രസ്. ഇതേ വിജയന്റെ മരുമകൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയിലാണ്. എന്നിട്ടും കോൺഗ്രസിന്റെ ഏതെങ്കിലും നേതാവിന് ഇതിലൊരു വികാരവുമില്ല. പ്രിയങ്ക ഗാന്ധി എംപി വയനാട്ടിൽ ഉണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ല.
കോൺഗ്രസിലെ തമ്മിലടിയും ചതിയും കാരണം വയനാട്ടിൽമാത്രം ജീവനൊടുക്കിയത് അഞ്ചുപേരാണ്. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന പി വി ജോൺ ആത്മഹത്യ ചെയ്‌തത് കോൺഗ്രസ് ഓഫീസിൽത്തന്നെയാണ്. തെരഞ്ഞെടുപ്പിൽ സ്വന്തം പാർടിക്കാർ കാലുവാരിയതിനാൽ നാലാം സ്ഥാനത്തായതിന്റെ മനോവിഷമമായിരുന്നു അദ്ദേഹത്തെ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. പുൽപ്പള്ളിയിലെതന്നെ രാജേന്ദ്രൻ നായർ, കഴിഞ്ഞ ദിവസം മരിച്ച പഞ്ചായത്തംഗം ജോസ് നെല്ലേടം, പിന്നെ എൻ എം വിജയനും മകനുമാണ് മറ്റുള്ള ഇരകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ കാണാം. തിരുവനന്തപുരത്ത് മുണ്ടേല രാജീവ്‌ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിന്റെ തട്ടിപ്പിനിരയായി മനോരമയുടെ പ്രാദേശിക ലേഖകനും കോൺഗ്രസ് നേതാവുമായ ആനാട് ശശി ജീവനൊടുക്കിയത് അടുത്തിടെയാണ്. ഇതേ സംഘത്തിന്റെ പ്രസിഡന്റായിരുന്ന മുണ്ടേല മോഹനനും ആത്മഹത്യചെയ്‌തു. കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണത്തിനിടയാക്കിയത് കോൺഗ്രസ് നേതാക്കളുടെ അപവാദപ്രചാരണമാണെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത് അദ്ദേഹത്തിന്റെ മകളാണ്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ കരാറുകാരനായ ജോസഫ് മുതുപാറക്കുന്നേൽ ജീവനൊടുക്കിയത് കോൺഗ്രസ് ഉടമസ്ഥതയിലുള്ള കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടം നിർമിച്ച വകയിലുള്ള 1.34 കോടി ലഭിക്കാതെ കടക്കെണിയിലായപ്പോഴാണ്. ഇദ്ദേഹത്തിന്റെ മകൻ, അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എഴുതിയ തുറന്നകത്തിൽ പറഞ്ഞത്: ‘കോൺഗ്രസ് നേതാക്കൾ എന്റെ പപ്പയെ ഇല്ലാതാക്കി’ എന്നാണ്.
ചതിയുടെയും വഞ്ചനയുടെയും കാലുവാരലിന്റെയും ഗ്രൂപ്പുപോരിന്റെയും ഇരകളായി നിസ്സഹായരായി ജീവിതം മതിയാക്കിയവരെ കൂടാതെ കോൺഗ്രസ് തമ്മിലടിയിൽ ജീവൻ നഷ്ടപ്പെട്ട നേതാക്കളും പ്രവർത്തകരുമുണ്ട്. മട്ടന്നൂർ പഴശിരാജ കോളേജിലെ സ്‌റ്റുഡന്റ് എഡിറ്ററും കെഎസ്‌യു നേതാവുമായിരുന്ന പുതിയവീട്ടിൽ ബഷീറിനെ കോളേജ് കാന്റീന് മുന്നിലിട്ട് വിറകുകൊള്ളികൊണ്ട് അടിച്ചുകൊന്നത് ഒരുകൂട്ടം കെഎസ്‌യുക്കാർതന്നെയാണ്. തൃശൂരിലെ കോൺഗ്രസ് നേതാക്കളായിരുന്ന മധു ഇൗച്ചരത്ത്, ലാൽജി കൊള്ളന്നൂർ, എ സി ഹനീഫ എന്നിവർ ഗ്രൂപ്പുപോരിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ടവരാണ്. രാഷ്‌ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവരെ കൊലപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നതു കൂടാതെയാണ് ഒരേ കൊടിപിടിക്കുന്നവരുടെയും ജീവിതവും ജീവനും തകർക്കുന്നത്. കോൺഗ്രസിന്റെ ചരിത്രമെഴുതിയ സ്വാതന്ത്ര്യസമര സേനാനിയായ കണ്ണൂരിലെ മൊയാരത്ത് ശങ്കരനെ ക്രൂരമായി തല്ലിക്കൊന്നതിന്റെ പാപഭാരം പേറുന്ന കോൺഗ്രസിൽനിന്ന് ഇതിനപ്പുറമൊന്നും സമൂഹത്തിന് പ്രതീക്ഷിക്കാനില്ല.
ഭാവിയിലേക്കുള്ള വാഗ്‌ദാനമെന്ന നിലയിൽ കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമാക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ലൈംഗികാതിക്രമ പരാതികളിൽപ്പോലും കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. പ്രമുഖ കോൺഗ്രസ് നേതാവിന്റെ കുടുംബത്തിനുൾപ്പെടെ ദുരനുഭവമുണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടായിരുന്നു. അഭിപ്രായം പറയുന്ന വനിതാ നേതാക്കളെപോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ വെട്ടുകിളിക്കൂട്ടങ്ങൾ പറക്കുന്നുണ്ട്. നാണക്കേടുകൊണ്ട് തലയുയർത്താൻ കഴിയാത്തവിധത്തിൽ സാധാരണ പ്രവർത്തകർ എത്തിനിൽക്കുന്നു. രാഷ്‌ട്രീയ പാർടി എന്ന നിലയിൽ ഒരു ഉത്തരവാദിത്വവും നിർവഹിക്കാതെ സ്വന്തം പ്രവർത്തകരുടെ ജീവൻ കവരുന്ന രാഷ്‌ട്രീയവഞ്ചനയുടെ രൂപമായിരിക്കുന്നു കോൺഗ്രസ്.










0 comments