ad
Deshabhimani

​ കോഴക്കൂട്ടമായി കോൺഗ്രസ് ജനാധിപത്യത്തിന് ഭീഷണി

Deshabhimani Editorial
വെബ് ഡെസ്ക്

Published on Apr 02, 2026, 12:01 AM | 2 min read

സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്രനാരായണനും ഇ‍ൗ രാജ്യം തന്റേതാണെന്നും ഭരണത്തിൽ തനിക്ക്‌ പങ്കുണ്ടെന്നും തോന്നാത്തിടത്തോളം കാലം ജനാധിപത്യവും സ്വരാജും പൂവണിയില്ലെന്ന്‌ പറഞ്ഞത്‌ രാഷ്‌ട്രപിതാവാണ്‌. ജനാധിപത്യമെന്നാൽ കേവലം വോട്ട് രേഖപ്പെടുത്തുന്ന ചടങ്ങുമാത്രമല്ല, അത് ജനങ്ങളുടെ ഇച്ഛാശക്തി ഭരണത്തിൽ പ്രതിഫലിക്കുന്ന ജീവിതരീതികൂടിയാണ്‌. ജനാധിപത്യം അർഥവത്താകുന്നത്, അത് താഴെത്തട്ടിലുള്ള മനുഷ്യരുടെ ശബ്ദത്തിന് മുൻഗണന നൽകുമ്പോഴാണ്. എന്നാൽ, അരനൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച കോൺഗ്രസ്‌ ജനശബ്ദത്തെ അടിച്ചമർത്താനും വിലയ്‌ക്കെടുക്കാനുമാണ്‌ ശ്രമിച്ചത്‌. അതിന്റെ ദുരന്തംകൂടിയാണ്‌ ജനാധിപത്യത്തിന്‌ വില കൽപ്പിക്കാത്ത കപട ദേശസ്‌നേഹികളായ ഫാസിസ്റ്റുകളുടെ കൈയിലേക്ക്‌ രാജ്യം വീഴാനിടയാക്കിയത്‌. ഒരു വ്യാഴവട്ടം പ്രതിപക്ഷത്തിരുന്നിട്ടും കോൺഗ്രസ്‌ പക്ഷേ, കാലം നൽകിയ പാഠം പഠിച്ചില്ലെന്നത്‌ അതിലേറെ പരിതാപകരം. ഭരണത്തിലിരുന്ന്‌ കൈക്കലാക്കിയിരുന്ന അഴിമതിപ്പണം കിട്ടാതായപ്പോൾ അവർ ഇന്ന്‌ ഒരുപടികൂടി കടന്ന്‌ ജനപ്രതിനിധികളാകേണ്ട സ്ഥാനാർഥികളെ തീരുമാനിക്കാൻ ലേലം വിളിക്കുകയാണ്‌. ഹരിയാനയ്‌ക്കുപുറമെ ബിഹാറിൽനിന്നുകൂടി വരുന്ന സീറ്റ്‌ കോഴ വിവാദങ്ങൾ കോൺഗ്രസ്‌ ചെന്നുപെട്ടിരിക്കുന്ന അപചയത്തിന്റെ ആഴമാണ്‌ ബോധ്യപ്പെടുത്തുന്നത്‌.


​ഹരിയാനയിലെ സീറ്റ്‌ കച്ചവട വിവാദത്തിനുപിന്നാലെ ബിഹാറിലും നിയമസഭാ സീറ്റിന്‌ നേതാക്കൾ കോടികൾ വാങ്ങിയതായാണ്‌ പുതിയ പരാതി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അതിദയനീയ പ്രകടനത്തിന്‌ കാരണം കോടികൾ കൈപ്പറ്റിയുള്ള സീറ്റ്‌ കച്ചവടമാണെന്നും അതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ നേതാക്കൾതന്നെയാണ്‌ ഹൈക്കമാൻഡിന്‌ പരാതി നൽകിയത്‌. 2025 നവംബറിൽ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുപിന്നാലെ ഡൽഹിയിൽ ചേർന്ന എഐസിസി വിലയിരുത്തൽ യോഗത്തിൽത്തന്നെ ഇവർ സീറ്റ്‌ കച്ചവടത്തെക്കുറിച്ച്‌ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ഹൈക്കമാൻഡ്‌ നടപടിയെടുത്തില്ല. ബിഹാറിൽ ആർജെഡിയോട്‌ വിലപേശി വാങ്ങിയ 61 സീറ്റിൽ മത്സരിച്ച പാർടി ജയിച്ചത്‌ ആറ്‌ സീറ്റിൽമാത്രം. കൈയിലുണ്ടായിരുന്ന 13 സീറ്റ്‌ നഷ്ടപ്പെട്ടു. ഒരു സീറ്റിന്‌ ഏഴുകോടിവരെ കൈപ്പറ്റിയാണ്‌ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ തീരുമാനിച്ചതെന്നാണ്‌ വിവരം.


ഹരിയാനയിലെ കോഴവിവാദം കത്തിപ്പടർന്നതോടെയാണ്‌ ബിഹാറിലെ പരാതിക്കും പുതുജീവൻ വച്ചത്‌. ഹരിയാനയിൽ നിയമസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ കോൺഗ്രസിന്റെ അഖിലേന്ത്യ നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും അവരുടെ സ്റ്റാഫ്‌ അംഗങ്ങളും ചേർന്ന്‌ ഏഴുകോടി തട്ടിയെന്നാണ്‌ പരാതി. ഹരിയാനയിലെ മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായിരുന്ന സുചിത്രാദേവിയുടെ ഭർത്താവ്‌ ഗ‍ൗരവ്‌കുമാറാണ്‌ ഇതുസംബന്ധിച്ച പരാതി നൽകിയത്‌. ഗ‍ൗരവ്‌കുമാറിന്റെ പരാതിയിൽ ഡൽഹി പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. ഇതിൽ പണം വാങ്ങിയെന്ന്‌ തെളിഞ്ഞ പ്രിയങ്ക ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും പിഎമാരെ മാറ്റിനിർത്തിയതുതന്നെ കുറ്റം കോൺഗ്രസ്‌ സമ്മതിച്ചതിനു തുല്യമാണ്‌. കൊടും കോഴയുടെ ഉത്തരവാദിത്വം മുഴുവൻ പാവം പിഎമാരുടെ തലയിൽ ചുമത്തി രക്ഷപ്പെടാനുള്ള നേതാക്കളുടെ ശ്രമമാണിതെന്ന്‌ വ്യക്തം. പണം വാങ്ങിയെന്ന്‌ സമ്മതിച്ച കൊടിക്കുന്നിൽ സുരേഷ്‌ അത്‌ തിരിച്ചുനൽകിയതായാണ്‌ അവകാശപ്പെട്ടത്‌.


​ഹരിയാനയിലും ബിഹാറിലും മാത്രമല്ല, രാജസ്ഥാനിലും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലുംവരെ സീറ്റിനായി നേതാക്കൾ പണം വാങ്ങിയെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. എന്തിന്‌ മഹാരാഷ്‌ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽപ്പോലും സ്ഥാനാർഥികളിൽനിന്ന്‌ പണം വാങ്ങിയതായി അശോക്‌ ചവാനെതിരെ പരാതിയുണ്ട്‌. കോൺഗ്രസ്‌ ഹൈക്കമാൻഡുമുതൽ താഴെത്തട്ടുവരെയുള്ള സംവിധാനങ്ങൾ പണക്കൊഴുപ്പിന്റെ പിടിയിൽ അമർന്നുവെന്നാണ്‌ ഇതെല്ലാം വെളിപ്പെടുത്തുന്നത്‌. ഒരു രാഷ്ട്രീയപാർടി അതിന്റെ സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത് അവരുടെ പ്രവർത്തനശേഷിയും ജനപിന്തുണയും നോക്കിയായിരിക്കണം. എന്നാൽ, കോൺഗ്രസിൽ കാര്യങ്ങൾ നിശ്ചയിക്കുന്നത് പണപ്പെട്ടികളാണെന്നാണ്‌ ഇവ തെളിയിക്കുന്നത്‌. ഏറ്റവും കൂടുതൽ പണം നൽകുന്നവന് സീറ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ കൂപ്പുകുത്തിയിരിക്കുന്നു. ആദർശങ്ങളെയും രാഷ്ട്രീയമൂല്യങ്ങളെയും കുഴിച്ചുമൂടി പണത്തിനുപിന്നാലെ പായുന്ന കച്ചവടക്കാരുടെ സംഘമായി കോൺഗ്രസ് മാറി.


​ഇവിടെ പ്രതിസ്ഥാനത്ത്‌ നിൽക്കുന്നത്‌ കേരളത്തിലെ രണ്ട്‌ എംപിമാരാണ്‌. എന്നിട്ടും മലയാളമാധ്യമങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന മ‍ൗനമാണ്‌ അതിലേറെ ആശ്ചര്യം. കേരളത്തിലും കോൺഗ്രസിന്റെ കാര്യം വ്യത്യസ്‌തമല്ല. പൊതുജനങ്ങളിൽനിന്ന്‌ കൈനീട്ടിവാങ്ങുന്ന പണം നേതാക്കൾ തിരിമറി നടത്തിയതിന്റെ ഒട്ടേറെ കഥകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. കെ കരുണാകരൻ സ്‌മാരകം നിർമിക്കാനെന്ന പേരിൽ പലതവണ പണം പിരിച്ചിട്ടും അത്‌ ഒട്ടുമുക്കാലും മുക്കിയതായി കോൺഗ്രസ്‌ നേതാക്കൾതന്നെ പറയുന്നു. ഏറ്റവും ഒടുവിൽ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി പിരിച്ച പണംവരെ തട്ടിയെടുത്തെന്ന്‌ ആക്ഷേപം ഉയർന്നിരിക്കുന്നു. അധികാരമില്ലാത്തപ്പോഴും ഇത്രയധികം അഴിമതി നടത്തുന്നവർ, അധികാരം ലഭിച്ചാൽ രാജ്യത്തെ എത്രത്തോളം കൊള്ളയടിക്കുമെന്നാണ്‌ നാം ചിന്തിക്കേണ്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home