ad
Deshabhimani

ദ്രോഹം തുടർന്ന്‌ കേന്ദ്രം ; കുടപിടിച്ച്‌ യുഡിഎഫ്‌

modi and Us Trade Agreement
വെബ് ഡെസ്ക്

Published on Dec 20, 2025, 12:00 AM | 2 min read


സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ, പുതിയ ബജറ്റിന്റെ ചർച്ചകളിലേക്ക്‌ സംസ്ഥാന സർക്കാർ കടക്കവെ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്‌ സംസ്ഥാനത്തിന്റെ കടപരിധിയിൽനിന്ന്‌ കേന്ദ്രം 5944 കോടി രൂപകൂടി വെട്ടിക്കുറച്ചത്‌. കേരളത്തോട്‌ കേന്ദ്ര ബിജെപി സർക്കാർ തുടർന്നുവരുന്ന വൈരനിര്യാതന സമീപനത്തിന്റെ അവസാന ഉദാഹരണമാണിത്‌. നടപ്പുവർഷത്തെ വരുമാനത്തെമാത്രമല്ല, വരുംവർഷത്തെ ബജറ്റിനെക്കൂടി ബാധിക്കണമെന്ന നിർബന്ധംകൂടി ഇതിനുപിന്നിലുണ്ടെന്ന്‌ കരുതേണ്ടിവരും.


പുതിയ വികസനപരിപ്രേക്ഷ്യം സൃഷ്‌ടിച്ചും ക്ഷേമപെൻഷൻ വർധിപ്പിച്ചും സ്‌ത്രീസുരക്ഷാ പെൻഷൻ, മറ്റു ധനസഹായങ്ങൾ എന്നിവ നൽകിയും ക്ഷേമനടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. 63 ലക്ഷംപേർക്ക്‌ ഇനിയുള്ള മൂന്നുമാസം ക്ഷേമപെൻഷൻ നൽകാൻമാത്രം 3135 കോടി രൂപ വേണം. കരാർ ബില്ലുകൾ മാറാൻ 20,000 കോടിയും ശന്പളവും പെൻഷനും നൽകാൻ 15,000 കോടിയും വേണ്ടിവരും. സർക്കാരിനെ സാന്പത്തികമായി ശ്വാസംമുട്ടിച്ച്‌ ജനങ്ങളെ സർക്കാരിന്‌ എതിരാക്കാനാകുമോയെന്നാണ്‌ നോക്കുന്നത്‌.


കിഫ്‌ബിയും പെൻഷൻ കന്പനിയും അധികതുക വായ്‌പ വാങ്ങിയെന്ന്‌ ആരോപിച്ചാണ്‌ പുതിയ കടുംവെട്ട്‌. ഇതുവരെയില്ലാത്ത മാനദണ്ഡമാണ്‌ ഇതിനായി ചുമത്തിയത്‌. കേരളത്തിന്‌ ലഭിക്കേണ്ട പണം തടയാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ്‌ കേന്ദ്രം. 2021–22 കാലത്തെ കിഫ്‌ബി വായ്‌പയുടെ പേരിൽ 14,000 കോടി രൂപ നേരത്തേതന്നെ വായ്‌പപരിധിയിൽ ഘട്ടമായി കുറവുവരുത്തിയിരുന്നു. (എന്നാൽ, ദേശീയപാത അതോറിറ്റിയും ഫുഡ്‌ കോർപറേഷനും വാങ്ങുന്ന വായ്‌പ കേന്ദ്രത്തിന്റെ കടപരിധിയിൽ പെടുത്തുന്നുമില്ല). പിന്നാലെ ട്രഷറിയിലെ നിക്ഷേപം വായ്‌പയായി കാണിച്ച്‌ അതും കടപരിധിയിൽനിന്ന്‌ കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയ്‌ക്ക്‌ സർക്കാർ നൽകുന്ന ഗ്യാരന്റിയും സർക്കാരിന്റെ ബാധ്യതയാക്കി അതും കടപരിധിയിൽ പെടുത്തി. അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വളർച്ചനിരക്ക്‌ കണക്കാക്കിയതിലുള്ള ന്യൂനത നിമിത്തം കേരളത്തിന്റെ കടപരിധിയിലുണ്ടായ 4500 കോടി രൂപയുടെ കുറവ്‌ പരിഹരിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കാൻ കേരളം കിഫ്‌ബിവഴി ചെലവാക്കിയ 6000 കോടി രൂപ കടപരിധിയിൽനിന്ന്‌ ഒഴിവാക്കണം, ഐജിഎസ്‌ടിയിൽനിന്ന്‌ പിടിച്ച 965 കോടി രൂപ മടക്കിത്തരണം തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്രം നിരന്തരം അവഗണിക്കുകയാണ്‌.


കടപരിധി വെട്ടിക്കുറയ്‌ക്കുകമാത്രമല്ല, ഗ്രാന്റ്‌ നാലിലൊന്നാക്കിയും നികുതിവിഹിതം പകുതിയാക്കിയും കേരളത്തെ ദ്രോഹിക്കുന്നു. 100 രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ വീതംവയ്ക്കുമ്പോൾ പത്താം ധനകമീഷൻ കേരളത്തിന്‌ നിശ്ചയിച്ചത്‌ 3.82 രൂപയാണ്‌. നിലവിൽ അത്‌ 1.92 രൂപമാത്രമായി. ഇതുവഴിമാത്രം 27,000 കോടി വരുമാനം കുറഞ്ഞു. പ്രളയം, ഓഖി, മുണ്ടക്കൈ പോലുള്ള പ്രകൃതിദുരന്തങ്ങളിലും പ്രതികാരസമീപനമാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. വാഗ്‌ദാനം ചെയ്‌ത വിദേശസഹായം സ്വീകരിക്കുന്നതുപോലും തടഞ്ഞു. അതേസമയം, മഹാരാഷ്ട്രയിൽ ഇ‍ൗവർഷം പ്രളയമുണ്ടായപ്പോൾ വിദേശഫണ്ട്‌ സ്വീകരിക്കാൻ കേന്ദ്രം അനുമതിയും നൽകി. സമഗ്രശിക്ഷാ അഭിയാൻ ഫണ്ട്‌ നിഷേധിച്ച്‌ ഭിന്നശേഷി കുട്ടികൾക്കടക്കമുള്ള സഹായം നിഷേധിച്ചു. വിഴിഞ്ഞത്ത്‌ വയബിലിറ്റി ഗ്യാപ് ഫണ്ട്‌ (വിജിഎഫ്‌) 817.80 കോടി രൂപയുടെ സഹായം നിഷേധിച്ചു. ഒടുവിൽ വായ്‌പയായി നൽകി കൊള്ളപ്പലിശയിലൂടെ 15,000 കോടി രൂപ തിരിച്ചുപിടിക്കാനും തീരുമാനിച്ചു. കേന്ദ്രം കേരളത്തോട്‌ കാട്ടുന്ന അവഗണനയുടെ പട്ടിക ഇനിയുമുണ്ട്‌.


കേന്ദ്രസർക്കാരിന്റെ ഇ‍ൗ ദ്രോഹനടപടികളെ ബിജെപി ന്യായീകരിക്കുന്നത്‌ അവരുടെ നിവൃത്തികേട്‌. എന്നാൽ, യുഡിഎഫ്‌ നേതാക്കളുടെ കേരളദ്രോഹ നിലപാടാണ്‌ അതിലേറെ ക്രൂരം. അവർ കേന്ദ്രസർക്കാർ നടപടികൾക്ക്‌ കുടപിടിക്കുകമാത്രമല്ല, ഒരു പടികൂടി കടന്ന്‌ കേരളവിരുദ്ധ വാർത്തകൾ സൃഷ്‌ടിക്കാൻ പാർലമെന്റിൽ ചോദ്യങ്ങൾ പടച്ചുണ്ടാക്കുകയും ചെയ്യുന്നു. കേരളം അതിദാരിദ്ര്യമുക്തമായപ്പോൾ അതിന്റെ പേരിൽ റേഷൻവിഹിതം വെട്ടിക്കുറയ്‌ക്കാനാകുമോയെന്നാണ്‌ യുഡിഎഫിന്റെ എംപിമാർ ശ്രമിച്ചത്‌. ഇ‍ൗ ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങൾ പാർലമെന്റിലടക്കം ഉന്നയിച്ചു. ഒടുവിൽ ക്ഷേമപെൻഷൻ മുടക്കാനുള്ള കുത്തിത്തിരിപ്പുചോദ്യത്തിന്‌ യുഡിഎഫ്‌ എംപി ധൈര്യപ്പെട്ടത്‌ കേരളത്തെ ഞെട്ടിച്ചു. സർക്കാർ പദ്ധതികൾക്കായി സഹകരണ സംഘങ്ങളുടെ പണം വിനിയോഗിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും അത്‌ തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടി എന്തെന്നുമായിരുന്നു ചോദ്യം. കേന്ദ്രത്തെ എങ്ങനെ കേരളത്തിനെതിരായി ഉപയോഗിക്കാം എന്നതിലാണ്‌ യുഡിഎഫിന്റെ ഗവേഷണമെന്ന്‌ കരുതേണ്ടിവരും.


കേന്ദ്രം നിഷേധിക്കുന്ന ഓരോ പൈസയും കേരളത്തിലെ ജനങ്ങളുടെ കൈയിൽ എത്തേണ്ടതാണ്‌. അവർക്ക്‌ അവകാശപ്പെട്ടതാണത്‌. അതിനുവേണ്ടി ശബ്‌ദിക്കുന്നതിനുപകരം സംസ്ഥാന സർക്കാരിനെ അടിക്കാനുള്ള വടി തിരയുകയാണ്‌ ഇവർ. ഇക്കാര്യത്തിലും ബിജെപിയും യുഡിഎഫും ഒരേപാളയത്തിലാണ്‌. ജനങ്ങളെ എതിരാക്കി, അഞ്ചുമാസത്തിനുശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുതലെടുക്കാമെന്നാണ്‌ വ്യാമോഹമെങ്കിൽ അത്‌ തിരിച്ചടിക്കുകതന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home