print edition ജന്തർമന്തർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ കേന്ദ്രനീക്കം

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് യുവജനങ്ങളുടെ സമൂഹമാധ്യമ കൂട്ടായ്‌മയായ സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ഡൽഹി ജന്തർമന്തറിൽ ജൂൺ ആദ്യവാരം തുടക്കമിട്ട പ്രതിഷേധസമരത്തെ ഏതുവിധേനയും അടിച്ചമർത്താനുള്ള നീക്കത്തിലാണ് ബിജെപി സർക്കാർ.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂൺ 28 മുതൽ നിരാഹാര സമരത്തിലായിരുന്ന വിദ്യാഭ്യാസ– പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ബലമായി അറസ്റ്റ് ചെയ്‌ത് നീക്കിയ പൊലീസ് നടപടി ഇതിന് തുടക്കമാണ്. തിങ്കളാഴ്‌ച പാർലമെന്റിന്റെ വർഷകാലസമ്മേളനം ആരംഭിക്കാനിരിക്കെ പ്രക്ഷോഭകരെ തുരത്താനാണ് ശ്രമം.
എന്നാൽ, കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ നീക്കങ്ങളെ വിദ്യാർഥി– യുവജന സംഘടനകൾ ശക്തമായി പ്രതിരോധിക്കുകയാണ്. കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർടികളും കർഷകരും തൊഴിലാളികളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയും സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിൽ സംഭവിച്ച ഗുരുതര വീഴ്‌ചകളുമാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വഴിയൊരുക്കിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനാസ്ഥയും അലംഭാവവുമാണ് നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയ്‌ക്കും സിബിഎസ്‌ഇ പരീക്ഷാവീഴ്‌ചയ്‌ക്കും കാരണമായത്.
പരീക്ഷാനടത്തിപ്പിലെ പാളിച്ച 40 ലക്ഷം വിദ്യാർഥികളെ ബാധിച്ചു. മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് പരീക്ഷയെഴുതിയ വിദ്യാർഥികൾ മാനസികസമ്മർദത്തിലായി. 14 പേർ ആത്മഹത്യയുടെ വഴിതേടി. കേന്ദ്ര പ്രവേശന പരീക്ഷകളിൽ തുടർച്ചയായി വീഴ്‌ചകൾ സംഭവിച്ചിട്ടും മന്ത്രി പ്രധാനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരും ബിജെപിയും സ്വീകരിച്ചത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ജന്തർമന്തർ പ്രക്ഷോഭത്തിന് ജൂൺ ആറിനാണ് തുടക്കമിട്ടത്. ജൂൺ അവസാനം സോനം വാങ്‌ചുക് നിരാഹാരസമരം ആരംഭിച്ചതോടെ പ്രക്ഷോഭം തീവ്രമായി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ജന്തർമന്തർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെട്ട അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ തലത്തിലേക്ക് പ്രക്ഷോഭം വളരുകയാണ്. കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന മുഖ്യധാരാമാധ്യമങ്ങൾ തീർത്തും അവഗണിച്ചിട്ടും സമരസന്ദേശം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലേക്ക് വ്യാപിക്കുകയാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന്റെ രാജിയാവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുമെന്ന ബോധ്യം സർക്കാരിനുണ്ട്. ഇൗ ഘട്ടത്തിൽ സമരം കൂടുതൽ തീവ്രവും തീക്ഷ്‌ണവുമാകുന്നത് അപകടകരമാണെന്ന വിലയിരുത്തലിലാണ് ബിജെപി. ഡൽഹി പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് സതീഷ് ഗോൽച്ചയെ നീക്കി അനുരാഗ് കുമാറിനെ നിയമിച്ചത് പ്രക്ഷോഭത്തെ ഏതുവിധേനയും അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അനുരാഗ് കുമാർ പൊലീസ് മേധാവിയായി ചുമതലയേറ്റതിനു പിന്നാലെയാണ് സോനം വാങ്‌ചുക്കിനെ സമരസ്ഥലത്തുനിന്ന് ബലമായി നീക്കിയത്.
സിജെപിയും എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകളും തിങ്കളാഴ്‌ച നടത്തുന്ന പാർലമെന്റ് മാർച്ച് തടയാനും പൊലീസിന്റെ ശ്രമമുണ്ടാകും. സോനം വാങ്‌ചുക്കിനു പിന്നാലെ സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ നിരാഹാരസമരത്തിന് തുടക്കമിട്ടിട്ടുണ്ട്. വാങ്‌ചുക്കാകട്ടെ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. ലഡാക്കിന് കൂടുതൽ സ്വയംഭരണാധികാരങ്ങൾ ആവശ്യപ്പെട്ട് രണ്ടുവട്ടം വാങ്‌ചുക് നിരാഹാരസമരം നടത്തിയിരുന്നു.
കഴിഞ്ഞ സെപ്‌തംബറിൽ ലഡാക്കിൽ വാങ്‌ചുക് ആരംഭിച്ച സമരത്തെ പൊലീസ് അടിച്ചമർത്തി. നാലുപേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടു. വാങ്‌ചുക്കിനെ 170 ദിവസം ജയിലിലിട്ടു. ജന്തർമന്തർ പ്രക്ഷോഭം 45 ദിവസം പിന്നിട്ടിട്ടും ചർച്ചയ്‌ക്കുപോലും കേന്ദ്രസർക്കാർ സന്നദ്ധമായിട്ടില്ല. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ പലവട്ടം ഒത്തുതീർപ്പ് ചർച്ച നടന്നു. അന്ന് സമരത്തെ പിന്തുണച്ച ബിജെപിയാണ് ഇപ്പോൾ ചർച്ചയ്‌ക്കുപോലും സന്നദ്ധമാകാതെ ബലപ്രയോഗത്തിലൂടെ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നത്. അനുദിനം സമരം ശക്തമാകുന്ന സാഹചര്യത്തിൽ പൊലീസിനെയും കേന്ദ്രസേനകളെയും രംഗത്തിറക്കിയുള്ള നീക്കം ബിജെപി സർക്കാരിനെതിരായ ജനവികാരം കൂടുതൽ ശക്തമാക്കും.










0 comments