ad
Deshabhimani

ജാതിവിവേചനം നടപ്പില്ല നവോത്ഥാന കേരളത്തിൽ

coummunist party
വെബ് ഡെസ്ക്

Published on Mar 12, 2025, 12:01 AM | 2 min read

രിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ട പിന്നാക്ക സമുദായാംഗത്തെ ആ ജോലി ചെയ്യാൻ അനുവദിക്കാതെ ഓഫീസ് ജോലിക്കായി നിയോഗിച്ച നടപടി നവോത്ഥാന കേരളത്തിന് അംഗീകരിക്കാനാകില്ല. കഴകക്കാരായി പാരമ്പര്യ അവകാശികളെയാണ് നിയോഗിക്കേണ്ടതെന്ന ക്ഷേത്ര തന്ത്രിമാരുടെ അഭിപ്രായം ജാതി അടിസ്ഥാനത്തിൽ ജോലികൾ നിശ്ചയിക്കുന്ന രീതിയാണ്. ഇത് ജാതി വിവേചനവും പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്തതുമാണ്.


കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു നിയമിതനാകുന്നത് ഫെബ്രുവരി 24 നാണ്. തന്ത്രിമാർ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് മാർച്ച് ഏഴിന് ബാലുവിനെ ദേവസ്വം ഓഫീസിലേക്ക് മാറ്റി നിയമിച്ചു. ഫെബ്രുവരി 24 മുതൽ മാർച്ച് ഏഴ് വരെ തന്ത്രി കുടുംബാംഗങ്ങൾ ക്ഷേത്രചടങ്ങുകളിൽ പങ്കെടുത്തില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ് നടത്തിയ പരീക്ഷയും അഭിമുഖവും പാസായി ഒന്നാം റാങ്കോടെയാണ് ബാലു കഴകം തസ്തികയിൽ ജോലിക്ക് ചേർന്നത്. കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകതസ്തികയിലെ ആദ്യ നിയമനവും ഇതായിരുന്നു. പൂജയ്‌ക്കുള്ള പൂവൊരുക്കുക, മാലകെട്ടിക്കൊടുക്കുക, പൂജാപാത്രങ്ങൾ കഴുകുക, അമ്പലം തുറക്കുകയും അടയ്ക്കുകയും ചെയ്യുക, എഴുന്നള്ളത്തു വേളയിൽ വിളക്കുപിടിക്കുക എന്നിവയാണ് കഴകക്കാരന്റെ ജോലി. പരമ്പരാഗതമായി മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ചെയ്തുപോന്നിരുന്ന ഈ ജോലികൾ പിന്നാക്ക സമുദായത്തിൽപ്പെട്ടവർ ചെയ്യുന്നതിലെ എതിർപ്പാണ് ബാലുവിന്റെ തസ്തികമാറ്റത്തിൽ കൊണ്ടെത്തിച്ചത് എന്നാണ് വിമർശം. പത്തു ദിവസം മാത്രം ജോലി ചെയ്ത ബാലു അവധിയിലാണിപ്പോൾ.


ബാലുവിന്റെ നിയമനത്തെ എതിർക്കുന്നത് പിന്നാക്ക സമുദായക്കാരനായതുകൊണ്ടല്ല, മറിച്ച് ഈ ജോലികൾ പാരമ്പര്യ അവകാശമായതു കൊണ്ടാണെന്നാണ് തന്ത്രിമാരുടെ വാദം. കഴകം, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയ ജോലികൾ തീരുമാനിക്കാനുള്ള അവകാശം തന്ത്രിമാർക്കാണെന്നും അവർ വാദിക്കുന്നു. എന്നാൽ കൂടൽമാണിക്യം ആക്ടും റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ സംബന്ധിച്ച് വ്യക്തമായ ഉത്തരവുകളും നിർദേശങ്ങളുമുണ്ടെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇതുപ്രകാരം ക്ഷേത്രത്തിൽ രണ്ട് കഴകക്കാരെ നിയമിക്കാം. ഒന്ന് തന്ത്രിക്ക് നേരിട്ട് നിയമിക്കാവുന്ന തസ്തികയും രണ്ടാമത്തേത് ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ് മുഖേന നിയമിക്കുന്നതുമാണ്. രണ്ടാമത്തെ പോസ്റ്റിൽ നിയമിതനായ ബാലു ജോലിക്കെത്തിയപ്പോൾ തന്ത്രിമാർ ബോർഡിന് പരാതി കൊടുത്തു. ബാലുവിനെ നിയോഗിച്ചാൽ തങ്ങൾ ജോലി ചെയ്യില്ല എന്ന തന്ത്രിമാരുടെ നിലപാടിനെ തുടർന്ന് ബാലുവിനെ മാറ്റി. ഈ നടപടി ദൗർഭാഗ്യകരമാണ്. ബാലു കഴകക്കാരനായിത്തന്നെ ജോലി ചെയ്യുമെന്ന സർക്കാരിന്റെ ഉറച്ച നിലപാട് മന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. സർക്കാർ നിയമനം നടത്തിയ കഴകം ജോലിയിൽത്തന്നെ ബാലുവിനെ നിയമിക്കാനാണ് താൽപ്പര്യമെന്ന് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ചെയർമാൻ വി കെ ഗോപിയും അറിയിച്ചിട്ടുണ്ട്.


ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ എതിർത്ത ജാതി ശക്തികൾ ഇന്നും ചില ക്ഷേത്രമതിൽക്കെട്ടുകൾക്കുള്ളിലും ഇരുളടഞ്ഞ മനുഷ്യ മനസ്സുകളിലും നിലനിൽക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് കൂടൽമാണിക്യത്തുനിന്ന് വരുന്ന വർത്തമാനങ്ങൾ. ജാതിഭ്രാന്തിന്റെ രൂക്ഷത കണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ആ ഭ്രാന്തിൽനിന്ന് മലയാളിയെ വിമോചിപ്പിച്ച നവോത്ഥാന സന്ദേശത്തെ മായ്ച്ചുകളയാനുള്ള ശ്രമങ്ങൾ സജീവമാണ്. അത്തരം ശക്തികൾക്ക് ഊർജം പകരുന്നതാണ് കൂടൽമാണിക്യക്ഷേത്ര തന്ത്രിമാർ സ്വീകരിച്ച നിലപാട്.


1925 മാർച്ച് 12ന് ശ്രീനാരായണ ഗുരുവിനെ വർക്കല ശിവഗിരിയിൽ സന്ദർശിച്ച ഗാന്ധിജി ജാതിയുടെ അസ്തിത്വം തെളിയിക്കാൻ മുറ്റത്തു നിൽക്കുന്ന മാവിലെ ഇലകളെല്ലാം വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, വിഭിന്നങ്ങളായ ഇലകൾ രുചിച്ചു നോക്കിയാൽ ഒരേ രസമായിരിക്കുമെന്ന് ഗുരു നൽകിയ മറുപടിക്ക് ഇന്നും പ്രസക്തിയുണ്ട്. ഭിന്ന പ്രകൃതിയെങ്കിലും മനുഷ്യത്വത്തിൽ ഒന്നാണ് മനുഷ്യവർഗം എന്ന ഗുരുദർശനം ഗാന്ധിജിയിൽ സ്വാധീനം ചെലുത്തിയെന്നത് ചരിത്രം. ഗുരുവിന്റെയും ഗാന്ധിജിയുടെയും കൂടിക്കാഴ്ചയുടെ നൂറാം വാർഷികദിനത്തിൽ ഓർമിക്കേണ്ടതും ഈ സന്ദേശംതന്നെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home