കർണാടക മോഡൽ ബുൾഡോസർ രാജ്

ബിജെപിയും കോൺഗ്രസും ഒരേ തൂവൽപ്പക്ഷികളാണെന്ന് ഉറപ്പിച്ചുപറയാൻ ഒട്ടേറെ ചരിത്രസന്ദർഭങ്ങൾ ഉദാഹരണമായുണ്ട്. കർണാടകത്തിലെ ബുൾഡോസർ രാജ് ഇതിൽ ഒടുവിലത്തേതുമാത്രം. ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയിൽ സഞ്‌ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ അരങ്ങേറിയ ബുൾഡോസർ പ്രയോഗം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.
സമീപകാലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ബുൾഡോസർ രാജിന്റെ പ്രയോക്താവായി രംഗത്തുവന്നത്. ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികളോ മുന്നറിയിപ്പോ ഇല്ലാതെ ചേരികളും മറ്റ് വാസകേന്ദ്രങ്ങളും യന്ത്രഭീമന്മാരെ ഉപയോഗിച്ച് പൊളിച്ചുകളയുന്നത് ഭരണശൈലിയാക്കി. കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വീടുകൾ തകർക്കുന്നതും നീതിനിർവഹണം എന്ന പേരിൽ ആഘോഷിച്ചു.
രാജ്യത്തെ ഏതു നിയമപ്രകാരമാണ് പ്രതികളുടെ വീടുകൾ പൊളിക്കുന്നതെന്ന ചോദ്യം പൊതുവെ ഉയർന്നില്ല; നിരപരാധികളായ കുടുംബാംഗങ്ങളുടെ ജീവിതഭാവി സംബന്ധിച്ചും പൊതുസമൂഹം ആശങ്കകൾ പങ്കുവച്ചില്ല. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരുകളും നഗരവികസന അതോറിറ്റികളും ബുൾഡോസർ രാജ് ഏറ്റെടുത്തു. ശക്തമായ ഭരണത്തിന്റെ പ്രതീകം എന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇൗ വേട്ടയെ വാഴ്‌ത്തിയത്. ഇപ്പോഴാകട്ടെ, തണുപ്പേറിയ ഒരു വെളുപ്പാൻകാലത്ത് കർണാടകത്തിൽ യെലഹങ്കയ്‌ക്കുസമീപം കൊഗിലു ഗ്രാമത്തിൽ ഇരുനൂറോളം വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ബുൾഡോസർ കയറ്റി തകർത്തിരിക്കുന്നു.
കുട്ടികളും ഗർഭിണികളും വയോധികരും അടക്കം ആയിരത്തിൽപ്പരം ആളുകൾ ശൈത്യകാലത്ത് തെരുവിലേക്ക് എറിയപ്പെട്ടു. 14 ഡിഗ്രി താപനിലയിൽ ഉടുതുണിമാത്രമായി ജീവൻ നിലനിർത്താൻ പൊരുതേണ്ട അവസ്ഥയിലായി അവർ. സർക്കാർഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചുവെന്ന് അവകാശപ്പെട്ട് മനുഷ്യത്വരഹിതമായ നടപടിയെ ന്യായീകരിക്കാനാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ശ്രമിച്ചത്.
റവന്യു അധികൃതർ നൽകിയ ഭൂരേഖകൾ കൈവശമുള്ളവരെയാണ് അന്യായമായി ഒഴിപ്പിച്ചത്. 80 ശതമാനം മുസ്ലിങ്ങളും ബാക്കി ദളിതരുംമറ്റും അടങ്ങുന്ന ഇരകളായ ജനസമൂഹത്തിന്റെ പ്രതികരണം ദുർബലമായിരുന്നു. പരിമിത പ്രതിഷേധങ്ങളെ അടിച്ചമർത്താനും ഭരണാധികാരികൾ തയ്യാറായി. അടുത്തദിവസവും അധികൃതർ ബുൾഡോസറുകളുമായി എത്തിയപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകരും സന്നദ്ധസംഘടനകളും ചേർന്ന് തടഞ്ഞതിനെ തുടർന്ന് അവർക്ക് മടങ്ങേണ്ടിവന്നു.
ചുരുക്കം ചില മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും ചെയ്‌തതോടെയാണ് വിഷയം ദേശീയശ്രദ്ധയാകർഷിച്ചത്. അതേസമയം, കർണാടക സർക്കാർ പ്രതിനിധികൾ പരസ്‌പരവിരുദ്ധമായാണ് പ്രതികരിച്ചത്. ഒഴിപ്പിക്കലിനുപിന്നിലുള്ള റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ മറച്ചുവയ്‌ക്കാനുള്ള തത്രപ്പാട് പ്രകടമായി. സ്ഥലം എംഎൽഎയായ കർണാടക റവന്യുമന്ത്രിയും കോൺഗ്രസുകാരായ മറ്റു ജനപ്രതിനിധികളും ഇരകളെ തിരിഞ്ഞുനോക്കിയിട്ടില്ല.
കർണാടകത്തിലെ മുഖ്യപ്രതിപക്ഷമായ ബിജെപിയും മൗനംപാലിച്ചു. പുനരധിവാസത്തെക്കുറിച്ച് ആലോചിക്കുമെന്ന് 10 ദിവസത്തിനുശേഷം കർണാടക സർക്കാർ പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ മുസ്ലിംലീഗ് നേതാക്കളുടെ നിലപാടും വിചിത്രമായി അനുഭവപ്പെട്ടു. ഉത്തർപ്രദേശിലെ ബുൾഡോസർ രാജിൽനിന്ന് വ്യത്യസ്‌തമായ നടപടിയാണ് കർണാടകത്തിൽ ഉണ്ടായതെന്ന് വ്യാഖ്യാനിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഉരുണ്ടുകളിച്ചു.
അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിശ്ചയദാർഢ്യത്തോടെ നിലകൊള്ളുന്നത് ഇടതുപക്ഷവും വർഗ–ബഹുജന സംഘടനകളും മാത്രമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് യെലഹങ്ക സംഭവവികാസങ്ങൾ. ഡൽഹി ജഹാംഗിർപുരിയിലും ഹരിയാന നൂഹിലും ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലും ഉൾപ്പെടെ സമാനസംഭവങ്ങൾ ഉണ്ടായപ്പോൾ ഇരകളെ ആശ്വസിപ്പിക്കാനും നീതി ഉറപ്പാക്കാനും ഓടിയെത്തിയത് സിപിഐ എം നേതാക്കളാണ്.
ഗോരക്ഷകരെന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ക്രിമിനൽസംഘങ്ങളുടെ ഭീകരാക്രമണങ്ങളെ ചെറുക്കുന്നതും ഇടതുപക്ഷപ്രസ്ഥാനമാണ്. ന്യൂനപക്ഷ പ്രീണനത്തിന്റെ കവചം അണിഞ്ഞ് തെരഞ്ഞെടുപ്പുകാലങ്ങളിൽ വോട്ട് തട്ടാനെത്തുന്ന കോൺഗ്രസും സഖ്യകക്ഷികളും നിർണായകസാഹചര്യങ്ങളിൽ നിശ്ശബ്ദരാകുന്നു. കോർപറേറ്റ്–ഹിന്ദുത്വ കൂട്ടുകെട്ടിനെ നേരിടാൻ തയ്യാറാകാതെ ബഹുഭൂരിപക്ഷം ജനതയെ ഇരുട്ടിലേക്ക് നയിക്കുന്ന താൽപ്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയാണ് കോൺഗ്രസ് നേതൃത്വം.











0 comments