കൊള്ളസംഘത്തിന്റെ പൊയ്‌വെടികൾ മലയാളികൾ തള്ളും

അവിഹിതമായി പണം സംഭരിക്കാനുള്ള ബിസിനസാക്കി രാഷ്‌ട്രീയപ്രവർത്തനത്തെ മാറ്റിയ ക്രിമിനൽക്കൂട്ടമാണ് കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപിയെന്നതിന് പല തെളിവുകൾ രാജ്യത്തിനുമുന്നിലുണ്ട്. വൻകിട കോർപറേറ്റുകളെ വിരട്ടി ബിജെപിക്ക് സഹസ്രകോടികൾ സമ്പാദിക്കുന്നതിന് കേന്ദ്രസർക്കാർ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട്, സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലായിരുന്നല്ലോ. എന്നാൽ, അതിനകംതന്നെ ബിജെപി 8000 കോടിയിലധികം രൂപ വ്യവസായികളിൽനിന്നും മറ്റുമായി തട്ടിയെടുത്തിരുന്നു. ആ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ കേന്ദ്രസർക്കാർ രണ്ട് സെമികണ്ടക്ടർ യൂണിറ്റ് അനുവദിച്ചതിന് പ്രത്യുപകാരമായി ടാറ്റ ട്രസ്റ്റ് ബിജെപിക്ക് 758 കോടി രൂപ നൽകിയ വിവരവും കഴിഞ്ഞദിവസം പുറത്തുവന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന പണമൊഴുക്കി നുണപ്രചാരണം ശക്തമാക്കിയും പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയും മലയാളികളെയും കെണിയിൽ വീഴ്‌ത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആ വർഗീയ ഫാസിസ്റ്റ് കക്ഷി.
അഞ്ചുവർഷത്തിനകം രാജ്യത്തെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഒന്ന്. പതിറ്റാണ്ടുകളായി ബിജെപി ഭരിക്കുകയും മാതൃകാനഗരങ്ങളായി സംഘപരിവാർ വാഴ്‌ത്തുകയും ചെയ്യുന്ന നഗരങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ കാപട്യം മനസ്സിലാകും. കാൽനൂറ്റാണ്ടായി തന്റെയും ബിജെപിയുടെയും സമ്പൂർണ ആധിപത്യത്തിലുള്ള ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് നരേന്ദ്ര മോദി 2020ൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എഴുന്നള്ളിച്ചപ്പോൾ അതിഥി കാണാതിരിക്കാൻ ആ നഗരത്തിലെ ചേരികൾ ഷീറ്റ് കെട്ടിമറച്ചത് മറക്കാറായിട്ടില്ല.
അന്താരാഷ്‌ട്രതലത്തിൽത്തന്നെ ഇന്ത്യയെ നാണംകെടുത്തിയ സംഭവമായിരുന്നു മോദിയുടെ ആ ‘നമസ്‌തേ ട്രംപ്’ ഷോ. എല്ലാ വാർഡിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും എന്നതാണ് കേരളത്തിൽ ബിജെപിയുടെ മറ്റൊരു വാഗ്ദാനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പഞ്ചായത്തുതലത്തിൽപ്പോലും ആവശ്യമായ മിനിമം സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങൾ ഇല്ല എന്നിരിക്കെയാണ് അൽപ്പംപോലും ലജ്ജയില്ലാതെ പാഴ്‌വാക്ക് വിളമ്പുന്നത്. കേരളത്തിന്റെ വികസനം തടയാൻ പകയോടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ, തടയാൻ ശ്രമിച്ചിട്ടും സംസ്ഥാനത്തിന്റെ സ്വന്തം കിഫ്‌ബിയിലൂടെ വിഭവസമാഹരണം നടത്തി വിവിധതലങ്ങളിലുള്ള ആശുപത്രികളും വിദ്യാലയങ്ങളുംമറ്റും സ്‌മാർട്ടാക്കിയത് അറിയാതെയാണോ ബിജെപിക്കാരുടെ ബഡായികൾ ?
എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അഞ്ചരലക്ഷത്തോളം വീടുകൾ സംസ്ഥാനത്ത് ഭവനരഹിതർക്ക് നിർമിച്ചുനൽകി. ലഭിച്ചവർക്ക് അഭിമാനബോധത്തോടെ താമസിക്കാൻ കഴിയുന്ന, അത്യാവശ്യം സൗകര്യങ്ങളുള്ള വീടുകളാണിവ. കേരളത്തിൽ എല്ലാവർക്കും വീടുകൾ വാഗ്ദാനം ചെയ്യുന്ന ബിജെപിക്ക് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുച്ഛമായ കേന്ദ്രഫണ്ട് ഉപയോഗിച്ച് നൽകിയ ഔദാര്യച്ചാപ്പ കുത്തിയ ‘വീടു’കളുടെ മാതൃക മലയാളികളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ സാധിക്കുമോ? അഴിമതിരഹിതഭരണമാണ് ബിജെപിയുടെ മറ്റൊരു പൊയ്‌വെടി. ലോകത്ത് ഒരു സർക്കാരും ചെയ്യാത്തതരത്തിൽ, അഴിമതി നടത്താൻ വേണ്ടിമാത്രം ഇലക്ടറൽ ബോണ്ടുപോലെ സംവിധാനങ്ങൾ ഉണ്ടാക്കിയവരാണിവർ. ഗംഗാശുചീകരണ പദ്ധതിയുടെ മാതൃകയിൽ കേരളത്തിലും നദികളും തോടുകളും ശുചീകരിക്കുമെന്ന പ്രചാരണവും തട്ടിപ്പിനാണ് എന്നല്ലേ അനുഭവം. ഇരുപതിനായിരത്തോളം കോടി രൂപ ചെലവഴിച്ചിട്ടും ഗംഗാപദ്ധതി എങ്ങുമെത്തിയിട്ടില്ല.
എല്ലാ പൗരരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവീതം നൽകുമെന്ന് വിശ്വസിപ്പിച്ചാണ് മോദി പ്രധാനമന്ത്രിയായത്. ജനങ്ങളെ കൊതിപ്പിച്ച് എടുപ്പിച്ച ജൻധൻ അക്കൗണ്ടുകൾ പലതും നിഷ്‌ക്രിയമാണ്. തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്ന് പറഞ്ഞവർ പട്ടാളത്തിൽപ്പോലും ‘അഗ്നിവീർ’ എന്ന ഓമനപ്പേരിൽ താൽക്കാലിക കൂലിപ്പണിയാക്കി. പെട്രോൾവില 50 രൂപയാക്കും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും തഥൈവ. എന്നാൽ, കേരളത്തിൽ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയ എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. തദ്ദേശതലത്തിലും ഇടതുപക്ഷം വാക്കുപാലിച്ച ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്. തലസ്ഥാന നഗരിയടക്കം എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ മികവിന് കേന്ദ്രപുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടി അഭിമാനത്തോടെ തലയുയർത്തിനിൽക്കുന്നു. അപ്പോഴാണ് ഒളിമ്പിക്‌സ് വാഗ്ദാനംപോലുള്ള ബഡായികളുമായി ജനങ്ങളെ കബളിപ്പിക്കാൻ ബിജെപിയുടെ ശ്രമം. തിരിച്ചറിവുള്ള മലയാളികൾ ബിജെപിയുടെ പൊയ്‌വെടികൾ തള്ളിക്കളയും.








0 comments