ബിഹാർ ജനവിധി നൽകുന്ന അപായ സൂചനകൾ

wayanad housewife suicide
വെബ് ഡെസ്ക്

Published on Nov 15, 2025, 12:00 AM | 2 min read


ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. എക്‌സിറ്റ്‌ പോൾ പ്രവചനങ്ങളെപ്പോലും നിഷ്‌പ്രഭമാക്കിക്കൊണ്ട്‌ എൻഡിഎ മുന്നിലെത്തി. 101 വീതം സീറ്റിൽ മത്സരിച്ച ബിജെപിക്കും ജെഡിയുവിനും വലിയ നേട്ടമുണ്ടാക്കാനായി. മഹാസഖ്യത്തിലെ പ്രബലകക്ഷികളായ രാഷ്‌ട്രീയ ജനതാദളിനും കോൺഗ്രസിനും വൻ തിരിച്ചടിയാണ് ലഭിച്ചത്‌. സിപിഐ (എംഎൽ) രണ്ടും സിപിഐ എം ഒരു സീറ്റും നേടി.


ദരിദ്രവും രോഗാതുരവുമായ പശുബെൽറ്റിലെ ‘ബിമാരു’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ ബിഹാർ. ജന്മിനാടുവാഴിത്തത്തിന്റെയും ജാതിരാഷ്‌ട്രീയത്തിന്റെയും രാഷ്‌ട്രീയ ക്രിമിനലിസത്തിന്റെയും കൂത്തരങ്ങ്‌. പ്രതിശീർഷ വരുമാനത്തിൽ 33–ാമതാണ്‌ ബിഹാർ. 2015 മുതൽ ബിഹാർ ഭരിക്കുന്ന നിതീഷ്‌ കുമാർ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരം മുതലെടുക്കാൻ എന്തുകൊണ്ട്‌ പ്രതിപക്ഷ മഹാസഖ്യത്തിന്‌ കഴിഞ്ഞില്ല എന്നതാണ്‌ ഇ‍ൗ തെരഞ്ഞെടുപ്പ്‌ ഉയർത്തുന്ന പ്രധാന ചോദ്യം‍. തൊഴിൽ നൽകണമെന്നതുൾപ്പെടെ സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത ഒരു മുഖ്യമന്ത്രിയെയും സർക്കാരിനെയും ജനങ്ങൾ എന്തുകൊണ്ട്‌ മൂന്നാമതും അധികാരത്തിലേറ്റി എന്ന ചോദ്യത്തെ രണ്ടുതരത്തിൽ സമീപിക്കേണ്ടതുണ്ട്‌.


കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തെരഞ്ഞെടുപ്പിന്‌ നടത്തിയ തയ്യാറെടുപ്പുകളാണ്‌ ഒന്നാമത്തേത്‌. തെരഞ്ഞെടുപ്പ്‌ കമീഷനെ ഉപയോഗിച്ച്‌ നടത്തിയ വോട്ട്‌ ചോരി അതിൽ പ്രധാനം. 60 ലക്ഷത്തിലധികം പേരുകൾ വോട്ടർപ്പട്ടികയിൽനിന്ന്‌ നീക്കം ചെയ്‌തു. ആസൂത്രിതമായ കൃത്രിമമാണ്‌ അതിനായി നടത്തിയത്‌. ഒരുകോടി ബിഹാറുകാർക്ക്‌ വോട്ടവകാശം വിനിയോഗിക്കാനായില്ലെന്നാണ്‌ അ‍ന‍‍ൗദ്യോഗിക കണക്ക്‌. വോട്ടെടുപ്പ്‌ കഴിഞ്ഞിട്ടും ഫലം അട്ടിമറിക്കാനുള്ള വ്യാപകശ്രമങ്ങളും ഭരണം ഉപയോഗിച്ച്‌ നടത്തി. മറ്റൊന്ന്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ പ്രഖ്യാപിച്ച ധനസഹായമാണ്‌. സെപ്‌തംബറിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ റോസ്‌ഗാർ യോജന പദ്ധതിയുടെ ഗുണഭോക്താക്കളായ ൧.൧ കോടി വനിതകളുടെ അക്ക‍ൗണ്ടിൽ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പ്‌ പതിനായിരം രൂപവീതം നിക്ഷേപിച്ചത്‌ വോട്ടു മാത്രം ലക്ഷ്യമിട്ടുള്ള തട്ടിപ്പാണ്‌. ഇത്തരം ധനസഹായങ്ങളെ ആവർത്തിച്ചെതിർക്കുന്നയാളാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുമോർക്കണം. ഒറ്റത്തവണ മാത്രമുള്ള ഇ‍ൗ ധനസഹായത്തിന്റെ ലക്ഷ്യം സ്ഥിരമായ സാമൂഹ്യസുരക്ഷയല്ല, മറിച്ച്‌ വോട്ടായിരുന്നു എന്ന്‌ വ്യക്തമാകുകയാണ്‌. ഛഠ്‌ പൂജ അടക്കമുള്ള മതാനുഷ്‌ഠാനങ്ങളെ ബിജെപി ഫലപ്രദമായി രാഷ്‌ട്രീയനേട്ടങ്ങൾക്കായി ദുരുപയോഗിക്കുന്നതിന്‌ തെരഞ്ഞെടുപ്പുകാലത്ത്‌ ബിഹാർ സാക്ഷിയായി. ഇതിനൊപ്പം ചിരാഗ്‌ പാസ്വാന്റെ എൽജെപി (രാംവിലാസ്‌) എൻഡിഎയിലേക്ക്‌ തിരിച്ചെത്തിയതും നിർണായകമായി.


പ്രതിപക്ഷ മഹാസഖ്യത്തിന്റെ പിഴവുകളാണ് രണ്ടാമത്തെ കാര്യം. പരന്പരാഗത രീതിയിലുള്ള പ്രചാരണത്തിലായിരുന്നു ആർജെഡി കേന്ദ്രീകരിച്ചത്‌. അതേസമയം, തങ്ങൾക്കൊപ്പമുള്ള സവർണ, മധ്യവർഗ വോട്ടുകൾക്കൊപ്പം അതിപിന്നാക്ക വിഭാഗങ്ങളെയാണ്‌ എൻഡിഎ ലക്ഷ്യമിട്ടത്‌.


​മഹാസഖ്യത്തിന്‌ ഏറ്റവും വലിയ തിരിച്ചടിയായത്‌ കോൺഗ്രസിന്റെ പിടിവാശിയാണ്‌. പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്‌മയുടെ തുടക്കം അവിടെനിന്നാണ്‌. 2020ൽ 70 സീറ്റ്‌ പിടിച്ചുവാങ്ങിയ കോൺഗ്രസിന്‌ 19 സീറ്റിലാണ്‌ ജയിക്കാനായത്‌. ഇത്തവണ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റ സ്ഥിതി അതിദയനീയം. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പ്രചാരണരംഗത്ത്‌ തിരിഞ്ഞുനോക്കിയില്ല. ദീർഘകാലം ബിഹാർ ഭരിച്ച കോൺഗ്രസിന്‌ താഴെത്തട്ടിൽ പ്രവർത്തകരില്ലെന്നതും സംഘടന ശിഥിലമായതും സമ്മതിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. മഹാസഖ്യത്തിന്റെ പ്രചാരണമെന്നത്‌ എല്ലാ മണ്ഡലത്തിലും ഓടിനടന്ന്‌ പ്രസംഗിച്ച തേജസ്വി യാദവിന്റെ വൺമാൻ ഷോ ആയി മാറിയപ്പോൾ സ്വന്തം മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിനായില്ല. വോട്ടർ അധികാർ യാത്ര നടത്തിയശേഷം രാഹുൽ ഗാന്ധി ബിഹാറിലെത്തിയത്‌ മാസങ്ങൾക്കുശേഷം പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ. സ്വന്തം ദ‍ൗർബല്യം തിരിച്ചറിയാതെ 61 സീറ്റ്‌ പിടിച്ചുവാങ്ങുകയും സിപിഐയുടെ ഉറച്ച മണ്ഡലമായ ബച്ച്‌വാഡ അടക്കം നാലിടത്ത്‌ മുന്നണിമര്യാദ പാലിക്കാതെ സ്ഥാനാർഥികളെ നിർത്തുകയും ചെയ്‌ത കോൺഗ്രസിന്‌ ഇ‍ൗ പതനത്തിൽ സുപ്രധാന പങ്കുണ്ട്‌.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിൽ നിന്നുമുൾപ്പെടെയുള്ള വലിയ മാധ്യമസംഘം തെരഞ്ഞെടുപ്പ്‌ റിപ്പോർട്ട്‌ ചെയ്യാനായി ബിഹാറിൽ എത്തിയിരുന്നു. അതിദരിദ്രവും ദയനീയവുമായ ബിഹാർഗ്രാമങ്ങളുടെ ചിത്രം മാധ്യമങ്ങൾ വരച്ചുകാട്ടിയിരുന്നു. യഥാർഥത്തിൽ ജനഹിതം പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നില്ല നടന്നത്‌. ആസൂത്രിതമായ ഇത്തരം അട്ടിമറികൾക്കെതിരെ രാജ്യവ്യാപകപ്രതിഷേധമുയരണം.


ഇ‍ൗ തെരഞ്ഞെടുപ്പുഫലം തീർച്ചയായും ദേശീയരാഷ്‌ട്രീയത്തിൽ നിർണായകമാണ്‌. ഇന്ത്യൻ സമൂഹത്തിലെ വർഗീയധ്രുവീകരണ ശ്രമങ്ങൾ കൂടുതൽ തീവ്രമാക്കാൻ സംഘപരിവാറിന്‌ വഴിയൊരുക്കുന്ന ജനവിധിയാണ്‌ എന്നതുകൊണ്ടുതന്നെ, ഇന്ത്യ എന്ന ആശയം നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവർ വർഗീയതക്കെതിരെ പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പിന് ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുകയാണ് വേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home