ബിഹാറിലെ പോരാട്ടം രാജ്യത്തിന് നിർണായകം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയമായി ഏറ്റവും ചടുലമായ ബിഹാർ നിർണായക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ തിരക്കിട്ട് നടത്തിയ വോട്ടർപ്പട്ടിക പരിഷ്‌കരണം വിളിച്ചുവരുത്തിയ പ്രതിഷേധവും തർക്കങ്ങളും തുടരവെയാണ് 243 അംഗ നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബർ ആറ്, 11 തീയതികളിൽ വോട്ടെടുപ്പും 14ന് വോട്ടെണ്ണലും നടക്കും. ഏഴുകോടി 43 ലക്ഷംപേർക്കാണ് വോട്ടവകാശമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇവരിൽ 14 ലക്ഷംപേർ കന്നി വോട്ടർമാരാണ്. ആർജെഡി, കോൺഗ്രസ്, സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎൽജെപി, ജെഎംഎം, വികാസ്‌ശീൽ ഇൻസാൻ പാർടി എന്നിവ ഉൾപ്പെട്ട മഹാസഖ്യവും ജെഡിയു, ബിജെപി, എൽജെപി, എച്ച്‌എഎം, രാഷ്‌ട്രീയ ലോക്‌മോർച്ച എന്നിവ അടങ്ങിയ എൻഡിഎയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കും.
കഴിഞ്ഞ 25 വർഷം രാഷ്‌ട്രീയചാഞ്ചാട്ടങ്ങൾവഴി ഒന്പതുതവണ മുഖ്യമന്ത്രിയായ നിതീഷ്‌കുമാർ പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയിൽനിന്നുതന്നെ കടുത്ത വെല്ലുവിളി നേരിടുകയാണ്. 2020ലെ തെരഞ്ഞെടുപ്പിൽ എൽജെപി നേതാവ് ചിരാഗ് പാസ്വാനെ ഉപയോഗിച്ച് ബിജെപി നിതീഷിന്റെ ചിറകുകൾ അരിയാൻ ശ്രമിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ചിരാഗിന്റെ പ്രചാരണം ഏതാണ്ട് പൂർണമായും നിതീഷിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു. 243 അംഗ നിയമസഭയിൽ, നിതീഷിന്റെ പാർടിയായ ജെഡിയുവിന്റെ അംഗബലം 43 ആയി ചുരുങ്ങുകയും ചെയ്‌തു; 2015ൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചപ്പോൾ ജെഡിയുവിന് 71 സീറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞതവണ എൻഡിഎയിൽ ബിജെപിക്ക് 74 സീറ്റിൽ ജയിക്കാനായെങ്കിലും ഒൗദാര്യം എന്ന നിലയിൽ നിതീഷിന് മുഖ്യമന്ത്രിസ്ഥാനം നൽകുകയായിരുന്നു.
സർവമേഖലകളിലും ബിജെപി പിടിമുറുക്കുന്നത് സഹിക്കാൻ കഴിയാതെവന്നപ്പോൾ എൻഡിഎ വിട്ട് മഹാസഖ്യത്തിലെ കക്ഷികൾക്കൊപ്പം ചേർന്ന് 2022 ആഗസ്‌തിൽ പുതിയ സർക്കാർ രൂപീകരിച്ച നിതീഷ്, അവിടെയും ഉറച്ചുനിന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് 2024 ജനുവരി 28ന്, കാരണമൊന്നും പറയാതെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് അതേദിവസംതന്നെ ബിജെപിയുമായി ചേർന്ന് വീണ്ടും അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് അടക്കമുള്ള ആർജെഡി പ്രതിനിധികൾക്ക് കൂടുതൽ ജനപ്രീതി ലഭിച്ചതാണ് നിതീഷിനെ ചേരിമാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് രാഷ്‌ട്രീയനിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. ബിഹാറിൽ രാഷ്‌ട്രീയ അട്ടിമറിക്ക് തക്കംപാർത്തിരുന്ന ബിജെപി അവസരം മുതലാക്കുകയും ചെയ്‌തു. ഭരണപരാജയത്തിന്റെ ഉത്തരവാദിത്വമാകെ നിതീഷിൽ കെട്ടിവച്ച് സ്വന്തംനില സുരക്ഷിതമാക്കാൻ ശ്രമം തുടരുകയാണ് ബിജെപി.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് വോട്ടർപ്പട്ടികയിൽ തീവ്ര പുനഃപരിശോധന നടത്താൻ കമീഷൻ ഇറങ്ങിപ്പുറപ്പെട്ടത് കടുത്ത പ്രതിഷേധത്തിനും നിയമയുദ്ധത്തിനും ഇടയാക്കി. നിലവിലുണ്ടായിരുന്ന വോട്ടർപ്പട്ടികയിൽനിന്ന് 68.66 ലക്ഷംപേരെ വെട്ടിയിരിക്കുകയാണ്. വോട്ടവകാശത്തിനുള്ള 12–ാമത്തെ രേഖയായി ആധാർ പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശവും തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടില്ല.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ അജൻഡ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിന്നുകൊടുക്കുകയാണെന്ന ആരോപണം ശക്തമാണ്. ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാനാണ് കമീഷൻ സങ്കീർണമായ നടപടികൾവഴി ശ്രമിക്കുന്നതെന്ന് രാഷ്‌ട്രീയപാർടികൾ ആരോപിക്കുന്നു. കഴിഞ്ഞതവണ എൻഡിഎയ്‌ക്ക് മഹാസഖ്യത്തെ അപേക്ഷിച്ച് 0.2 ശതമാനം വോട്ടുമാത്രമാണ് കൂടുതൽ ലഭിച്ചത്. എൻഡിഎയുടെ ഭരണപരാജയത്തിനെതിരെ പ്രതിപക്ഷപാർടികൾ ദീർഘവും വിപുലവുമായ സമരപരിപാടികളിലുമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാൻ ഉതകുന്ന ജനവിധിയാണ് ബിഹാറിൽ ഉണ്ടാകേണ്ടതെന്ന് ജനാധിപത്യവിശ്വാസികൾ ആഗ്രഹിക്കുന്നു. 2020ൽ ബിഹാറിൽ മഹാസഖ്യത്തിന് വിജയം നഷ്ടമായതിനുപിന്നിൽ കോൺഗ്രസിന്റെ ജാഗ്രതക്കുറവ് ആ പാർടിയുടെ നേതാക്കളടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തവണ പിഴവുകളില്ലാത്ത പോരാട്ടം മഹാസഖ്യത്തിലെ എല്ലാ പാർടികളും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.










0 comments