ad
Deshabhimani

print edition ബാങ്കിങ്‌ ലയനം കോർപറേറ്റുകളെ സഹായിക്കാൻ​

bank merging
വെബ് ഡെസ്ക്

Published on Oct 23, 2025, 12:00 AM | 2 min read


രാജ്യത്തെ ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്‌ രണ്ടോ മൂന്നോ വൻകിട ബാങ്കുകളാക്കി മാറ്റാനുള്ള മോദിസർക്കാരിന്റെ നീക്കം ഇ‍ൗ മേഖലയിൽ വലിയ ആശങ്കകളാണ്‌ ഉയർത്തുന്നത്‌. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വലിയതോതിൽ വിറ്റഴിച്ച്‌ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയും മോദിസർക്കാരിനുണ്ട്‌. 1991ൽ കോൺഗ്രസ്‌ സർക്കാർ തുടക്കമിട്ട കോർപറേറ്റ്‌ അനുകൂല സാമ്പത്തികപരിഷ്‌കാരങ്ങളുടെ തുടർച്ചയാണ്‌ ബാങ്കിങ്‌ മേഖലയിലുണ്ടാകുന്ന മാറ്റങ്ങളും.


നിലവിൽ 12 പൊതുമേഖലാ ബാങ്കുകളാണ്‌ രാജ്യത്ത്‌ ശേഷിക്കുന്നത്‌. ഇതിൽ ഒമ്പത്‌ ബാങ്കുകളെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, കനറാ ബാങ്ക്‌ എന്നിവയിൽ ലയിപ്പിച്ച്‌ മൂന്ന്‌ വൻകിട ബാങ്കുകളെ സൃഷ്ടിക്കാനാണ്‌ ശ്രമം. 2008ൽ ബാങ്ക്‌ ഓഫ്‌ സ‍‍ൗരാഷ്ട്രയെ എസ്‌ബിഐയിൽ ലയിപ്പിച്ച്‌ യുപിഎ സർക്കാരാണ്‌ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന്‌ തുടക്കമിട്ടത്‌. 2010ൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇൻഡോറിനെയും എസ്‌ബിഐയിൽ ലയിപ്പിച്ചു.


2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം ലയന നടപടി സജീവമായി. 2017ൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ അടക്കം ശേഷിക്കുന്ന സ്‌റ്റേറ്റ്‌ ബാങ്കുകളെക്കൂടി എസ്‌ബിഐയിൽ ലയിപ്പിച്ചു. 2019, 20 വർഷങ്ങളിലും ലയനപ്രക്രിയ തുടർന്നു. മോദിസർക്കാർ അധികാരത്തിലെത്തുമ്പോൾ 19 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നത്‌ തുടർച്ചയായ ലയനങ്ങളോടെ പന്ത്രണ്ടായി ചുരുങ്ങി. ഇവയെ വീണ്ടും ലയിപ്പിച്ച്‌ മൂന്ന്‌ വൻകിട ബാങ്കുകളാക്കുകയെന്ന നിർദേശം നിതി ആയോഗിന്റേതാണ്‌. ആഗോള ബാങ്കിങ്‌ മേഖലയിൽ മത്സരത്തിന്‌ പ്രാപ്‌തിയുള്ള ബാങ്കുകളെ സൃഷ്ടിക്കാനെന്ന പേരിലാണ്‌ കൂട്ടലയന നീക്കം.


നഗരമേഖലകൾക്കും വൻകിട വ്യവസായങ്ങൾക്കും മാത്രമായി സേവനം പരിമിതപ്പെടുത്തിയിരുന്ന സ്വകാര്യ ബാങ്കുകൾമാത്രമാണ്‌ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ ഇന്ത്യയിലുണ്ടായിരുന്നത്‌. കാർഷിക–ഗ്രാമീണ മേഖലകൾക്ക്‌ ബാങ്കിങ്‌ സേവനം അപ്രാപ്യമായിരുന്നു. 1955ൽ എസ്‌ബിഐയും 1959ൽ എസ്‌ബിഐയുടെ ഉപബാങ്കുകളും പൊതുമേഖലയിൽ രൂപപ്പെട്ടു. ഇടതുപക്ഷ പാർടികളുടെയുംമറ്റും സ്വാധീനഫലത്താൽ 1969ൽ 14 സ്വകാര്യബാങ്കുകൾ ദേശസാൽക്കരിച്ചു. 1980ൽ ആറു ബാങ്കുകൾകൂടി പൊതുമേഖലയിലായി. ഇതോടെ ഉൾഗ്രാമങ്ങളിലേക്ക്‌ അടക്കം ബാങ്കിങ്‌ സേവനം എത്തി.


കൃഷി, തൊഴിലുകൾ സൃഷ്ടിക്കുന്ന ഉൽപ്പാദനപ്രവർത്തനങ്ങൾ, ഗ്രാമവികസനം, ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലസ‍ൗകര്യം, ചെറുകിട–ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾ ബാങ്കുകളുടെ മുൻഗണനാപട്ടികയിലായി. വിശ്വസനീയമായ ബാങ്കിങ്‌ സേവനം സാധാരണക്കാർക്ക്‌ ആശ്വാസമായി. വേഗത്തിലുള്ള സാമ്പത്തികവികാസത്തിനും ദേശസാൽക്കരണം വഴിവച്ചു.

1991ലെ സാമ്പത്തികപരിഷ്‌കാരങ്ങൾ ബാങ്കിങ്‌ മേഖലയിലും മാറ്റങ്ങൾക്ക്‌ വഴിവച്ചു. സ്വകാര്യബാങ്കുകൾ രൂപപ്പെട്ടു. വിദേശ ബാങ്കുകളും പ്രവർത്തനം ആരംഭിച്ചു. ഇതോടെ പൊതുമേഖലാ ബാങ്കുകളുടെയും പ്രവർത്തനരീതികളിൽ മാറ്റങ്ങൾ പ്രകടമായി. കോർപറേറ്റ്‌ മേഖലയിലേക്ക്‌ വലിയതോതിൽ വായ്‌പപ്പണം ഒഴുകി. വലിയതോതിലുള്ള കിട്ടാക്കടവും രൂപപ്പെട്ടു. ഇത്‌ തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങൾ ഉ‍ൗർജിതമാക്കുന്നതിനുപകരം, കിട്ടാക്കടം എഴുതിത്തള്ളുന്ന പ്രവണതയേറി.


പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമൂലധനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമ്പോഴും ‘കാര്യക്ഷമത’ പോരാ എന്ന നിലപാടിലാണ്‌ മോദിസർക്കാരും ആർബിഐയും നിതി ആയോഗുമെല്ലാം. ക്രമേണയുള്ള സ്വകാര്യവൽക്കരണമാണ്‌ ലക്ഷ്യമിടുന്നത്‌. നിലവിലെ വൻകിട ലയന നീക്കമെല്ലാം ഇതിനുള്ള ഒരുക്കങ്ങളായി കാണാം. സ്വകാര്യവൽക്കരണ–ലയന നീക്കങ്ങൾക്കെതിരായി ഇ‍ൗ മേഖലയിലെ ജീവനക്കാരുടെ സംഘടനകൾ വലിയ എതിർപ്പാണ്‌ ഉയർത്തുന്നത്‌. ശാഖകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കൽ, ഗ്രാമീണമേഖലയിൽനിന്ന്‌ പിൻവാങ്ങൽ,‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കൽ, പുതിയ നിയമനങ്ങൾ വേണ്ടെന്നുവയ്‌ക്കൽ, ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കൽ തുടങ്ങിയ ‘ആധുനിക’ മാനേജ്‌മെന്റ്‌ നടപടികൾ സ്വകാര്യവൽക്കരണ–ലയന നീക്കങ്ങളുടെ ഭാഗമായി സംഭവിക്കുന്നുണ്ട്‌.


പൊതുമേഖലാ ബാങ്കുകളിലാകെ പത്തുലക്ഷത്തോളം ജീവനക്കാരുണ്ടായിരുന്നത്‌ ഏഴരലക്ഷത്തോളമായി കുറഞ്ഞിട്ടുണ്ട്‌. പുതിയ നിയമനങ്ങൾ കുറച്ചതോടെ ജീവനക്കാരുടെ എണ്ണം കൂടുതൽ ഇടിയുമെന്നു തീർച്ച. ഇത്‌ നിലവിലെ ജീവനക്കാരുടെ ജോലിസമ്മർദമേറ്റും. സ്വകാര്യ മേഖലയുമായുള്ള മത്സരത്തിന്റെ പേരിൽ സേവനങ്ങൾ കോർപറേറ്റുകൾക്കായി കൂടുതൽ പരിമിതപ്പെടുത്തുന്നത്‌ കാർഷികമേഖലയ്‌ക്കും ഗ്രാമീണമേഖലയ്‌ക്കും തിരിച്ചടിയാകും. അമേരിക്കയിലുംമറ്റും സ്വകാര്യ ബാങ്കുകളുടെ തകർച്ച തുടർച്ചയായി സംഭവിച്ചിട്ടും മോദിസർക്കാർ പാഠം ഉൾക്കൊള്ളാതെ സ്വകാര്യവൽക്കരണപാതയിൽ നീങ്ങുകയാണ്‌. ബാങ്കിങ്‌ മേഖലയിലെ ഇത്തരം വലതുപക്ഷ സാമ്പത്തികനടപടികൾക്കെതിരായി ജീവനക്കാർക്കൊപ്പം അണിചേർന്നുള്ള രാഷ്ട്രീയസമരം ഉയർത്തേണ്ടതുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home