ad
Deshabhimani

ബംഗ്ലാദേശ്‌ ജനവിധി നൽകുന്ന പാഠങ്ങൾ

editorial.
വെബ് ഡെസ്ക്

Published on Feb 14, 2026, 12:00 AM | 2 min read

ഷേയ്‌ഖ്‌ ഹസീനസർക്കാരിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലേറുമ്പോൾ ഒന്നരവർഷം നീണ്ട അനിശ്ചിതത്വത്തിന്‌ താൽക്കാലികമായെങ്കിലും വിരാമമാവുകയാണ്‌. പാർലമെന്റിലേക്ക്‌ വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ 299ൽ 212 സീറ്റ്‌ നേടി ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാർടി (ബിഎൻപി) സഖ്യം വൻ തിരിച്ചുവരവാണ്‌ നടത്തിയത്‌. ദീർഘകാലം ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്ന ഇസ്ലാമിക രാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമി ഇത്തവണ ഭരണംപിടിക്കുമെന്ന പ്രതീതി സൃഷ്‌ടിച്ചിരുന്നെങ്കിലും അത്‌ വ്യാമോഹമായി കലാശിച്ചു.


ഹസീനസർക്കാരിനെ വീഴ്‌ത്തിയ വിദ്യാർഥി–-യുവജന പ്രക്ഷോഭം നയിച്ചവരിൽ ചിലർ ചേർന്ന്‌ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർടിയെയും (എൻസിപി) തങ്ങളുടെ സഖ്യത്തിൽ ഉൾപ്പെടുത്താൻ സാധിച്ചതാണ്‌ ജമാഅത്തെ ഇസ്ലാമിയെ അതിരുകവിഞ്ഞ പ്രതീക്ഷയിലെത്തിച്ചത്‌. എന്നാൽ, വിവേകപൂർവം വോട്ട്‌ ചെയ്‌ത ബംഗ്ലാദേശ്‌ ജനത മതരാഷ്‌ട്രവാദികൾക്ക്‌ കനത്ത തിരിച്ചടി നൽകിയതിനൊപ്പം അവരുടെ സഖ്യത്തിൽ ചേർന്ന എൻസിപിയെയും പാഠം പഠിപ്പിച്ചു. 30 സീറ്റിൽ മത്സരിച്ച ‘ജെൻ സീ’ പാർടിക്ക്‌ ആറിടത്തുമാത്രമാണ്‌ വിജയിക്കാനായത്‌.


ഒന്നരവർഷമായി രാജ്യം ഭരിച്ചുവന്ന ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌. 350 അംഗ പാർലമെന്റിലെ 50 സീറ്റ്‌ സ്‌ത്രീകൾക്ക്‌ സംവരണം ചെയ്‌തിട്ടുള്ളതാണ്‌. ലഭിച്ച വോട്ടിന്‌ ആനുപാതികമായി കക്ഷികൾക്ക്‌ ഈ സീറ്റുകളിലേക്ക്‌ അംഗങ്ങളെ നിശ്ചയിക്കാം. ഒരു സീറ്റിൽ സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. ജനാധിപത്യഭരണം പുനരാരംഭിക്കുമെങ്കിലും ഇടക്കാല സർക്കാർ വിലക്കേർപ്പെടുത്തിയതിനാൽ ബംഗ്ലാദേശിന്റെ വിമോചനപോരാട്ടം നയിച്ച അവാമി ലീഗിന്‌ മത്സരിക്കാൻ സാധിച്ചില്ല എന്നത്‌ ഈ തെരഞ്ഞെടുപ്പിന്റെ ശോഭ കുറയ്‌ക്കുന്നതാണ്‌.


രാജ്യത്തെ രണ്ടു പ്രധാന കക്ഷികളിൽ ഒന്നായ അതിന്റെ അഭാവത്തിൽ 60 ശതമാനത്തിൽ താഴെയാണ്‌ പോളിങ്. പ്രധാനമന്ത്രിസ്ഥാനം ഒരാൾക്ക്‌ പരമാവധി രണ്ടുവട്ടം എന്നതടക്കം ഭരണഘടനാപരിഷ്‌കാരങ്ങളും പാർലമെന്റ്‌ തെരഞ്ഞെടുപ്പിനൊപ്പം ജനഹിതമറിയാൻ വച്ചപ്പോൾ അതിനനുകൂലമായാണ്‌ ജനവിധി. കോടതികൾക്ക്‌ കൂടുതൽ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പുകൾ ഇടക്കാല നിഷ്‌പക്ഷ സർക്കാരുകൾക്ക്‌ കീഴിൽ, കൂടുതൽ സ്‌ത്രീപ്രാതിനിധ്യം തുടങ്ങിയവയും പരിഷ്‌കാരങ്ങളിൽ ഉൾപ്പെടുന്നു.



പിറവിയെടുത്തിട്ട്‌ 55 വർഷം തികയാൻ പോകുന്ന ബംഗ്ലാദേശ്‌ തുടക്കംമുതൽ രക്തരൂഷിതമായ അധ്യായങ്ങളിലൂടെയാണ്‌ കടന്നുപോന്നത്‌. രാഷ്‌ട്രപിതാവും അവാമി ലീഗ്‌ സ്ഥാപകനുമായ ഷേഖ്‌ മുജിബുർ റഹ്‌മാനും ഭൂരിപക്ഷം കുടുംബാംഗങ്ങളും നാലുവർഷത്തിനകം പട്ടാള അട്ടിമറിയിൽ വധിക്കപ്പെട്ടു. അട്ടിമറിക്കാലത്ത്‌ സൈന്യത്തിന്റെ ഉപമേധാവിയായിരുന്ന സിയ ഉർ റഹ്‌മാൻ പിന്നീട്‌ പ്രസിഡന്റായിരിക്കെ ആറുവർഷത്തിനകം അടുത്ത പട്ടാള അട്ടിമറിയിൽ വധിക്കപ്പെട്ടു. പിന്നീട്‌ പതിറ്റാണ്ടോളം നീണ്ട പട്ടാളവാഴ്‌ചയ്‌ക്കുശേഷം 1991ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതുമുതൽ സിയയുടെ ഭാര്യ ഖാലിദ സിയ നയിച്ച ബിഎൻപിയും മുജിബിന്റെ മകൾ ഷേയ്‌ഖ്‌ ഹസീന നയിക്കുന്ന അവാമി ലീഗുമാണ്‌ മാറിമാറി ഭരിച്ചത്‌.


ഒരിടവേളയ്‌ക്കുശേഷം 2009ൽ തിരിച്ചെത്തിയതുമുതൽ 2024 ആഗസ്‌തിൽ പ്രക്ഷോഭത്തിൽ പുറത്താകുന്നതുവരെ ഹസീനയാണ്‌ ഭരിച്ചത്‌. പാക്‌ സൈന്യത്തിനൊപ്പം ചേർന്ന്‌ കൂട്ടബലാത്സംഗങ്ങളടക്കം നടത്തുകയും വിമോചനപോരാളികളെ കൂട്ടക്കൊലയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്‌ത ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾക്ക്‌ കടുത്ത ശിക്ഷ നൽകിയ ഹസീനയുടെ ഭരണം മതരാഷ്‌ട്രവാദികളെ മൂലയിൽ ഒതുക്കിയിരുന്നു. എന്നാൽ, ഹസീനയെ വീഴ്‌ത്തിയ പ്രക്ഷോഭകരെ കൂട്ടുപിടിച്ച്‌ ഈ തെരഞ്ഞെടുപ്പിൽ സീറ്റ്‌ വർധിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക്‌ സാധിച്ചു. എങ്കിലും അവർ അധികാരത്തിനടുത്ത്‌ എത്തിയില്ല എന്നത്‌ ആക്രമണങ്ങൾ നേരിടുന്ന ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക്‌ ആശ്വാസം പകരുന്നതാണ്‌.


ഖാലിദ സിയ അടുത്തിടെ അന്തരിക്കുകയും ഷേയ്‌ഖ്‌ ഹസീന ഇന്ത്യയിൽ അഭയാർഥിയായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, പുതിയ തലമുറയിലേക്ക്‌ ബംഗ്ലാദേശ്‌ രാഷ്‌ട്രീയം പരിണമിക്കുകയാണ്‌. ഖാലിദ സിയയുടെ മകൻ താരീഖ്‌ റഹ്‌മാനായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നതിനാൽ രണ്ടുപതിറ്റാണ്ടിനുശേഷം അധികാരം ആ കുടുംബത്തിൽ തിരിച്ചെത്തുകയാണ്‌. ഹസീന അധികാരമേറ്റപ്പോൾ അഴിമതിക്കേസുകളിൽ അറസ്റ്റ്‌ ഭയന്ന്‌ രാജ്യംവിട്ട താരീഖ്‌ അടുത്തിടെയാണ്‌ തിരിച്ചെത്തിയത്‌. ബംഗ്ലാദേശ്‌ രാഷ്‌ട്രീയത്തിലെ രീതിയനുസരിച്ച്‌ മാതാവിന്റെ പ്രതിയോഗിയായിരുന്ന ഹസീനയെയും കുടുംബത്തെയും വേട്ടയാടാനാണ്‌ താരീഖ്‌ മുൻഗണന നൽകുന്നതെങ്കിൽ അവിടെ കാലത്തിനനുസരിച്ച മാറ്റത്തിന്‌ സാധ്യത കാണുന്നില്ല. ഹസീനയെ വീഴ്‌ത്തിയ യുവരോഷം ബിഎൻപി സർക്കാരിനെതിരെയും തിരിയാം. അത്തരം സാഹചര്യം മതരാഷ്‌ട്രവാദികൾക്ക്‌ വീണ്ടും വളരാൻ അവസരമൊരുക്കുന്നതായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home