ad
Deshabhimani

ഇനി നിർണായക
നിമിഷങ്ങൾ

editorial.
വെബ് ഡെസ്ക്

Published on Mar 16, 2026, 12:00 AM | 3 min read

നമ്മുടെ നാട് ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ജനാധികാരത്തിന്റെ അർഥപൂർണമായ വിനിയോഗത്തിന് തീയതി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന്റെ പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ ഒന്പതിന് നടക്കും. വരുംകാല കേരളം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരം. പ്രചാരണത്തിന് ഇനി 23 ദിവസംമാത്രം.


​മറ്റ് നാല്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഞായറാഴ്ച ഡൽഹിയിൽ പ്രഖ്യാപിച്ചു. അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒന്പതിന് തന്നെയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ അടുത്തമാസം 23നും ബംഗാളിൽ 23നും 29നും രണ്ടുഘട്ടമായും നടക്കും. വോട്ടെണ്ണൽ മെയ് നാലിന്. എസ്ഐആറിനുശേഷം പ്രസിദ്ധീകരിച്ച പട്ടികപ്രകാരം കേരളത്തിൽ 2.7 കോടി വോട്ടർമാരാണുള്ളത്. 4.24 ലക്ഷം പുതിയ വോട്ടർമാർ.


​ജനാധിപത്യസംവിധാനത്തിൽ ഓരോ തെരഞ്ഞെടുപ്പിനും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ, കേരളത്തെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാകുന്നത് 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് തുടർച്ച വേണമെന്ന് നാടാകെ ആഗ്രഹിക്കുന്ന, ആ ലക്ഷ്യത്തോടെ ജനങ്ങൾ മുന്നേറുന്ന സാഹചര്യത്തിലാണ് എന്നതാണ്. എവിടെയും തുടർഭരണത്തിന്റെ സ്പന്ദനങ്ങൾ. ഒരിടത്തും ഭരണവിരുദ്ധ വികാരമില്ല.


തെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണി നേരത്തെ ഒരുങ്ങി. തീയതി പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ സിപിഐ എമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പ്രചാരണം നയിക്കുമെന്ന് നേരത്തെതന്നെ പാർടി വ്യക്തമാക്കിയിട്ടുള്ളതാണ്. പിണറായി ധർമടത്തുനിന്ന് വീണ്ടും ജനവിധി തേടും.


​സിപിഐ എമ്മിന്റെയും സിപിഐയുടെയും എല്ലാ മന്ത്രിമാരും ജനവിധി തേടുന്നുണ്ട്. സ്വതന്ത്രരടക്കം 86 സീറ്റിൽ സിപിഐ എം മത്സരിക്കും. നിലവിലെ 56 എംഎൽഎമാർ മത്സരിക്കും. 25 സീറ്റിലും സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നമ്മൾ ഇന്ന് ജീവിക്കുന്ന ആധുനിക കേരളത്തിന്റെ നിർമാണത്തിൽ നവീനമായ ആശയങ്ങൾകൊണ്ടും ത്യാഗസന്നദ്ധമായ പ്രവർത്തനങ്ങൾകൊണ്ടും സമസൃഷ്ടി സ്നേഹത്തിന്റെ ദർശനംകൊണ്ടും ഭരണപാടവത്താലും കഴിവുതെളിയിച്ചവർ സ്ഥാനാർഥി പട്ടികയുടെ തിളക്കംകൂട്ടുന്നു.


കേരളത്തിന്റെ ദീപ്തി പടർത്താൻ എല്ലാ അർഥത്തിലും ശേഷിയും അറിവും അനുഭവവും പ്രതിഭയും പൊതുസ്വീകാര്യതയുമുള്ളവരാണ് ഇവർ. കേരളമാകെ അറിയപ്പെടുന്ന, മണ്ഡലങ്ങളിലെ ജനമനസ്സുകൾ തൊട്ടറിയുന്നവർ. വർഗീയതയെ നേരിടാൻ കെൽപ്പുള്ളവർ. ജനമുന്നേറ്റങ്ങളുടെ മുൻനിരപ്പോരാളികൾ. ജനതയുടെ കണ്ണീരിലും കിനാവിലും ഒപ്പം നിന്നവർ. എണ്ണമറ്റ സമരങ്ങളെ നയിച്ചവർ... എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയുടെ സവിശേഷതകൾ ഏറെയാണ്.


​ഇടതുപക്ഷത്തിനുമാത്രം നിർവഹിക്കാൻ കഴിയുന്ന ചരിത്രദൗത്യത്തിനാണ് 10 കൊല്ലമായി കേരളം സാക്ഷ്യംവഹിച്ചത്. കേരളത്തിന്റെ പുതിയൊരു ഉയിർത്തെഴുന്നേൽപ്പ്‌. ഏത്‌ മലയാളിക്കും നാട് പുതിയ ഭൂമിയും പുതിയ ആകാശവുമായി മാറിയ കാലം. മലമടക്കുകളിൽ, ഗ്രാമ– നഗരങ്ങളിൽ, തീരദേശങ്ങളിൽ, കാർഷിക-–വ്യാവസായിക മേഖലകളിൽ സംഭവിച്ച മൗലികമായ പരിവർത്തനങ്ങൾ ആർക്കും തൊട്ടറിയാം.


എവിടെയും മികച്ച ആധുനിക സൗകര്യങ്ങളോടെ സർക്കാരാശുപത്രികൾ, തലയെടുപ്പോടെ പൊതുവിദ്യാലയങ്ങൾ, ഒന്നാന്തരം റോഡുകൾ, പാലങ്ങൾ, ലൈഫിൽ അഞ്ചു ലക്ഷത്തിലേറെ വീടുകൾ, 62 ലക്ഷംപേർക്ക് ക്ഷേമപെൻഷൻ, അതിദാരിദ്ര്യമുക്തി, 32 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം പ്രതിമാസ ധനസഹായം തുടങ്ങി എത്ര വികസന- ക്ഷേമ, സാമൂഹ്യ സുരക്ഷാ നടപടികൾ ഈ സർക്കാർ നടപ്പാക്കി. ദേശീയപാത വികസനം, തീരദേശ മലയോര ഹൈവേകൾ, വിഴിഞ്ഞം തുറമുഖം, പൊതു–ഉന്നത വിദ്യാഭ്യാസരംഗത്തെ വമ്പിച്ച പുരോഗതി ... ഇതെല്ലാം നമ്മൾ നേരിൽ കണ്ടറിയുന്നതും അനുഭവിച്ചറിയുന്നതുമായ വസ്തുതകളാണ്. അവകാശവാദങ്ങളല്ല. മുണ്ടക്കൈ–ചൂരൽമല അതിജീവിതർക്കായി ടൗൺഷിപ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.


ഈ വികസന, ക്ഷേമ,സാമൂഹ്യ സുരക്ഷാനടപടികൾ എൽഡിഎഫിന് ജനമനസ്സുകളിൽ വലിയ ഇടംനേടിക്കൊടുത്തിട്ടുണ്ട്. ഇതൊക്കെ ചെയ്യാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നത് ജനങ്ങൾ സ്വയംപറയുന്ന കാര്യമാണ്. അതുതന്നെയാണ്‌ എൽഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യവും. ഇതേസമയം, സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കാൻപോലും കഴിയാതെ യുഡിഎഫ് വട്ടംകറങ്ങുകയാണ്.


​ഉപരോധസമാനമായ കേന്ദ്ര വിവേചനമടക്കം എല്ലാ പ്രതിസന്ധികളെയും സധൈര്യം മുറിച്ചുകടന്നാണ് എൽഡിഎഫ് കേരളത്തെ നയിച്ചത്. കേരളത്തിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്ര ബിജെപി സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നുവെന്നും ഇതോടൊപ്പം കാണണം. വലിയൊരു വിഭാഗം മാധ്യമങ്ങളും ഇതിനൊക്കെ അരുനിന്നു. ഒരുതരം കേരളവിരുദ്ധ സമീപനമാണ് ഇവരെല്ലാം സ്വീകരിച്ചത്. ഇതിനെല്ലാം ചുട്ടമറുപടി നൽകാൻ ജനങ്ങൾക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്.


​വർത്തമാനകാല ഇന്ത്യ നേരിടുന്ന കനത്ത വെല്ലുവിളിയായ തീവ്രഹിന്ദുത്വത്തിന്റെ ഉന്മാദത്തെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി ശക്തിയായി ചെറുക്കുന്ന ഇടതുപക്ഷ സർക്കാരാണ് 10 വർഷമായി കേരളം ഭരിക്കുന്നത്. ഹിന്ദുത്വ ഇന്ത്യയുടെ നിർമിതിക്കായുള്ള എല്ലാ നീക്കങ്ങളെയും ഈ സർക്കാർ എതിർത്തു. ഈ ദിശയിൽ കേരളം ഇനിയും മുന്നേറുന്നതിന് ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണമെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്നും കേരള ജനതയാകെ തിരിച്ചറിയുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഹിന്ദുത്വ അജൻഡകളെ തുറന്നെതിർക്കാൻ തയ്യാറായിട്ടില്ല.


ബിജെപിയുടെ തീവ്രഹിന്ദുത്വവും കോൺഗ്രസിന്റെ മൃദുഹിന്ദുത്വവും തോളോടുതോൾ ചേർന്നുനിൽക്കുന്നു. ഇതോടൊപ്പം തന്നെ, ഇടതുപക്ഷത്തെ നേരിടാൻ ജമാഅത്തെ ഇസ്ലാമിപോലുള്ള മതരാഷ്ട്രവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നു. അപ്പോൾ, എല്ലാത്തരം വർഗീയശക്തികളെയും നേരിട്ട് മതനിരപേക്ഷ കേരളം സംരക്ഷിക്കുന്നതിനും ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് ജനങ്ങൾ ചിന്തിക്കുന്നുണ്ട്. അതുറപ്പിക്കാനുള്ള നിർണായക നിമിഷങ്ങളാണ് ഇനിയുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home