ഭിന്നിപ്പിച്ച്‌ ഭരിക്കൽ ; വടക്കുകിഴക്കൻ മേഖലയിൽ അശാന്തി പടരുന്നു

bank merging
വെബ് ഡെസ്ക്

Published on Dec 02, 2025, 12:00 AM | 2 min read


രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയാകെ ബിജെപി ഭരണത്തിൽ കലാപകലുഷിതമായി മാറിയിരിക്കുകയാണ്‌. സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ അധികാരം നേടിയെടുക്കാനും നിലനിർത്താനും ബിജെപി കൈക്കൊള്ളുന്ന കുതന്ത്രങ്ങൾ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലയിൽ അടിക്കടി സംഘർഷങ്ങളും കലാപങ്ങളും രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവിലായി അസമിൽ പട്ടികവർഗ സംവരണ വിഷയത്തിൽ അക്രമാസക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കോൺഗ്രസിലെ ഗ്രൂപ്പുപോരിൽനിന്ന്‌ മുതലെടുത്തും വർഗീയവികാരം ആളിക്കത്തിച്ചുമാണ്‌ 2016ൽ ബിജെപി അസമിൽ അധികാരം പിടിച്ചത്‌.


വടക്കുകിഴക്കൻമേഖലയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ ഇ‍ൗ സംസ്ഥാനത്ത്‌ അടുത്തവർഷം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അതിശക്തമായ ഭരണവിരുദ്ധവികാരം പ്രകടമാണ്‌. കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയ ഹിമന്ത ബിസ്വ സർമ, 2021 മുതൽ ബിജെപിയുടെ മുഖ്യമന്ത്രിയായി തീവ്രവർഗീയ നിലപാടുകളോടെ ഭരിച്ചുവരികയാണ്‌. അടുത്ത തെരഞ്ഞെടുപ്പ്‌ നേരിടാൻ ഇതൊന്നും മതിയാകില്ലെന്നു കണ്ടാണ്‌ തീവ്ര വൈകാരികവിഷയങ്ങൾ എടുത്തിട്ട്‌ അപകടകരമായ രാഷ്‌ട്രീയക്കളി നടത്തുന്നത്‌.


തായ്‌ അഹോം, ചുട്ടിയ, മൊറാൻ, ടീ ട്രൈബ്‌സ്‌, മോതോക്ക്‌, കുബ്ബ്‌ രാജ്‌ബംഗ്‌ശി എന്നീ ആറ്‌ സമുദായത്തിന്‌ പട്ടികവർഗപദവി നൽകാൻ മന്ത്രിസഭാ ഉപസമിതി ശുപാർശ നൽകിയതാണ്‌ അസമിനെ പ്രക്ഷുബ്‌ധമാക്കിയത്‌. നിലവിൽ ഒബിസി വിഭാഗത്തിൽപ്പെട്ട ഇ‍ൗ സമുദായങ്ങൾ അസമിലെ ജനസംഖ്യയുടെ 27 ശതമാനം വരും. 2011ലെ സെൻസസ്‌ പ്രകാരം അസം ജനസംഖ്യയിൽ 12.5 ശതമാനം വരുന്ന പട്ടികവർഗക്കാരിൽ പകുതിയോളം ബോഡോകളാണ്‌. സമതലങ്ങളിൽ 10 ശതമാനവും പർവതമേഖലകളിൽ അഞ്ചുശതമാനവും സംവരണമാണ്‌ ഇപ്പോൾ പട്ടികവർഗക്കാർക്ക്‌ നൽകുന്നത്‌. കൂടുതൽ വിഭാഗങ്ങളെ പട്ടികവർഗപദവിയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ വന്നതോടെ ബോഡോലാൻഡ്‌ സർവകലാശാലയിലെ വിദ്യാർഥികൾ തെരുവിൽ ഇറങ്ങുകയും കൊക്രജാറിൽ സ്വയംഭരണ ക‍ൗൺസിൽ ആസ്ഥാനം അടിച്ചുതകർക്കുകയും ചെയ്‌തു.


കൂടുതൽ വിഭാഗങ്ങളെ പട്ടികവർഗപദവിയിൽ ഉൾപ്പെടുത്തുന്നത്‌ തങ്ങളുടെ രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാന്പത്തിക അവകാശങ്ങളെ അട്ടിമറിക്കുമെന്നാണ്‌ ഇവരുടെ വാദം. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക്‌ നീങ്ങുമെന്നാണ്‌ ബോഡോകളുടെ അന്ത്യശാസനം. പൊതുവെ ബിജെപിയെ പിന്തുണച്ചുവന്നവരാണ്‌ ബോഡോകൾ. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ ബോഡോകളിൽ അസ്വസ്ഥത സൃഷ്ടിച്ചപ്പോൾ, പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്താനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ്‌ വേണ്ടത്ര പഠനങ്ങളോ കൂടിയാലോചനകളോ കൂടാതെ സംവരണവിഷയം കൈകാര്യം ചെയ്യുന്നത്‌.


മണിപ്പുരിൽ മെയ്‌ത്തീ വിഭാഗത്തിന്‌ പട്ടികവർഗപദവി നൽകാനുള്ള നീക്കമാണ്‌ സംസ്ഥാനത്തെയാകെ രണ്ടായി വിഭജിച്ച കലാപത്തിന്‌ തിരികൊളുത്തിയത്‌. സംഘപരിവാർ സംഘടനകളുടെ വിദ്വേഷപ്രചാരണത്തിൽ നീറിനിന്ന സംസ്ഥാനം കത്തിപ്പടരാൻ വഴിയൊരുക്കിയ വിഷയം രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കരുതലോടെ കൈകാര്യം ചെയ്യാൻ ബിജെപി ശ്രമിക്കുന്നില്ല. ക്രമസമാധാനരംഗത്ത്‌ അസം നേരിടുന്ന വൻതകർച്ച ചർച്ചയായിരിക്കെ അക്കാര്യം മറച്ചുപിടിക്കാനുള്ള തന്ത്രമായും ഇ‍ൗ നീക്കങ്ങളെ കാണാം. ത്രിപുരയിൽ ഇടതുപക്ഷമുന്നണി ഭരണകാലത്ത്‌ വിഘടനവാദികളെ കൂട്ടുപിടിച്ചാണ്‌ ബിജെപി അസ്വസ്ഥതകളും കലാപങ്ങളും പടർത്തിയത്‌.


വിഘടനവാദികൾക്ക്‌ നൽകിയ അപ്രായോഗിക വാഗ്‌ദാനങ്ങൾ പിന്നീട്‌ ബിജെപി നേതൃത്വം തള്ളിപ്പറയുകയും ചെയ്‌തു. ത്രിപുരയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം കള്ളക്കളികൾവഴിയാണ്‌ അവർ അധികാരം നിലനിർത്തിയത്‌. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിലും ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്നതാണ്‌ ബിജെപിയുടെ സമീപനം.


ബിജെപിയുടെ സ്വാധീനം വർധിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭരണസ്ഥിരതയും വികസനവും കൈവരിച്ചുവെന്ന ആഖ്യാനം പ്രചരിപ്പിക്കാൻ കഴിഞ്ഞവർഷങ്ങളിൽ ആസൂത്രിതശ്രമം ഉണ്ടായി. ചില മലയാളമാധ്യമങ്ങൾ ഇത്‌ ഏറ്റുപിടിക്കുകയും ചെയ്‌തു. ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന വ്യാജപ്രതീതി വളർത്താനും ഇവർ ശ്രമിച്ചു. കബളിപ്പിക്കൽ തന്ത്രങ്ങളുടെ ഭാഗമായി ബിജെപി ചിലപ്പോഴൊക്കെ അണിയുന്ന പൊയ്‌മുഖവും അഴിഞ്ഞുവീഴുകയാണ്‌. നാട്ടിൽ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കി പിന്തുണ വർധിപ്പിക്കാനല്ല, സാമൂഹിക ഐക്യവും സമുദായസ‍ൗഹാർദവും തകർക്കുന്ന നടപടികൾവഴി കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ്‌ അവർ സദാ ശ്രമിക്കുന്നതെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌ ഇ‍ൗ സംഭവവികാസങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home