പ്രാണവായുവിനായി കേഴുന്നവരോടുള്ള യുദ്ധം

അമൂല്യമായ പ്രകൃതിവിഭവങ്ങൾ കുത്തകകളുടെ ചൂഷണങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്നതും അതിനെതിരെ ജനകീയപ്രതിഷേധങ്ങൾ ഉയരുന്നതും ഇന്ത്യയിലെമാത്രം അനുഭവമല്ല. നവ ഉദാര സാന്പത്തിക കുറിപ്പടി പിന്തുടരുന്ന ഭരണാധികാരികളും അവരുടെ കോർപറേറ്റ് യജമാനന്മാരും ചേർന്ന് വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി സന്തുലനം തകർക്കുംവിധമാണ് പ്രകൃതിയെ കൊള്ളയടിക്കുന്നത്.
ആമസോണിലെ മഴക്കാടുകൾ വെട്ടിവെളുപ്പിക്കാൻ കുത്തകകളുടെ കോടാലിക്കൈ ആയിമാറിയ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോ, ഓസ്‌ട്രേലിയൻ കൽക്കരി ഖനികൾ ഗൗതം അദാനിക്ക് എഴുതിക്കൊടുക്കാൻ ശ്രമിക്കുന്ന ആന്തോണി അൽബനീസ്, ഇന്ത്യയിലെ ഖനനമേഖല സ്വകാര്യമേഖലയുടെ തോന്നിയവാസത്തിന് എറിഞ്ഞുകൊടുക്കുന്ന നരേന്ദ്ര മോദി... അങ്ങനെ എത്ര ഭരണാധികാരികൾ. ഇൗ പട്ടിക അവസാനിക്കുന്നേയില്ല.
ഇൗ രാജ്യങ്ങളിലൊക്കെ ഉയരുന്ന ജനകീയപ്രക്ഷോഭം അവിടത്തെ ഭരണാധികാരികൾക്ക് ശക്തമായ താക്കീതായി മാറുന്നുണ്ട്. ബ്രസീലിലും ഓസ്‌ട്രേലിയയിലും അവിടത്തെ ഗോത്രവിഭാഗങ്ങൾ ശക്തമായ സമരങ്ങളുമായി നഗരങ്ങളിലേക്ക് ഇരന്പിയാർത്തെത്തിയ വാർത്തകൾ കുറച്ചുകാലമായി ലോകം കാണുന്നുണ്ട്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 34 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളിൽ സമീപദിവസങ്ങളിൽ ഉയർന്ന പ്രതിഷേധം ഡൽഹിയിലെ സിംഹാസനങ്ങളെ പിടിച്ചുകുലുക്കിയിട്ടുണ്ട്.
പ്രതിഷേധത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഇൗ സംസ്ഥാനങ്ങളിൽ ഖനന ലൈസൻസ് നൽകുന്നത് പൂർണമായി വിലക്കിക്കൊണ്ട് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. 100 മീറ്റർ ഉയരത്തിലുള്ള രണ്ടു കുന്നുകൾക്കിടയിലുള്ള ഭാഗങ്ങൾമാത്രമേ ആരവല്ലി പർവതനിരകളായി കണക്കാക്കൂ എന്ന സുപ്രീംകോടതി നിർവചനമാണ് പ്രതിഷേധത്തിന് കാരണം. ചുറ്റുമുള്ള സമതലത്തിൽനിന്ന് 100 മീറ്ററെങ്കിലും ഉയരമുള്ള മലകളെമാത്രമേ ഇനി സംരക്ഷിത ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കൂ. പുതിയ ഖനന ലൈസൻസ് വിലക്കിയതോടെ ആരവല്ലിയെ തകർക്കാനുള്ള നീക്കങ്ങൾക്ക് പൂർണവിരാമമാകുമെന്ന് വിശ്വസിക്കുക വയ്യ. ഖനന നീക്കങ്ങൾ നിർബാധം തുടരാനുള്ള തന്ത്രം ബിജെപിയുടെ ഉപശാലകളിൽ ഒരുങ്ങുന്നുണ്ടെന്ന് ആർക്കാണറിയാത്തത്. ആരവല്ലിയെ അനധികൃത ഖനനത്തിൽനിന്ന് രക്ഷിക്കുന്നതിന് ഒരു ഏകീകൃത നിർവചനം നിർദേശിക്കാൻ 2024 മെയ് മാസത്തിൽ -ഒരു കമ്മിറ്റി ഉണ്ടാക്കാൻ സുപ്രീംകോടതി വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതുമുതൽ 100 മീറ്റർ നിർവചനത്തിന് സുപ്രീംകോടതി അംഗീകാരം നൽകുന്നതുവരെയുള്ള കാര്യങ്ങൾ തികച്ചും ദുരൂഹമാണെന്നതുതന്നെ കാരണം. നാല് സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ അലകൾ പെട്ടെന്നൊന്നും അടങ്ങുകയില്ല.
100 മീറ്ററിൽ താഴെ ഉയരമുള്ള നൂറുകണക്കിന് ചെറിയ കുന്നുകൾക്ക് ഇനി നിയമപരമായ സംരക്ഷണം ലഭിക്കാത്തതിനാൽ അത്തരം കുന്നുകളിൽ വ്യാപക ഖനനവും കെട്ടിടനിർമാണവും നടക്കുമെന്ന ആശങ്ക നാട്ടുകാരെയും പരിസ്ഥിതിപ്രവർത്തകരെയും അലട്ടുന്നുണ്ട്. ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യമുള്ള ഇൗ മലനിരകൾക്ക് വടക്കേ ഇന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിന് പ്രധാന പങ്കാണുള്ളത്. താർ മരുഭൂമിയുടെ വ്യാപനത്തെ തടയുന്ന പ്രകൃതിദത്ത ഭിത്തിയാണ് ആരവല്ലി. ചെന്പിന്റെയും സിങ്കിന്റെയും ലെഡിന്റെയും മാർബിളിന്റെയും ഗ്രാനൈറ്റിന്റെയും സന്പന്നമായ ശേഖരം ഇവിടെയുണ്ട്.
ഡൽഹി-എൻസിആർ മേഖലയുടെ ശ്വാസകോശം എന്നാണ് ആരവല്ലി അറിയപ്പെടുന്നത്. ഇൗ മലനിരകൾ തുരക്കാനും ഇടിച്ചുനിരത്താനും കുത്തകകൾ ആയുധവുമായി ഇറങ്ങുന്പോൾ, നാല് സംസ്ഥാനങ്ങളിലെ ഓരോ മനുഷ്യനും ആശങ്കപ്പെടുന്നത് വെറുതെയല്ല. ഖനനം വ്യാപകമാകുന്നതോടെ മരുഭൂവൽക്കരണം ഹരിയാനയിലേക്കും ഡൽഹിയിലേക്കും വ്യാപിക്കും; ഇവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാകും. ഓരോ വർഷവും മോശമായി വരുന്ന അന്തരീക്ഷവായുനിലവാരത്തിന്റെ കെടുതികൾ അനുഭവിക്കുകയാണവർ. പ്രാണവായുവിനുവേണ്ടി വിലപിക്കുന്ന മനുഷ്യരോടാണ് മോദിസർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.










0 comments