ad
Deshabhimani

print edition ഐഷി ഘോഷിനെ 
തുറുങ്കിലിടാനുള്ള നീക്കം അപലപനീയം

editorial.
വെബ് ഡെസ്ക്

Published on Jul 29, 2026, 12:00 AM | 2 min read

ജന്തർ മന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുമുന്നിൽ മുട്ടുമടക്കേണ്ടിവന്ന കേന്ദ്രസർക്കാർ, പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥിനേതാക്കൾക്കെതിരെ പ്രതികാരനടപടികൾ തുടരുകയാണ്. പ്രക്ഷോഭത്തെ മുന്നിൽനിന്ന്‌ നയിച്ച എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ്‌ ചെയ്‌ത്‌ തുറുങ്കിലടയ്‌ക്കാൻ ഡൽഹി പൊലീസ്‌ നടത്തിയ മിന്നൽനീക്കം ഇതിന്റെ തെളിവാണ്‌.


ചൊവ്വാഴ്‌ച അപ്രതീക്ഷിതമായി സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക്‌ എത്തിയ പൊലീസുകാർ ഐഷിയെ ബലമായി തട്ടിക്കൊണ്ടുപോകാനാണ്‌ ശ്രമിച്ചത്‌. സിപിഐ എം നേതാക്കളും എംപിമാരും പ്രവർത്തകരും നടത്തിയ സമയോചിത ഇടപെടലാണ്‌ പൊലീസ്‌നീക്കം പൊളിച്ചത്‌. ഒരു ദേശീയപാർടിയുടെ കേന്ദ്ര ഓഫീസിലേക്ക്‌ അതിക്രമിച്ചുകയറാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ മുതിർന്നുവെന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്‌.


പ്രക്ഷോഭകർക്കുനേരെ പ്രതികാരമുണ്ടാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പാണ്‌ ലംഘിച്ചത്‌. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടപടികൾ പാടില്ലെന്ന സുപ്രീംകോടതി നിർദേശത്തിനുപിന്നാലെയാണ്‌ ഐഷിക്കെതിരായ നടപടിയെന്നതും ശ്രദ്ധേയം. ജന്തർ മന്തർ പ്രക്ഷോഭത്തിനുശേഷവും ജനാധിപത്യമര്യാദകൾ പാലിക്കാൻ കേന്ദ്രസർക്കാർ ഒരുക്കമല്ലെന്നതിന്‌ തെളിവാണിത്‌.


2021ൽ ബംഗാ ഭവനിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചതിന്‌ ഐഷിക്കും എസ്‌എഫ്‌ഐ പ്രവർത്തകർക്കുമെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. അതാണ്‌ ഇപ്പോൾ പൊടിതട്ടിയെടുത്തത്‌. പട്യാല ഹ‍ൗസ്‌ കോടതി കഴിഞ്ഞ ഏപ്രിലിൽ കേസ്‌ പരിഗണിച്ചപ്പോൾ ഹാജരാകാൻ ഐഷിക്ക്‌ കഴിഞ്ഞിരുന്നില്ല. തുടർന്ന്‌ കോടതി പുറപ്പെടുവിച്ച വാറന്റാണ്‌ വ്യാഴാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കാനിരിക്കെ തിരക്കിട്ട്‌ നടപ്പാക്കാൻ പൊലീസ്‌ ശ്രമിച്ചത്‌.


ജന്തർ മന്തർ സമരത്തിലടക്കം കഴിഞ്ഞ മൂന്നുമാസമായി ഡൽഹി പൊലീസിന്റെ കൺമുന്നിൽത്തന്നെ ഐഷിയുണ്ടായിട്ടും അറസ്റ്റിന്‌ മുതിരാതിരുന്ന പൊലീസാണ്‌ ചൊവ്വാഴ്‌ച തിരക്കിട്ട്‌ കസ്റ്റഡിനീക്കം നടത്തിയത്‌. ജന്തർ മന്തർ സമരത്തിന്‌ നേതൃത്വം നൽകിയതിന്റെ പകപോക്കലാണ്‌ സർക്കാരിന്റെയും പൊലീസിന്റെയും ലക്ഷ്യമെന്ന്‌ വ്യക്തം. ഐഷിയെ ഒരുദിവസമെങ്കിലും ജയിലിൽ അടയ്‌ക്കാനുള്ള ശ്രമമാണ്‌ പൊളിഞ്ഞത്‌.


പ്രക്ഷോഭത്തിനുശേഷവും തങ്ങളുടെ ഫാസിസ്റ്റ്‌ നയ നിലപാടുകളിൽ അൽപ്പംപോലും പശ്ചാത്താപം കേന്ദ്രസർക്കാരിനോ സംഘപരിവാറിനോ ഇല്ലെന്ന്‌ ബോധ്യപ്പെടുത്തുന്നതുകൂടിയാണ്‌ ഐഷിക്കെതിരായ അറസ്റ്റുനീക്കം. എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജിക്കും ഐഷിക്കുമെതിരെ സർക്കാർ അന്വേഷണം നടത്തണമെന്ന്‌ ആർഎസ്‌എസ്‌ മുഖവാരികയായ ഓർഗനൈസർ ലേഖനം ചമച്ചതിനുപിന്നാലെയാണ്‌ പൊലീസ്‌ എ കെ ജി ഭവനിൽ എത്തിയത്‌.


വിദ്യാർഥി–യുവജന പ്രക്ഷോഭകർക്കുനേരെ ഡൽഹി പൊലീസും കേന്ദ്രസേനയും അഴിച്ചുവിട്ട അതിക്രൂരമർദനം രാജ്യമാകെ ചർച്ച ചെയ്യുമ്പോഴാണ്‌ ഇ‍ൗ പ്രതികാരനടപടികൾ. പ്രതിപക്ഷ പ്രതിഷേധത്തിൽ രണ്ടുദിവസമായി പാർലമെന്റ്‌ സ്‌തംഭിക്കുന്നു. വിഷയം ഗ‍ൗരവത്തോടെ പരിഗണിച്ച സുപ്ര‍ീംകോടതി, പൊലീസ്‌ നടപടിയിൽ ഉന്നതതല അന്വേഷണമുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചു. പ്രക്ഷോഭകർക്കെതിരെ നടപടികൾ പാടില്ലെന്ന്‌ നിർദേശിച്ച കോടതി, ജയിലിലടച്ച 18 വയസ്സ്‌ തികയാത്ത എല്ലാവരെയും എത്രയുംവേഗം വിട്ടയക്കാനും നിർദേശിച്ചു. ഇവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.


​ഭരണഘടനയുടെ 19–ാം അനുച്ഛേദം ഉറപ്പുനൽകുന്ന എല്ലാ പ‍ൗരാവകാശങ്ങളും ചവിട്ടിമെതിക്കുകയാണ്‌ മോദിസർക്കാർ. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്‌. ഐഷിയടക്കമുള്ള വിദ്യാർഥി–യുവജന പ്രക്ഷോഭകർ ഇ‍ൗ അവകാശമാണ്‌ ഉയർത്തിപ്പിടിച്ചത്‌. ഡൽഹി പൊലീസിന്റെയും സംഘപരിവാറിന്റെയും ക്രൂരമായ വേട്ടയാടലിന്‌ ഇതിനുമുന്പും ഐഷി ഇരയായിട്ടുണ്ട്‌.


2020ൽ ജെഎൻയു ക്യാമ്പസിൽ അതിക്രമിച്ചുകയറിയ സംഘപരിവാറുകാർ ഐഷിയുടെ തലയടിച്ചുപൊട്ടിക്കുകയും കൈയൊടിക്കുകയും ചെയ്‌തിരുന്നു. അന്നും അക്രമികൾക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്‌, ഐഷിക്കെതിരെ കേസെടുത്തു. പൊലീസിന്റെ നിരന്തര വേട്ടയാടലുകൾക്കും നിരീക്ഷണത്തിനുമെതിരെ ഐഷി നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. ഇ‍ൗ കേസ്‌ പിൻവലിക്കാനും പൊലീസ്‌ സമ്മർദമുണ്ട്‌.


പ്രക്ഷോഭകർക്കെതിരായ നടപടികളുടെ പേരിൽ പാർലമെന്റിലും സുപ്രീംകോടതിയിലുമെല്ലാം പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾത്തന്നെയാണ്‌ കേന്ദ്രവും പൊലീസും പ്രതികാരനീക്കം തുടരുന്നത്‌. വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുമുന്നിൽ കീഴടങ്ങേണ്ടിവന്നതിന്റെ അരിശം തീർക്കുകയാണ്‌ സർക്കാരും പൊലീസും.


അടിച്ചമർത്തിയും ഭയപ്പെടുത്തിയും എതിർസ്വരങ്ങളെ നിശ്ശബ്‌ദമാക്കാമെന്ന വ്യാമോഹം സംഘപരിവാറിനും സർക്കാരിനും വേണ്ട. ജയിലും തോക്കും ലാത്തിയും കാട്ടിയുള്ള ഭയപ്പെടുത്തലിന്റെ കാലം കഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്‌. അതിന്റെ മുൻനിരയിൽ തുടർന്നും ഐഷിയുണ്ടാകും. എ കെ ജി ഭവനിൽ കടന്നുകയറി വിദ്യാർഥിനേതാവിനെ അറസ്റ്റ്‌ ചെയ്യാനുള്ള പൊലീസ്‌ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരണം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home