ലക്ഷ്യം നേടാനാകാതെ എ ഐ ഇംപാക്ട് ഉച്ചകോടി

ലോകം ശാസ്‌ത്രസാങ്കേതികവിദ്യയിൽ ഓരോ ദിവസവും മുന്നേറിക്കൊണ്ടിരിക്കുന്പോൾ അതിനൊപ്പമെത്താൻ ശ്രമിക്കുന്നതിനുപകരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നതിൽ നേതൃത്വം കൊടുക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ ശാസ്‌ത്രത്തിനുപകരം അന്ധവിശ്വാസവും ചരിത്രത്തിനുപകരം കെട്ടുകഥകളും പ്രചരിപ്പിക്കുകയാണ്. ശാസ്‌ത്രസാങ്കേതികരംഗത്തെ ചില മേഖലകളിൽ നേട്ടങ്ങൾ ഉണ്ടാക്കുന്പോഴും പല മേഖലകളിലും രാജ്യം പിന്നിലാണ്. പ്രത്യേകിച്ച് വരുംകാല ലോകത്തെ നയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ). ഇൗ സാഹചര്യത്തിലാണ് അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ എഐ കരുത്ത് വിളിച്ചോതാനായി എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിച്ചത്. നിർമിതബുദ്ധി (എഐ)യുടെ അടുത്തഘട്ട വികസനത്തിനുള്ള ആശയങ്ങൾ പങ്കുവയ്‌ക്കുന്ന ഉച്ചകോടിക്കായി 20 രാഷ്‌ട്രത്തലവന്മാരും നാൽപ്പതിലേറെ വിദേശമന്ത്രിമാരും നൂറോളം ആഗോള കന്പനികളുടെ സിഇഒമാരുമാണ് എത്തിയത്. തിങ്കളാഴ്‌ച ആരംഭിച്ച ഉച്ചകോടി പൊതുപ്രഖ്യാപനത്തോടെ വെള്ളിയാഴ്‌ച സമാപിക്കും.
ജനങ്ങൾ, ഭൂമി, വികസനം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഉച്ചകോടി. സുരക്ഷിതവും വിശ്വസനീയവുമായ എഐ, മനുഷ്യ മൂലധനം, ശാസ്‌ത്രം, എഐയുടെ ജനാധിപത്യവൽക്കരണം, പ്രതിരോധശേഷിയും നവീകരണവും കാര്യക്ഷമതയും, സാമൂഹിക ശാക്തീകരണത്തിനായുള്ള ഉൾപ്പെടുത്തൽ, സാമൂഹിക നന്മ എന്നിങ്ങനെയുള്ള പേരുകളായി വിഭജിച്ച ചർച്ചകളിൽ അഞ്ഞൂറോളം സെഷനുകളാണ് തീരുമാനിച്ചത്. എന്നാൽ, എല്ലാം ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാക്കാനായില്ല. എഐ മേഖലയിലെ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ആരോഗ്യസംരക്ഷണം, കൃഷി, ഭരണം, വിദ്യാഭ്യാസം, ഉൽപ്പാദനം തുടങ്ങിയ മേഖലകളില്‍ എഐ എങ്ങനെ ഉപയോഗിക്കാം എന്നിവയാണ് അജൻഡയായി പ്രഖ്യാപിച്ചിരുന്നത്. ഗ്ലോബൽ സൗത്തിൽ നടക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും ഡൽഹി ഉച്ചകോടിക്കുണ്ട്. ഉച്ചകോടിയെ മൂന്ന് ‘സൂത്രങ്ങൾ’ (Sutras), ഏഴ് ‘ചക്രങ്ങൾ’ (Chakras) ആയാണ് തിരിച്ചത്. നിർമിതബുദ്ധിയുമായി ഒരു ബന്ധവുമില്ലാത്ത സംസ്‌കൃത വാക്കുകളെ ഉച്ചകോടിയിൽ ഉപയോഗിച്ച സർക്കാർതീരുമാനവും പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു.
ഉച്ചകോടി സംഘാടന മികവില്ലായ്മയാലും സുരക്ഷാപാളിച്ചകളാലും മാത്രമല്ല, ചൈനീസ് റോബോട്ടിനെ ഇന്ത്യയിൽ നിർമിച്ചതെന്ന ലേബലിൽ അവതരിപ്പിച്ചതും സംഘാടകരെ പരിഹാസ്യരാക്കി. തദ്ദേശീയമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചത് ചൈനീസ് നിർമിത റോബോട്ടിനെയായിരുന്നു. നാണംകെട്ടപ്പോൾ കേന്ദ്രസർക്കാർ യൂണിവേഴ്സിറ്റിയെ ഉച്ചകോടിയിൽനിന്ന് പുറത്താക്കി. ആദ്യദിവസം മുതൽതന്നെ ഉച്ചകോടിയെ വിവാദം പിടികൂടിയിരുന്നു. സാങ്കേതികവിദ്യയുടെ ഉച്ചകോടിയായിരുന്നിട്ടും സുരക്ഷാകാരണം പറഞ്ഞ് ലാപ്ടോപ്പുകൾ അടക്കമുള്ള ഉപകരണങ്ങൾക്ക് വേദിയിൽ നിരോധനം ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ സുരക്ഷാനിയന്ത്രണങ്ങൾ പലർക്കും തിരിച്ചടിയായി. പരിശോധനയുടെ ഭാഗമായി പ്രധാന ഹാൾ മണിക്കൂറുകളോളം അടച്ചിട്ടു.
സ്റ്റാർട്ടപ് സംരംഭകർക്കും വിദേശപ്രതിനിധികൾക്കും സ്വന്തം സ്റ്റാളുകളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. മോദി തിരിച്ചുപോയതിനുപിന്നാലെ പ്രദർശന സ്റ്റാളുകളിൽനിന്ന് വിലകൂടിയ എഐ ഉപകരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നത് അതിലേറെ നാണക്കേടായി. ഡിജിറ്റൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതേണ്ട ഉച്ചകോടിയിൽ വൈഫൈ കണക്‌ഷൻ ലഭ്യമല്ലാത്തതിനാൽ ഡിജിറ്റൽ പേമെന്റുകൾ തടസ്സപ്പെട്ടു.
നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആഗോള ഉച്ചകോടിയിൽ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് ഒടുവിൽ പരസ്യമായി ക്ഷമാപണം നടത്തേണ്ടിവന്നു. ‘നിർമിതബുദ്ധിയുടെ ജനാധിപത്യവൽക്കരണം’ വിഷയത്തിൽ കേന്ദ്രീകരിച്ചാണ് ഉച്ചകോടിയെങ്കിലും ഒരു ജനാധിപത്യമര്യാദയുമില്ലാതെ കേന്ദ്രസർക്കാരും വൻകിട കന്പനികളും ചേർന്നാണ് അജൻഡ നിശ്ചയിച്ചത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സാങ്കേതികവിദ്യ എങ്ങനെ എത്തിക്കാമെന്നതിനും പരിഗണന നൽകുന്നതിനുപകരം ആഗോള കോർപറേറ്റുകളും ഇന്ത്യൻ കോർപറേറ്റുകളും തമ്മിലുള്ള നിക്ഷേപവേദിയാക്കുന്നതിനുമായിരുന്നു പ്രാധാന്യം നൽകിയത്. ഫലത്തിൽ ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാതെ ഉച്ചകോടി സമാപിക്കുന്പോൾ, സംഘാടന പോരായ്‌മയും ആഗോളതലത്തിൽ ചർച്ചയാകും.










0 comments