നീതിയുടെ വാതിൽ അടയുന്നില്ല

നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ, രണ്ട് ചോദ്യങ്ങളിൽ കേരളസമൂഹം മൂന്നുദിവസമായി അങ്ങേയറ്റം ഉൽക്കണ്ഠയോടെ കോടതിയുടെ തീർപ്പ് കാത്തിരിക്കുകയായിരുന്നു. ഒന്ന്: കുറ്റക്കാരെന്ന് കോടതി കഴിഞ്ഞദിവസം പ്രഖ്യാപിച്ച, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ ആറു പ്രതികൾക്ക് നൽകുന്ന ശിക്ഷ എന്ത്? രണ്ട്: ക്രൂരവും പൈശാചികവുമായ സംഭവത്തിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനെന്ന് അന്വേഷകസംഘം കണ്ടെത്തിയ നടൻ ദിലീപ് അടക്കം നാലു പ്രതികളെ വെറുതെ വിട്ടതിന്റെ കാരണമെന്ത്? എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിച്ചതോടെ ശിക്ഷ എന്തെന്ന് വ്യക്തമായി. കൂട്ടബലാത്സംഗത്തിൽ ഉൾപ്പെട്ട ആറു പ്രതികൾക്കും 20 വർഷംവീതം കഠിനതടവും 50,000 രൂപവീതം പിഴയും. വിവിധ വകുപ്പുകൾപ്രകാരം ചുമത്തിയ കുറ്റങ്ങൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ വിഷയത്തിൽ, അതായത് ദിലീപിനെ വെറുതെ വിട്ടതിന് കോടതി പറയുന്ന കാരണം എന്തെന്നറിയാൻ വിശദമായ വിധിന്യായം പരിശോധിക്കേണ്ടതുണ്ട്. അതിന് പൂർണ വിധിന്യായം പുറത്തുവരണം.
ബലാത്സംഗത്തിൽ പങ്കാളികളായ ആറു പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഓടുന്ന വാഹനത്തിൽ നടിയെ ബലാത്സംഗം ചെയ്ത, ഒന്നാംപ്രതി എൻ എസ് സുനിലും (പൾസർ സുനി) കൂട്ടുപ്രതികളും ഒരേ കുറ്റം ചെയ്തവരാണെന്നും അതിനാൽ ആരെയും ബലാത്സംഗക്കുറ്റത്തിന്റെ പരമാവധി ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ പാടില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. കേസിന്റെ തുടക്കംമുതൽ അന്വേഷകസംഘവും പ്രോസിക്യൂഷനും കഠിനയത്നം നടത്തിയാണ് കേസ് ഇവിടംവരെ എത്തിച്ചത്. സാധ്യമായ എല്ലാ തെളിവുകളും ഹാജരാക്കി. എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി നൽകിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാർ പറഞ്ഞു. ശിക്ഷയിൽ വിചാരണക്കാലയളവുകൂടി പരിഗണിക്കും. അപ്പോൾ തടവിന്റെ കാലാവധി പിന്നെയും കുറയും. പിഴത്തുകയിൽനിന്ന് അഞ്ചുലക്ഷം രൂപയും തൊണ്ടിമുതലായ വിവാഹനിശ്ചയമോതിരവും അതിജീവിതയ്‌ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. ആറു പ്രതികൾക്കെതിരെയും ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ ആറു പ്രതികളും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് കോടതി അംഗീകരിച്ചു. അതേസമയം, ഗൂഢാലോചനയ്‌ക്ക് നേതൃത്വം നൽകിയതാരെന്ന ചോദ്യം അവശേഷിക്കുന്നു. അതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.
എന്തായാലും കേസിൽ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരും സർക്കാരിനെ നയിക്കുന്ന പാർടിയും മുന്നണിയും അതിജീവിതയ്‌ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുന്നേതന്നെ പറഞ്ഞിട്ടുള്ളതും ഇതോടൊപ്പം ചേർത്തുവായിക്കാം. കേസിന്റെ തുടക്കംമുതൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പം നിന്നു. ഓരോ ഘട്ടത്തിലും അതിജീവിതയുടെ താൽപ്പര്യപ്രകാരമാണ് സർക്കാർ മുന്നോട്ടുപോയത്. അപ്പീൽ നടപടികൾ ഉടൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ദിലീപിനെ വെറുതെ വിട്ടതോടെതന്നെ, ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിക്ക് പൂർണനീതി ലഭ്യമായിട്ടില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നുണ്ട്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയ കേസ് രാജ്യത്തുതന്നെ ആദ്യമാണ്.
2017 ഫെബ്രുവരി 17ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം എറണാകുളം നഗരമധ്യത്തിൽ ഓടുന്ന വാഹനത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 60 ദിവസത്തിനകം കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. 2017 ഏപ്രിൽ 21ന്, അതിജീവിതയുടെ സഹോദരന്റെ മൊഴിയെടുക്കുമ്പോഴാണ് സംഭവത്തിൽ ദിലീപിന്റെ പങ്കിനെക്കുറിച്ച് അന്വേഷകസംഘത്തിന് നിർണായകസൂചന ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പൾസർ സുനി, ദിലീപിന് എഴുതിയ കത്ത് കണ്ടെത്തി. ഇതടക്കം ഒട്ടേറെ തെളിവുകളും മൊഴികളുമെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അഞ്ച് വോള്യമുള്ള 1512 പേജ് വരുന്ന വിശദവാദങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
സ്ത്രീനീതിയുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും കാര്യത്തിൽ പിണറായി സർക്കാർ സ്വീകരിക്കുന്ന കർശനമായ, ധീരമായ നിലപാടുകളും നടപടികളും കേരളത്തിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും സർക്കാർ ഇരകൾക്കൊപ്പമാണ്, അതിജീവിതമാർക്കൊപ്പമാണ് എന്നത് എൽഡിഎഫിന്റെ പ്രഖ്യാപിതനയമാണ്. ഏത് കേസിലും ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവരെയെല്ലാം കൈയാമം വച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിക്കുമെന്ന് കാലം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കിൽ, ഈ കേസിൽ നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകപോലുമില്ലായിരുന്നുവെന്ന് വലിയൊരു വിഭാഗം ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് എല്ലാ കേസിലും സർക്കാർ ശ്രമിക്കുന്നത്. ഈ കേസിൽ ഇനിയും ആ വഴിക്ക് മുന്നേറും.










0 comments