print edition ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ദോഷകരമായ വിധി

മധ്യപ്രദേശിലെ ഭോജ്‌ശാല–കമാൽ മൗല മസ്‌ജിദ് സമുച്ചയത്തിന്റെ അവകാശത്തർക്കത്തിൽ അവിടത്തെ ഹൈക്കോടതിയുടെ ഇൻഡോർ ഡിവിഷൻ ബെഞ്ചിന്റെ വിധി ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളെയാകെ ആശങ്കയിലാക്കുന്നതാണ്. പുരാവസ്‌തുവകുപ്പിന്റെ (എഎസ്‌ഐ) സംരക്ഷണയിലുള്ള സമുച്ചയം മധ്യപ്രദേശിലെ ധാർ ജില്ലയിലാണ്. അവിടെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ആഴ്‌ചയിൽ ഓരോ ദിവസം ആരാധന നടത്താൻ അനുവാദം നൽകിയ 2003ലെ എഎസ്‌ഐയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് വിധി. ജൈനമതക്കാരും അവകാശമുന്നയിച്ച കേസിൽ സമുച്ചയം പൂർണമായും ഹിന്ദുവിഭാഗത്തിന് വിട്ടുകൊടുക്കുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനം. ബാബ്‌റി മസ്‌ജിദ്–രാമജന്മഭൂമി തർക്കത്തിൽ സംഘപരിവാർ സംഘടനകളുടെ വാദങ്ങളെല്ലാം തള്ളിയപ്പോൾത്തന്നെ തർക്കസ്ഥലം അവരുടെ ആവശ്യമനുസരിച്ച് ഹിന്ദു സംഘടനകൾക്ക് വിട്ടുകൊടുത്ത 2019ലെ സുപ്രീംകോടതി വിധിയെ ഓർമിപ്പിക്കുന്നതാണിത്. രാജ്യത്തെ ജനാധിപത്യം ഭൂരിപക്ഷ മതാധിപത്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ–ജനാധിപത്യ അടിത്തറയെ ദുർബലപ്പെടുത്തുന്നതാണിത്.
ഇൻഡോറിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ധാറിൽ സഹസ്രാബ്‌ദത്തോളംമുന്പ് നിർമിച്ച സമുച്ചയത്തിന്റെ അവകാശത്തർക്കം നൂറ്റാണ്ടുമുന്പാണ് സജീവമായത്. നാട്ടുരാജ്യമായിരുന്ന ധാറിലെ ഹിന്ദു ദിവാൻ 1935ൽ തർക്കസ്ഥലം മസ്‌ജിദ് ആണെന്ന് ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചായിരുന്നു പ്രഖ്യാപനമെങ്കിലും ആക്ട് പ്രാബല്യത്തിലായത് 1937ൽ ആണെന്ന് പറഞ്ഞാണ് ഹൈക്കോടതി മുസ്ലിംവിഭാഗത്തിന്റെ ആവശ്യം തള്ളിയത്. ബിജെപിയും സംഘപരിവാർ സംഘടനകളും ബാബ്‌റി മസ്‌ജിദിൽ അവകാശമുയർത്തി രാജ്യത്ത് മതപരമായ ധ്രുവീകരണം തീവ്രമാക്കാൻ തുടങ്ങിയശേഷം 1990കളിലാണ് ഭോജ്‌ശാല–കമാൽ മൗല മസ്‌ജിദ് തർക്കവും മൂർച്ഛിച്ചത്. 1992ൽ സംഘപരിവാർ ബാബ്‌റി മസ്‌ജിദ് തകർക്കുകയും ‘കാശി, മഥുര ബാക്കി ഹെ’ തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌തു. ഇൗ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ച് വസന്തപഞ്ചമി ദിവസം ഹിന്ദുക്കൾക്കും വെള്ളിയാഴ്‌ചകളിൽ മുസ്ലിങ്ങൾക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധന അനുവദിച്ചു. 2003ൽ വാജ്‌പേയി സർക്കാരിന്റെ കാലത്ത് എഎസ്‌ഐ ഇരുവിഭാഗത്തിനും ആഴ്‌ചയിൽ ഓരോദിവസം ആരാധന അനുവദിച്ചതോടെയാണ് വീണ്ടും വിവാദമായത്.
ഭോജ്‌ശാലയിലെ മന്ദിരം മധ്യകാലത്തെ ജൈനക്ഷേത്രവും ഗുരുകുലവും ആണെന്നാണ് അതിന്റെ അവകാശത്തിനായി കോടതിയെ സമീപിച്ച ജൈനമതക്കാരുടെ നിലപാട്. 19–ാം നൂറ്റാണ്ടിൽ അവിടെ കണ്ടെത്തിയ വെണ്ണക്കൽ ശിൽപ്പം ഹിന്ദുത്വ സംഘടനകൾ അവകാശപ്പെടുന്നതുപോലെ സരസ്വതിയല്ല, തങ്ങൾ വാഗ്‌ദേവിയായി ആരാധിക്കുന്ന അംബികയുടേതാണ് എന്നാണ് അവരുടെ വാദം. പ്രധാന ശിൽപ്പത്തിനുമുകളിൽ കൊത്തിവച്ചിട്ടുള്ള ചെറിയ ജൈന തീർഥങ്കരന്റെ രൂപമാണ് ഇതിന് സാധൂകരണമായി ജൈനവിഭാഗം പറയുന്നത്. മന്ദിരം നിർമിച്ച പരമാര വംശത്തിലെ ഭോജ രാജാവ് ജൈന പണ്ഡിതരെ പ്രോത്സാഹിപ്പിച്ചിരുന്നതിന് തെളിവായി ചരിത്രരേഖകളും ലിഖിതങ്ങളും ഉണ്ടെന്നും അവർ അവകാശപ്പെടുന്നു. കേരളത്തിലടക്കം ഇന്ത്യയിൽ പലയിടത്തും ജൈനക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട് എന്നത് വസ്‌തുതയായിരിക്കെ ഇത്തരത്തിൽ മതപരമായ അവകാശത്തർക്കങ്ങളിലെ ഏകപക്ഷീയമായ തീർപ്പുകൾ ജനങ്ങളെ കൂടുതൽ ഭിന്നിപ്പിക്കുന്നതിനാണ് ഇടയാക്കുക.
അയോധ്യയിൽ സംഘപരിവാർ തർക്കമുയർത്തിയ വേളയിൽ മറ്റിടങ്ങളിൽ സമാനമായ കുഴപ്പങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ പാർലമെന്റ് 1991ൽ ആരാധനാലയ സംരക്ഷണ നിയമം പാസാക്കിയിരുന്നു. നിലവിൽ തർക്കത്തിലായിരുന്ന അയോധ്യയിൽ ഒഴികെ മറ്റെല്ലാ ആരാധനാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്‌ത് 15ലെ നിലയിൽ തുടരണമെന്നാണ് ആ നിയമം വ്യക്തമാക്കിയത്. എന്നിട്ടും സംഘപരിവാർ സംഘടനകൾ കൂടുതൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവകാശമുന്നയിക്കുന്പോൾ രാജ്യത്തെ കോടതികൾ അതിന് വഴങ്ങുന്നത് പാർലമെന്റിനോടുള്ള അവഹേളനമാണ്. ഭോജ്‌ശാലയിൽ സരസ്വതീക്ഷേത്രമായിരുന്നു എന്നവകാശപ്പെടുന്നവർ കണ്ണുതുറന്നുകാണേണ്ട ചില യാഥാർഥ്യങ്ങളുണ്ട്. ഹിന്ദുക്കൾ അറിവിന്റെയും അക്ഷരത്തിന്റെയും ദേവതയായി ആരാധിക്കുന്ന സരസ്വതിയുടെ പേരിൽ സംഘപരിവാർ കുഴപ്പമുണ്ടാക്കുന്ന ധാർ ജില്ലയിൽ സ്‌ത്രീസാക്ഷരത 50 ശതമാനത്തിൽ താഴെയാണ്. പൊതുവെ സാക്ഷരതയിൽ പിന്നിലുള്ള മധ്യപ്രദേശിലെ ശരാശരി നിരക്കിലും വളരെ താഴെയാണിത്. ഇത്തരം കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കാതെ അധികാരത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന കൊടുംപാതകത്തിന് നീതിപീഠം കൂട്ടുനിൽക്കരുത്. ഹൈക്കോടതിവിധി സുപ്രീംകോടതി തിരുത്തുമെന്നാണ് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷിക്കുന്നത്.










0 comments