ad
Deshabhimani

ക്ഷേമദർശനത്തിന്റെ മഹാമാതൃക ​​

editorial.
വെബ് ഡെസ്ക്

Published on Oct 30, 2025, 12:02 AM | 2 min read

എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തി അവരുടെ ക്ഷേമവും പുരോഗതിയും ഉറപ്പാക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗ തീരുമാനങ്ങൾ. നവകേരള നിർമിതി എന്നത്‌ പൊള്ളയായ മുദ്രാവാക്യമായി എൽഡിഎഫ്‌ സർക്കാർ ഉയർത്തുന്നതല്ല, വികസനത്തിന്റെ സദ്‌ഫലങ്ങൾ ഓരോ മനുഷ്യനും ലഭിക്കുന്ന സംവിധാനമാണ്‌ അതുവഴി സാക്ഷാൽക്കരിക്കപ്പെടുന്നത്‌. കേന്ദ്രത്തിന്റെ ക്രൂരമായ അവഗണനയും കടന്നാക്രമണങ്ങളും നേരിടുന്പോഴും ഭാവനാപൂർണമായ പദ്ധതികളിലൂടെ വിഭവങ്ങൾ സമാഹരിക്കുകയും എല്ലാവർക്കും അതിന്റെ നേട്ടങ്ങൾ ന്യായമായ രീതിയിൽ പകർന്നുനൽകുകയുമാണ്‌ എൽഡിഎഫ്‌ സർക്കാർ. നവംബർ ഒന്നുമുതൽ തീരുമാനങ്ങൾ പ്രാബല്യത്തിലാകും.


കേരളത്തിൽ ചരിത്രം സൃഷ്ടിച്ചാണ്‌ എൽഡിഎഫ്‌ തുടർഭരണം നേടിയത്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കുകയും പ്രതിസന്ധികളും മഹാമാരികളും ഉരുണ്ടുകൂടിയപ്പോൾ പതർച്ചയില്ലാതെ സുരക്ഷിതപാതയിൽ നയിക്കുകയും ചെയ്‌താണ്‌ സർക്കാർ ജനങ്ങളുടെ വിശ്വാസം ആർജിച്ചത്‌. ഇതിന്റെ തുടർച്ചയാണ്‌ ഇപ്പോൾ അനുഭവവേദ്യമാകുന്നത്‌. 2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്നത്‌. ആ ലക്ഷ്യം പൂർത്തിയാക്കിയിരിക്കുന്നു.

അറുപത്തിരണ്ടുലക്ഷം പേർക്ക്‌ നൽകിവരുന്ന സാമൂഹ്യക്ഷേമ പെൻഷൻ മാസംതോറും രണ്ടായിരം രൂപയായി ഉയർത്തിയിരിക്കുകയാണ്‌; ഒറ്റയടിക്ക്‌ 400 രൂപയാണ്‌ വർധന. ദുർബല ജനവിഭാഗങ്ങൾക്ക്‌ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ക്ഷേമ പെൻഷൻ വിതരണത്തിനായി വർഷംതോറും 13,000 കോടി രൂപയാണ്‌ സർക്കാർ നീക്കിവയ്‌ക്കുന്നത്‌. സ്ത്രീ സുരക്ഷയ്‌ക്ക്‌ പുതിയ പദ്ധതി ആരംഭിക്കുകയാണ്‌. ഇതര സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ്‌വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്‌ത്രീകൾക്ക് മാസംതോറും ആയിരം രൂപ പെൻഷൻ അനുവദിക്കും. 35 മുതൽ 60 വയസ്സുവരെയുള്ളവരിൽ 31.34 ലക്ഷം പേരായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.


നൈപുണ്യ കോഴ്സുകൾ ചെയ്യുന്നവരോ ജോലി–മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വരെ വയസ്സുള്ളവർക്ക്‌ മാസംതോറും ആയിരം രൂപവീതം നൽകും. ‘കണക്ട് ടു വർക് സ്കോളർഷിപ്’ എന്ന പദ്ധതിയിൽ അഞ്ചുലക്ഷം യുവതീയുവാക്കൾ ഗുണഭോക്താക്കളാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. നിർധനകുടുംബങ്ങൾക്ക്‌ കൈത്താങ്ങായി മാറുന്ന ഈ പദ്ധതിക്ക്‌ വർഷംതോറും 600 കോടി രൂപ സർക്കാർ നീക്കിവയ്‌ക്കും. ആശാ വർക്കർമാരുടെ മാസംതോറുമുള്ള ഓണറേറിയത്തിൽ 1000 രൂപ വർധന വരുത്തും. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി വർഷംതോറും 250 കോടി രൂപയാണ് ചെലവിടുക. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലവും ആയിരം രൂപവീതം വർധിപ്പിക്കുകയാണ്‌. സ്‌ത്രീശാക്തീകരണത്തിൽ ചരിത്രപരമായ പങ്കുവഹിക്കുകയും കേരളത്തിന്റെ യശസ്സ്‌ ഉയർത്തുകയും ചെയ്‌ത കുടുംബശ്രീ പദ്ധതിക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകാൻ വർഷംതോറും 23.4 കോടി രൂപ വിനിയോഗിക്കും. കുടുംബശ്രീയുടെ, സംസ്ഥാനത്ത് ആകെയുള്ള 19,470 എഡിഎസുകൾക്ക് (ഏരിയ ഡെവലപ്മെന്റ്‌ സൊസൈറ്റി) പ്രവർത്തന ഗ്രാന്റായി മാസംതോറും ആയിരം രൂപ നൽകും.


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ സാമ്പത്തികവർഷംതന്നെ ഒരു ഗഡു ക്ഷാമബത്ത–ക്ഷാമാശ്വാസംകൂടി നൽകുമെന്ന്‌ മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്‌. മുൻ ഗഡുക്കളിൽ രണ്ടും മൂന്നും ശതമാനമാണ്‌ അനുവദിച്ചിരുന്നതെങ്കിൽ, ഇത്തവണ അത് നാലുശതമാനമാക്കി നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളത്തോടോ പെൻഷനോടോ ഒപ്പം നൽകും. സ്‌കൂൾ പാചകത്തൊഴിലാളികൾ, പ്രീ–പ്രൈമറി അധ്യാപകർ, ഗസ്റ്റ്‌ അധ്യാപകർ, സാക്ഷരതാ പ്രേരക്‌മാർ, മത്സ്യത്തൊഴിലാളികൾ, ഖാദി തൊഴിലാളികൾ എന്നിവർക്കെല്ലാം കഴിയുന്നത്ര ആശ്വാസം നൽകുകയാണ്‌ സർക്കാർ. റബറിന്റെ താങ്ങുവിലയും നെല്ലിന്റെ സംഭരണവിലയും ഉയർത്തിയത്‌ കർഷകരോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വിളംബരം ചെയ്യുന്നു. പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്പുകൾ നൽകാൻ അധിക സാന്പത്തികസഹായം നൽകും. ജനക്ഷേമം സാധ്യമാക്കാൻ സുവ്യക്ത കാഴ്‌ചപ്പാടും രാഷ്ട്രീയ ഇച്ഛാശക്തിയും പുലർത്തുന്ന സർക്കാരിന്റെ തിളക്കമാണ്‌ ഇ‍ൗ പ്രഖ്യാപനങ്ങൾ പകരുന്നത്‌. ജനവിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട്‌ കൂടുതൽ മുന്നേറാനും മനോഹരഭൂമിയായ കേരളത്തെ ഏവർക്കും പ്രിയപ്പെട്ടതാക്കിമാറ്റാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home