03 June Saturday

ലൈഫിനെതിരായ നീക്കത്തിന് ആദ്യപ്രഹരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


സംസ്ഥാന സർക്കാരിന്റെ ഏറ്റവും ജനക്ഷേമകരമായ പദ്ധതികളിൽ ഒന്നിനെ അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസ്  ബിജെപി സംയുക്തശ്രമത്തിനാണ് ഹൈക്കോടതിയിൽനിന്ന് ചൊവ്വാഴ്ച അടികിട്ടിയത്. ‘ലൈഫ് മിഷൻ ഒരു വിദേശസഹായവും കൈപ്പറ്റിയില്ലെന്നത് അവിതർക്കിതമാണെ’ന്ന ഹൈക്കോടതി ഇടക്കാല  ഉത്തരവിലെ പരാമർശം ഇതുവരെ കേസിന്റെ പേരിൽ പരത്തിയ പുകമറ മാറ്റുകയാണ്. ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർനടപടികളും കോടതി തടയുകയും ചെയ്യുന്നു. ഒരു പടികൂടി കടന്ന് ലൈഫ്‌മിഷനും നിർമാണ കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുകൂടി ഹൈക്കോടതി വ്യക്തമാക്കിയതോടെ സിബിഐ കേസിന്റെ അടിത്തറ ഇളകുന്നു. ഇനി ബാക്കിയുള്ളത് കമീഷനായി കിട്ടിയ പണം ചിലർക്കൊക്കെ നൽകിയതായി കരാർ കമ്പനി ഉടമ വെളിപ്പെടുത്തിയിരുന്നത് മാത്രമാണ്. അങ്ങനെ പണം പറ്റിയവർ ആരൊക്കെ എന്ന് സിബിഐ അന്വേഷിക്കട്ടെ എന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്.

വിചിത്രമായ രാഷ്ട്രീയനീക്കത്തിലൂടെയാണ് ഈ കേസുണ്ടായത്. സ്വന്തം മണ്ഡലത്തിലെ വീടില്ലാത്ത 140 പേർക്ക് വീട് ലഭിക്കുന്ന പദ്ധതിക്കെതിരെ കോൺഗ്രസ് എംഎൽഎയാണ് സിബിഐക്ക് പരാതി നൽകിയത്. ബിജെപിയുടെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന സിബിഐ  മിന്നൽവേഗത്തിൽ നടപടി നീക്കി കേസ് ഏറ്റെടുക്കുന്നു. എല്ലാ ഫെഡറൽ മര്യാദകളും ലംഘിച്ചായിരുന്നു നീക്കം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കേസുകൾ ഏറ്റെടുക്കാം എന്ന വാദം ഉന്നയിച്ചായിരുന്നു കേന്ദ്ര നടപടി. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞശേഷമായിരുന്നു ഇത്. സിബിഐയെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നതിനെതിരെ ദേശീയതലത്തിൽ പൊരുതുന്നവരായി നടിക്കുന്ന കോൺഗ്രസിന്റെ ഒത്താശയോടെയുള്ള  ബിജെപി നീക്കം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. 68 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷിക്കാൻ സംസ്ഥാന  സർക്കാർ സിബിഐയോട്‌ ആവശ്യപ്പെട്ടിട്ട് ഒരുവർഷവും ഒരുമാസവും പിന്നിടുന്നു. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും  ലീഗ്‌ നേതാവായ  ഇബ്രാഹിം കുഞ്ഞും  ഉൾപ്പെട്ട കേസിൽ ഇതുവരെ അന്വേഷണം ഉണ്ടായില്ല. അപ്പോഴാണ്‌ ഒരു കേസിനുതന്നെ പഴുതില്ലാതിരുന്നിട്ടും ലൈഫ് മിഷനുമേൽ പാഞ്ഞുകയറാൻ സിബിഐ ശ്രമിച്ചത്.


 

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ)ത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കോടതിയിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട്  സമർപ്പിച്ചത്. വടക്കാഞ്ചേരിയിൽ യുഎഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ നിർമിക്കുന്ന 140 ഫ്ളാറ്റിന്റെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമാണ കരാർ യുഎഇ കോൺസൽ ജനറലും യൂണിടാക്, സാനെ വെഞ്ചേഴ്സും തമ്മിൽ ഏർപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് കേസിന്  നിലനിൽപ്പില്ലെന്ന്‌ നിയമോപദേശം കിട്ടി. സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്തോ അഴിമതി പുറത്തുവരുന്നത് തടയാൻ ശ്രമിക്കുന്നു എന്ന മട്ടിൽ പ്രതിപക്ഷവും കുറെ മാധ്യമങ്ങളും ഇറങ്ങിപ്പുറപ്പെട്ടു. എന്നാൽ, സർക്കാരിന് ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തത ഉണ്ടായിരുന്നു. രണ്ടു കാര്യമാണ് സർക്കാർ പ്രധാനമായി കണ്ടത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് എഫ്സിആര്‍എയുടെ ലംഘനം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു ആദ്യത്തെ കാര്യം. ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായി  സിബിഐ ഇടപെടുമ്പോൾ അത് നോക്കിനിന്നാൽ പോരാ എന്ന ശക്തമായ നിലപാടും സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. അത്തരം നീക്കങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ് എന്ന ഉറച്ച ബോധ്യവും ഉണ്ടായിരുന്നു. അതാണ് ചെയ്തത്.

ഭരണഘടനപ്രകാരമുള്ള ഈ നീക്കത്തിനെതിരെപ്പോലും കോൺഗ്രസ് രംഗത്തുവന്നു. സ്വന്തം പാർടി ഭരിക്കുന്ന  രാജസ്ഥാനിൽ സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താനുള്ള പൊതു അനുമതി വിലക്കിയതുപോലും  ഇവിടെ ഈ അപഹാസ്യമായ നിലപാടെടുക്കാൻ അവർക്ക് തടസ്സമായില്ല. യുഎഇ കോൺസൽ ജനറലും നിർമാണ കമ്പനികളും തമ്മിലുള്ള കരാറിൽ കമീഷൻ ഇടപാടോ ഏതെങ്കിലും തരത്തിൽ അഴിമതിയോ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടണമെന്നുള്ള കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ തർക്കമില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്‌തമാക്കിയതാണ്. വിജിലൻസ് അന്വേഷണം ആരംഭിച്ചതും അതുകൊണ്ടാണ്.

സർക്കാർ ഉന്നയിച്ച  പ്രധാന കാര്യം ഏതായാലും കേസിന്റെ ആദ്യഘട്ട പരിഗണനയിൽത്തന്നെ കോടതി അംഗീകരിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാർ വിദേശനാണയം സ്വീകരിച്ചിട്ടില്ലെന്നും  വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരില്ലെന്നുമുള്ള  കാര്യം ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷനെതിരായ അന്വേഷണം കോടതി തടഞ്ഞത്. മറ്റ് കാര്യങ്ങൾ വിശദമായി വാദം കേട്ട് കോടതി തീരുമാനിക്കട്ടെ.

സർക്കാർ ശ്രമിച്ചത് ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് അടച്ചുറപ്പുള്ള ഭവനം നൽകാനാണ്. അതിന് ഉദാരമതികളുടെ സഹായവും തേടി. അങ്ങനെ സഹായിക്കാൻ വന്നവർ എന്തെങ്കിലും കമീഷൻ ഇടപാടുകൾ നടത്തിയെങ്കിൽ അതിന് അവർ ഉത്തരം പറയണം. പക്ഷേ, അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളുടെ നൂലാമാലകളിൽ പെടുത്തി  ലൈഫ് മിഷനെ തകർക്കാൻ നോക്കിയാൽ ഏതുവിധേനയും പൊരുതും എന്ന സർക്കാർ നിലപാട് തികച്ചും ഉചിതമാണ്. ആ നിലപാടിന് കോടതി നൽകിയ അംഗീകാരംകൂടിയാണ് ചൊവ്വാഴ്ചത്തെ ഹൈക്കോടതി ഉത്തരവ്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top