മാലിന്യം എറിയുന്നത്‌ വധശ്രമത്തിന് തുല്യം , ശിക്ഷ കർശനമാക്കണം : ഹെെക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 12:10 AM | 0 min read


കൊച്ചി
തോടുകളിലും ഓടകളിലും മാലിന്യമെറിയുന്നത് വധശ്രമത്തിന് തുല്യമാണെന്ന്‌ ഹൈക്കോടതി. മാലിന്യം വലിച്ചെറിയാമെന്ന കാഴ്ചപ്പാട് മാറേണ്ട കാലം അതിക്രമിച്ചെന്നും ആമയിഴഞ്ചാൻതോട്ടിലെ ദുരന്തം കണ്ണുതുറപ്പിക്കുന്നതാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ജലാശയങ്ങളിൽ മാലിന്യം തള്ളുന്നതിനുള്ള ശിക്ഷ കർശനമാക്കണം. സ്വന്തം വീട്ടിലെ മാലിന്യം തള്ളാൻ എളുപ്പവഴി തേടുന്നവർ, വെള്ളപ്പൊക്കമുണ്ടായാൽ ഏവരെയും അത് ബാധിക്കുമെന്നോർക്കണം. സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൗരന്മാരും ഉത്തരവാദിത്വം കാണിക്കണം. മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻതോടിന്റെ കനാലിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ പ്രശംസനീയദൗത്യമാണ് നിർവഹിച്ചത്. തിരുവനന്തപുരത്തെ അപേക്ഷിച്ച് കൊച്ചിയിൽ വെള്ളക്കെട്ടും മാലിന്യപ്രശ്നവും കുറഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കൾവർട്ടുകൾ വൃത്തിയാക്കണം , റെയിൽവേയ്‌ക്ക്‌ വിമർശം
എറണാകുളത്ത്‌ റെയിൽവേ നിയന്ത്രണത്തിലുള്ള കൾവർട്ടുകൾ വൃത്തിയാക്കാൻ പല ഉത്തരവുകളുണ്ടായിട്ടും പുരോഗതിയില്ലെന്ന്ഹെെക്കോടതി പറഞ്ഞു. കാനകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോടതി രൂപീകരിച്ച മേൽനോട്ടസമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് റെയിൽവേ ബോധിപ്പിച്ചു. കമ്മട്ടിപ്പാടത്തെ കൾവർട്ട് പുനർനിർമിക്കാൻ നടപടിയായി. ഇതിന് മൂന്നരക്കോടിയിലധികം വകയിരുത്തി. രണ്ടുമാസത്തിനകം പണി തുടങ്ങുമെന്നും റെയിൽവേ അറിയിച്ചു. മറ്റു കൾവർട്ടുകളുടെ കാര്യത്തിലും നടപടി വേണമെന്ന് കോടതി പറഞ്ഞു. കാനകൾ വൃത്തിയാക്കുന്നതിൽ മേൽനോട്ടസമിതിക്കായിരിക്കും ചുമതലയെന്നും കോടതി വ്യക്തമാക്കി.
 



deshabhimani section

Related News

0 comments
Sort by

Home