24 March Friday

പ്രതീക്ഷ നൽകുന്ന 2 കോടതിവിധികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


ഇന്ത്യയെന്ന മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിന്  ബലം നൽകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന രണ്ട് കോടതിവിധികൾ. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ് പ്രശാന്ത് കനോജിയ കേസിലെ സുപ്രീംകോടതി വിധിയെങ്കിൽ വർഗീയ പ്രചാരണത്തിനെതിരെ നീതിയുടെ വിജയമാണ് കഠ്‌വ ബലാത്സംഗക്കേസിലെ പത്താൻകോട് കോടതിവിധി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങൾ അവസാന അത്താണിയായി കാണുന്ന ജുഡീഷ്യൽ സംവിധാനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതാണ‌് രണ്ടു വിധിന്യായവും. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട വിഷയം ഒരു കമന്റോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ‌്തതിനായിരുന്നു മാധ്യമപ്രവർത്തകനായ പ്രശാന്ത് ജഗദീഷ് കനോജിയയെ അറസ‌്റ്റ‌ുചെയ‌്തത‌്.  ഉത്തർപ്രദേശ് പൊലീസ് സ്വമേധയാ എടുത്ത കേസിലായിരുന്നു അറസ്റ്റ്. എന്നാൽ, അപകീർത്തിപ്പെടുത്തിയതിന് ക്രിമിനൽ കേസ് ചാർജ് ചെയ്യണമെങ്കിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്ന നിബന്ധനയുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. യോഗി ആദിത്യനാഥ് ആർക്കെങ്കിലും പരാതി നൽകിയതായും അറിവില്ല. അറസ‌്റ്റ് വാറണ്ടുപോലുമില്ലാതെ യൂണിഫോമില്ലാതെ എത്തിയ പൊലീസുകാരാണ് കനോജിയയെ അറസ്റ്റുചെയ‌്തത‌്. മാത്രമല്ല, ട്രാൻസിറ്റ് റിമാൻഡില്ലാതെയായിരുന്നു ഈ അറസ്റ്റ്. തീർത്തും നിയമവിരുദ്ധമായ നടപടിയാണിത്. പ്രശാന്ത് കനോജിയയെ മാത്രമല്ല, യുവതിയുടെ വീഡിയോ സംപ്രേഷണം ചെയ‌്ത നോയിഡയിലെ പ്രാദേശിക ടിവി ചാനലായ നാഷൻ ലൈവിന്റെ ഉടമ ഇഷിക സിങ്ങിനെയും എഡിറ്റർ അനൂജ് ശുക്ലയെയും പൊലീസ് അറസ്റ്റുചെയ‌്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ‌്ക്കൽ കത്തിവയ‌്ക്കുന്ന നിയമവിരുദ്ധ നടപടിയായിരുന്നു ഉത്തർപ്രദേശ് പൊലീസിന്റേത്.

സിപിഐ എം നേതാവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും അഭിഭാഷക ദീപിക സിങ് രജാവത്തുമാണ്  കേസ് തേഞ്ഞുമാഞ്ഞുപോകാതെ കുറ്റക്കാരെ നീതിക്കുമുന്നിൽ കൊണ്ടുവരുന്നതിനായി പോരാടിയത്. ഇതിനെ തുടർന്നാണ‌് കഴിഞ്ഞവർഷം സുപ്രീംകോടതി കേസ് പഞ്ചാബിലെ പത്താൻകോട്ടെ പ്രത്യേക കോടതിയിലേക്ക‌് മാറ്റിയത്. അത് ഫലം കാണുകയും ചെയ‌്തു

പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ജൂൺ 11നു കനോജിയയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഉത്തർപ്രദേശ് പൊലീസിനോട് ആവശ്യപ്പെട്ടത്. കനോജിയയെ അറസ‌്റ്റ‌ുചെയ‌്തതും 11 ദിവസത്തേക്ക് റിമാൻഡ് ചെയ‌്തതും നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചു.  കനോജിയ നടത്തിയ കമന്റിനെ അംഗീകരിക്കുന്നില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് ഒരു ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമെതിരെയുള്ള കടന്നാക്രമണമാണ് ഉത്തർപ്രദേശ് പൊലീസിന്റേതെന്നും ഭരണഘടനാവിരുദ്ധമായ നടപടിയാണ‌് ഇതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിധിന്യായം തന്നെയാണ് പരമോന്നത കോടതിയിൽനിന്നും ഉണ്ടായിട്ടുള്ളത്.

സാർവദേശീയമായിത്തന്നെ പ്രതിഷേധമുയർന്ന സംഭവമായിരുന്നു ജമ്മു  കശ‌്മീരിലെ കഠ‌്‌വയിൽ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനു വിധേയമായി കൊല ചെയ്യപ്പെട്ടത്. ആടുകളെ മേച്ച‌് ജീവിതം നയിക്കുന്ന ബക്കർവാൾ വിഭാഗത്തിലെ പെൺകുട്ടിയെയാണ് കഠ‌്‌വയിലെ ആരാധനാലയത്തിൽവച്ച് ബലാത്സംഗംചെയ‌്ത‌് കൊന്നത്. ഈ കേസിൽ മൂന്നുപേരെ മരണംവരെ ജീവപര്യന്തത്തിനും അഞ്ചുപേരെ അഞ്ചുവർഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിട്ടുള്ളത്. ഹിന്ദുക്കളെ അപമാനിക്കുന്നതിന് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്ന് ആരോപിച്ച് അന്വേഷണത്തെയും വിചാരണയെയും അട്ടിമറിക്കുന്നതിനാണ് ബിജെപിയും ഹിന്ദു എകതാ മഞ്ചും സംഘപരിവാറും ശ്രമിച്ചത്. ബിജെപി മന്ത്രിമാർവരെ കേസ് അട്ടിമറിക്കുന്നതിനും പ്രതികളെ പിന്തുണയ‌്ക്കുന്നതിനും രംഗത്തുവരികയുണ്ടായി.

സിപിഐ എം നേതാവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും അഭിഭാഷക ദീപിക സിങ് രജാവത്തുമാണ്  കേസ് തേഞ്ഞുമാഞ്ഞുപോകാതെ കുറ്റക്കാരെ നീതിക്കുമുന്നിൽ കൊണ്ടുവരുന്നതിനായി പോരാടിയത്. ഇതിനെ തുടർന്നാണ‌് കഴിഞ്ഞവർഷം സുപ്രീംകോടതി കേസ് പഞ്ചാബിലെ പത്താൻകോട്ടെ പ്രത്യേക കോടതിയിലേക്ക‌് മാറ്റിയത്. അത് ഫലം കാണുകയും ചെയ‌്തു. 17 മാസത്തിനകം അന്വേഷണവും വിചാരണയും പൂർത്തിയാക്കി ശിക്ഷ വിധിക്കാനും കോടതി തയ്യാറായി. ജമ്മു കശ‌്മീർ ക്രൈംബ്രാഞ്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ് ലഭിക്കുന്നതിലേക്ക് നയിച്ചത്. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും മരണംവരെ ജീവപര്യന്തം ശിക്ഷിക്കാനാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിക്കാനും അന്വേഷണത്തെ  വഴിതിരിച്ചുവിടാനും  പൊലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രമിച്ചെന്ന ആരോപണവും കോടതി ഗൗരവത്തിലാണ് എടുത്തത്. രക്തപങ്കിലമായ വസ്ത്രം കഴുകിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ നെക്ലേസും മറ്റും ഒളിപ്പിച്ചുവച്ചും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സബ് ഇൻസ്പെക്ടർക്കും പ്രത്യേക പൊലീസ്ഓഫീസർക്കും അഞ്ചുവർഷം തടവുശിക്ഷ നൽകാൻ കോടതി തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top