26 January Wednesday

ഭരണഘടനയെ കാത്ത് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019


 

നമ്മുടെ ഭരണഘടനയ്‌ക്ക് 70 വയസ്സ്‌ തികയുന്ന ദിനത്തിൽ, ജനാധിപത്യത്തെയും ഭരണഘടനയെയും മുറുകെ പിടിച്ച് സുപ്രീംകോടതി പ്രസ്‌താവിച്ച വിധി രാജ്യത്തിന് പ്രതീക്ഷയും ആശ്വാസവുമാണ്. മഹാരാഷ്ട്രയിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ അരങ്ങേറിയ അവിഹിത ഇടപാടുകളിലൂടെ അധികാരമേറ്റ ബിജെപി ഗവൺമെന്റ് ബുധനാഴ്‌ച വൈകിട്ട് അഞ്ചിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന വിധി ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലകൾ കാക്കുന്നതായി. കോടതിയിൽനിന്ന് വൻ തിരിച്ചടി കിട്ടിയതോടെ പിടിച്ചു നിൽക്കാനാകാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചത് ജനാധിപത്യത്തിന്റെ വിജയമായി. വാദം നീട്ടാനും വിശ്വാസവോട്ട് വൈകിപ്പിക്കാനുമുള്ള ബിജെപിയുടെ എല്ലാ നീക്കവും കോടതിക്കുമുന്നിൽ പരാജയപ്പെട്ടു. അധികാരത്തിലേറിയതിന്റെ മൂന്നാംനാൾ സർക്കാരുണ്ടാക്കാൻ തനിക്ക് ഭൂരിപക്ഷമില്ലെന്ന്‌ വ്യക്തമാക്കിയാണ് ഫഡ്നാവിസിന്റെ രാജി. ഫഡ് നാവിസിനെ ഗവർണർ ക്ഷണിച്ചതിനെതിരെ എൻസിപി-–-ശിവസേന–--കോൺഗ്രസ് ത്രികക്ഷിസഖ്യമാണ് കോടതിയെ സമീപിച്ചത്. എൻസിപിയിലെ അജിത് പവാറിനെ അടർത്തിയെടുത്തായിരുന്നു ബിജെപിയുടെ നീക്കം. പക്ഷേ, എൻസിപിയിലെ ഭൂരിപക്ഷം അംഗങ്ങളും പാർടി നേതാവ് ശരത് പവാറിനൊപ്പം ഉറച്ചുനിന്നു. തിങ്കളാഴ്ച 162 എംഎൽഎമാരെ ത്രികക്ഷിസഖ്യം അണിനിരത്തുകയുംചെയ്‌തു.

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും പരമപ്രധാനമെന്ന് അടിവരയിട്ട് പ്രഖ്യാപിച്ചായിരുന്നു ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർ അംഗങ്ങളായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാനവിധി. കേസിൽ വാദം തുടങ്ങിയ ആദ്യ ദിനമായ ഞായറാഴ്ചതന്നെ കോടതിവിധി പറയാതിരുന്നതിൽ പലർക്കും ആശങ്ക തോന്നിയെങ്കിലും ഒടുവിൽ ചൊവ്വാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭരണഘടന സംരക്ഷിക്കാൻ കോടതി ബാധ്യസ്ഥമാണെന്ന കൃത്യമായ സന്ദേശം നൽകുന്നുണ്ട്. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് കുതിരക്കച്ചവടത്തിന്‌ വഴിയൊരുക്കുമോ എന്നായിരുന്നു ജനാധിപത്യവാദികൾ ഭയപ്പെട്ടത്. ആ ആശങ്കകൾക്ക് വിരാമമിട്ട് സുപ്രീംകോടതി വിധി പറഞ്ഞതോടെ കുതിരക്കച്ചവടത്തിന്റെയും ഭയപ്പെടുത്തലിന്റെയും ഹീനരാഷ്ട്രീയം കളിച്ചവർക്ക് ഗത്യന്തരമില്ലാതെ ഒഴിയേണ്ടിവന്നു.

ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടരുതെന്നതടക്കം ദേവേന്ദ്ര ഫഡ്നാവിസും ഗവർണറും കേന്ദ്രസർക്കാരുമെല്ലാം ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. വിശ്വാസവോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ലെന്നും തത്സമയ സംപ്രേക്ഷണം വേണമെന്നും ഉത്തരവിട്ടു. സ്‌പീക്കർ തെരഞ്ഞെടുപ്പ് ആദ്യം നടത്തണമെന്ന ആവശ്യവും നിരാകരിച്ച കോടതി സഭയിലെ മുതിർന്ന അംഗം പ്രോടെം സ്‌പീക്കറായി അംഗങ്ങളുടെ സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടെപ്പും നടത്തിയാൽ മതിയെന്നും വ്യക്തമാക്കി. ജനാധിപത്യത്തിൽ ധാർമികതയും സുതാര്യതയും തുറന്ന സമീപനവും വേണമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വെള്ളിയാഴ്‌ച പാതിരാത്രിയിലും ശനിയാഴ്ച പുലർവേളയിലുമായി ഗവർണർ ഭഗത്‌‌സിങ്‌ കോശ്‌യാരിയുടെ രാജ്ഭവൻ മുറിയിൽ ആരോരുമറിയാതെ നടന്ന രഹസ്യനീക്കങ്ങൾക്ക് ചുട്ട മറുപടിയായി അത്. ഇന്ത്യയുടെ ഭരണം കൈയാളുന്നവർ ഓരോ ദിവസവും ഭരണഘടനയ്‌ക്കും ജനാധിപത്യത്തിനുംനേരെ വാളോങ്ങുമ്പോൾ ഈ വിധി രാജ്യം കാതോർത്തതുതന്നെ.


 

ഒരു സർക്കാരിന്റെ ഭൂരിപക്ഷം നിശ്ചയിക്കുന്നതിൽ രാഷ്ട്രപതിയോ ഗവർണറോ വ്യക്തിപരമായി തീരുമാനമെടുക്കാൻപാടില്ലെന്ന് 1994ൽ എസ് ആർ ബൊമ്മൈ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനുള്ള ഏകയിടം നിയമസഭയാണ്. ഇക്കാര്യം ഇപ്പോഴത്തെ വിധിയിലും വ്യക്തമാണ്. നേരത്തെ യെദ്യൂരപ്പ കേസിലും കോടതി സ്വീകരിച്ചത് ഇതേ നിലപാടായിരുന്നു.

കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടിയായിരുന്നു ഒറ്റ രാത്രി മഹാരാഷ്ട്രയിൽ നടന്നത്‌. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവർണറുമെല്ലാം അതിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, മഹാരാഷ്ട്ര കേസ് ഒട്ടേറെ നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങൾ ഉയർത്തുന്നു. സഖ്യങ്ങളുടെയും അംഗബലത്തിന്റെയും മാത്രം കാര്യമായി ഇത് ഒതുങ്ങുന്നില്ല. ഇക്കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ കോടതി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കാം. ജനാധിപത്യപരമായ എല്ലാ മാനദണ്ഡങ്ങളും ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും അട്ടിമറിച്ചായിരുന്നു ഗവർണർ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ആ അപഹാസ്യനാടകത്തിന്റെ വഴിയെന്തായിരുന്നുവെന്ന് പരിശോധിക്കപ്പെടുകതന്നെ വേണം. അജിത് പവാറിന്റെ പേരിലുള്ള ഒമ്പത്‌ കേസുകൾ 48 മണിക്കൂറിനകം പിൻവലിച്ചതും ഇതോടൊപ്പം കാണണം. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ശിവസേന- –-എൻസിപി-–- കോൺഗ്രസ് സഖ്യത്തിന്റെ നേതാവ് ഉദ്ധവ് താക്കറേയെ ഗവർണർ മന്ത്രിസഭയുണ്ടാക്കാൻ ഒരുഘട്ടത്തിലും ക്ഷണിച്ചിരുന്നുമില്ല.

ജനവിധി നേടാൻ കഴിയാത്തിടത്ത് എങ്ങനെയും അധികാരത്തിൽവരാൻ ബിജെപി നടത്തുന്ന കുതന്ത്രങ്ങളും കളികളും ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇതിനകം കണ്ടു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു മഹാരാഷ്ട്രയിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രികൂടിയായ പാർടി പ്രസിഡന്റ്‌ അമിത് ഷായും നേരിട്ടാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, ബിഹാർ, ഗോവ, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിലൊക്കെ ബിജെപിയുടെ അട്ടിമറികൾ രാജ്യം കണ്ടു. ഇപ്പോൾ, മഹാരാഷ്ട്രയിലും നടത്തിയ ആ രാഷ്ട്രീയ കുതിരക്കച്ചവടമാണ് കോടതി ഇടപെടലോടെ പൊളിഞ്ഞിരിക്കുന്നത്. പക്ഷേ, ഇവിടംകൊണ്ട് എല്ലാം തീർന്നുവെന്ന് കരുതാനാകില്ല. പിൻവാതിലുകളിലൂടെ കളി പല രൂപത്തിൽ ഇനിയും തുടർന്നേക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top