വൈദ്യുതി ഓഫീസിലേക്ക് യുവജന മാർച്ച്

കണ്ണൂർ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ജിഎൻഎയുമായി നിയമവിരുദ്ധ കരാറിന് ശ്രമിച്ച യുഡിഎഫ് സർക്കാർ നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി കെഎസ്ഇബി ഭവനിലേക്ക് മാർച്ച് നടത്തി. ജില്ലാകമ്മിറ്റി ഓഫീസിൽനിന്നാരംഭിച്ച മാർച്ച് കെഎസ്‌ഇബി ഭവനിൽ പൊലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്‌തു. അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും അതൃപ്‌തി പങ്കിടുന്ന ഒരുകൂട്ടം മന്ത്രിമാരുമുള്ള മന്ത്രിസഭയായി യുഡിഎഫ് സർക്കാർ മാറിയെന്ന് വിജിൻ പറഞ്ഞു. നിരന്തരം മലക്കം മറിഞ്ഞുകൊണ്ടേയിരിക്കുന്ന മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. പീക്ക്‌ടൈമിൽ വിതരണത്തിനാണ് ജിഎൻഎയുമായി വൈദ്യുതി കരാറെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പീക്ക് ടൈമിൽ പണമാണോ വൈദ്യുതിയാണോ വിതരണംചെയ്യുകയെന്ന് എല്ലാ അഴിമതികൾക്കും നേതൃത്വം നൽകുന്ന മുഖ്യമന്ത്രിതന്നെ പറയട്ടെയെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിജിൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ അനുശ്രീ അധ്യക്ഷയായി. മുഹമ്മദ് സിറാജ്, പി എം അഖിൽ, പി പി സിദിൻ, ഷിബിൻ കാനായി, എ പി അൻവീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ സ്വാഗതം പറഞ്ഞു.









0 comments