Deshabhimani

ഇന്ന്‌ ലോക പ്രമേഹ ദിനം തുടക്കത്തിൽതന്നെ കണ്ടെത്തണം; ജാഗ്രത വേണം

ഡോ. കെ പി ബാലകൃഷ്‌ണ പൊതുവാൾ
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 1 min read

കണ്ണൂർ ഇന്ന്‌ സർവസാധാരണമായ പ്രമേഹം പത്തുമുപ്പത്‌ വർഷംമുന്പ്‌ അപൂർവമായ രോഗമായാണ്‌ പരിഗണിച്ചിരുന്നതെന്ന്‌ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രി സീനിയർ കൺസൾട്ടന്റ്‌ ഫിസീഷ്യൻ ഡോ. കെ പി ബാലകൃഷ്‌ണ പൊതുവാൾ. എല്ലാ തരത്തിലും പുരോഗമിച്ച മലയാളിയുടെ ജീവിത ശൈലിയോട്‌ ചേർന്നുതന്നെ പ്രമേഹവും സർവസാധാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽതന്നെ ജാഗ്രത പുലർത്തണമെന്നാണ്‌ ഇത്തവണത്തെ പ്രമേഹദിന സന്ദേശം. ലോകത്ത്‌ ചൈനയാണ്‌ ഇ‍ൗ രോഗത്തിൽ മുന്നിൽ. ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്‌. സംസ്ഥാനങ്ങളിൽ കേരളംതന്നെ മുന്നിൽ. മുന്പ്‌ ഡയലിസിസ്‌ കേന്ദ്രങ്ങൾ മെഡിക്കൽ കോളേജിൽമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാ ആശുപത്രികളിലും ഡയാലിസിസ്‌ യൂണിറ്റുകൾ നിർബന്ധമായി. സമാനമാണ്‌ പ്രമേഹത്തിന്റെയും കാര്യം. വിശക്കുന്പോൾമാത്രം ഭക്ഷണം കഴിക്കുന്ന രീതി മാറ്റി, എപ്പോഴും കഴിക്കുന്ന ശീലം വന്നതാണ്‌ പ്രമേഹത്തിന്‌ വഴി സുഗമമാക്കിയത്‌. വ്യായാമം ഇല്ലാതായത്‌ സ്ഥിതി സങ്കീർണമാക്കി. പുകവലി, മദ്യപാനം, പൊണ്ണത്തടി, മാനസിക പിരിമുറക്കം തുടങ്ങിയവയെല്ലാം പ്രമേഹത്തിന്റെ സങ്കീർണതകൾ കൂട്ടാൻ ഇടയാക്കും. ഭക്ഷണത്തിൽ പച്ചക്കറി, ഇലക്കറി, പയറുവർഗങ്ങൾ, തവിട് കളയാത്ത ധാന്യം എന്നിവ കൂടുതലായി ഉൾപ്പെടുത്തുക, മധുരവും മൈദയും ഒഴിവാക്കുക, മധുരപാനീയങ്ങൾക്കുപകരം വെള്ളം കുടിക്കുക, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, ഒറ്റയടിക്ക് വയറുനിറയെ കഴിക്കുന്നതിനുപകരം, ചെറിയ അളവിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നിവ പ്രമേഹം വാതിരിക്കുന്നതിനുള്ള മുൻകരുതലാണ്‌. പ്ലേറ്റിന്റെ പകുതി പച്ചക്കറിയും കാൽ ഭാഗം പ്രോട്ടീനും (പയറുവർഗ്ഗങ്ങൾ, മത്സ്യം, മുട്ട), ബാക്കി കാൽ ഭാഗം ധാന്യങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ദിവസവും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിങ്‌, നീന്തൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താം. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ചെറിയ ഭാരമുയർത്തുന്നതുപോലുള്ള വർക്ക‍ൗട്ടുകൾ ചെയ്യുന്നത് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കണം. ഓഫീസിൽ ദീർഘനേരം ഇരിക്കേണ്ടി വന്നാൽ, ഓരോ 30 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് അൽപനേരം നടക്കുകയോ കൈകാലുകൾ നിവർത്തുകയോ ചെയ്യുന്നത്‌ നല്ലതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home