കോർപറേഷൻ പൊടിച്ചത് ലക്ഷങ്ങൾ
മാലിന്യബിന്നും മാലിന്യമായി

നഗരത്തിൽ സ്ഥാപിച്ച സ്‌റ്റെയിൻലെസ് സ്‌റ്റീൽ ബിന്നുകൾ
സ്വന്തം ലേഖിക
Published on Oct 07, 2026, 01:30 AM | 1 min read
കണ്ണൂർ
സംസ്ഥാന സർക്കാരിന്റെ മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കണ്ണൂർ കോർപറേഷൻ സ്ഥാപിച്ച സ്റ്റെയിൻലെസ്സ് സ്റ്റീൽ മാലിന്യബിന്നുകൾ തന്നെ മാലിന്യക്കൂനകളായി മാറുന്നതായി പരാതി. മാലിന്യം ശേഖരിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനമൊരുക്കാതെയും അവയുടെ പരിപാലനത്തിൽ ശ്രദ്ധചെലുത്താതെയുമുള്ള കോർപറേഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. വിവിധ ഡിവിഷനുകളിലായി മുന്നൂറോളം ബിന്നുകൾ കോർപറേഷൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇവയിൽ തള്ളുന്ന മാലിന്യം ദിവസേന നീക്കം ചെയ്യാനുള്ള സംവിധാനമില്ലാത്തതാണ് പ്രതിസന്ധിയുണ്ടാകുന്നത്. തരംതിരിക്കേണ്ട ബിന്നുകളിൽ തോന്നിയതെല്ലാം ജൈവം, അജൈവം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ മാലിന്യം തരംതിരിക്കാതെയാണ് തള്ളുന്നത്. ഭക്ഷണാവശിഷ്ടം മുതൽ പ്ലാസ്റ്റിക് മാലിന്യം വരെയുള്ളവ ഒരുമിച്ച് തള്ളുന്നതോടെ ബിന്നുകൾ നിറഞ്ഞുകവിയുകയാണ്. ഇതിനു പുറമെ അറവുമാലിന്യം, ജീവികളുടെ ജഡം, ഡയപ്പർ തുടങ്ങിയവയുമുണ്ട്. ബിന്നുകളിൽനിന്ന് മാലിന്യം നായ്ക്കളും പശുക്കളും പക്ഷികളും കൊത്തിവലിച്ച് പുറത്തേക്കിടുന്നതോടെ പരിസരം വീണ്ടും മാലിന്യക്കൂനയാകുന്നു. ദുർഗന്ധത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നു. ആവശ്യത്തിന് ശുചീകരണ തൊഴിലാളികളില്ല ബിന്നുകൾ സ്ഥാപിക്കുന്നതിനുമുമ്പ് ദിവസേന മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹനം, തൊഴിലാളികൾ, ഷെഡ്യൂൾ, മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണ സംവിധാനം എന്നിവ ഉറപ്പാക്കിയിരുന്നോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. മാലിന്യ ബിന്നുകൾ ദിവസേന പരിശോധിച്ച് നീക്കംചെയ്യാനുള്ള ശുചീകരണത്തൊഴിലാളികളും വാഹനസൗകര്യവും ഇല്ല. അധികജോലിഭാരമാണ് തൊഴിലാളികൾ ചുമക്കേണ്ടിവരുന്നത്. ഇപ്പോഴുള്ള ഇലക്ട്രിക് വാഹനം ഡിവിഷനിലെ ചപ്പുചവറുകൾ കൊണ്ടുപോകാനുള്ളതാണ്. ഇവ ഇപ്പോൾ മാലിന്യനീക്കത്തിനാണ് ഉപയോഗിക്കുന്നത്. ‘തലയിൽ നിന്നൊഴിവാക്കാനുള്ള’ ചിന്ത സജീവം പൊതുജന സൗകര്യത്തിനും നഗര ശുചിത്വത്തിനുമായി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ബിന്നുകൾ ഇപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യപ്രശ്നത്തിന്റെ പുതിയ കേന്ദ്രങ്ങളായെന്നാണ് പരക്കെയുള്ള വിമർശം. കലക്ടറേറ്റ് പരിസരത്തും നഗരത്തിലെ മറ്റ് ചില ഭാഗങ്ങളിലും സ്ഥാപിച്ച ബിന്നുകൾ കൂട്ടത്തോടെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്. മാലിന്യനീക്കം പൊല്ലാപ്പായതോടെ കോർപറേഷൻ തലയിൽനിന്നൊഴിവാക്കാനുള്ള ശ്രമത്തിലാണെന്നും ആക്ഷേപമുണ്ട്.








0 comments