Deshabhimani

തളിപ്പറമ്പ്‌ ജമാഅത്ത്‌ പള്ളിക്കമ്മിറ്റി പിടിച്ചെടുക്കാൻ വീണ്ടും ലീഗ്‌ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 2 min read

കണ്ണൂർ ഭരണ സ്വാധീനത്തിന്റെ മറവിൽ തളിപ്പറമ്പ്‌ ജമാഅത്ത്‌ പള്ളി കമ്മിറ്റി പിടിച്ചെടുക്കാൻ മുസ്ലിം ലീഗിന്റെ നീക്കം. പത്തുവർഷംമുന്പ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയവർക്ക്‌ ഏകപക്ഷീയമായി ഭരണം കൈമാറാനാണ്‌ ശ്രമം. 2018 ൽ നോമിനേഷൻ നൽകിയതിൽ അവശേഷിക്കുന്ന 18 പേരോട്‌ ബുധനാഴ്‌ച പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട്‌ വഖഫ്‌ ട്രിബ്യൂണൽ നിയോഗിച്ച വരണാധികാരി പി കെ ന‍ൗഷാദ്‌ നോട്ടീസ്‌ നൽകിയത്‌ ഇതിന്റെ ഭാഗമാണ്‌. എട്ടുവർഷം മുന്പ്‌ നോമിനേഷൻ നൽകിയവരെ ഭരണമേൽപ്പിച്ച്‌ അധികാരം കൈക്കലാക്കാനുള്ള ഗൂഢനീക്കമാണ്‌ ലീഗ്‌ നേതൃത്വം നടത്തുന്നത്‌. 2018 ൽ നോമിനേഷൻ നൽകിയവരിൽ ജുമാഅത്ത്‌ പള്ളിക്കുകീഴിലുള്ള സീതിസാഹിബ്‌ സ്‌കൂളിൽ സാമ്പത്തിക ക്രമക്കേടുകൾക്ക്‌ ആരോപണ വിധേയരായ മാനേജ്‌മെന്റ്‌ കമ്മിറ്റിക്കാരുമുണ്ട്‌. സീതിസാഹിബ്‌ സ്‌കൂളിന്റെ 2013 മുതൽ 2021 വരെയുള്ള കണക്കുകളിലാണ്‌ വഖഫ്‌ ബോർഡ്‌ ഓഡിറ്റർ ഇ കെ കരുണാകരൻ ക്രമക്കേടുകൾ കണ്ടെത്തിയത്‌. 
 തുടർന്ന്‌ അന്നത്തെ സ്‌കൂൾ മാനേജരും നിലവിൽ കെയർടേക്കർ മാനേജരുമായ തളിപ്പറന്പ്‌ നഗരസഭാ ചെയർമാൻ പി കെ സുബൈർ, ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി മുൻ പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌കുഞ്ഞി ഹാജി, സി പി വി അബ്ദുള്ള എന്നിവർ വീണ്ടും ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ വിലക്കണമെന്നാവശ്യപ്പെട്ട്‌ തളിപ്പറമ്പ്‌ മഹല്ല്‌ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൾ കരീം, സെക്രട്ടറി കെ പി മുഹമ്മദ്‌ റിയാസുദ്ദീൻ, ട്രഷറർ ചപ്പൻ മുസ്‌തഫ ഹാജി എന്നിവർ ഹർജി നൽകിയിരുന്നു. ഇത്‌ കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ ധൃതിപ്പെട്ട്‌ ഇവരെ ഭരണം തിരിച്ചേൽപ്പിക്കാൻ ലീഗ്‌ അനുകൂല വരണാധികാരി ശ്രമിക്കുന്നത്‌. 2018 ൽ 18 അംഗ കമ്മിറ്റിയിലേക്ക്‌ 58 പേരാണ്‌ നോമിനേഷൻ നൽകിയത്‌. മുസ്ലിംലീഗ്‌ സമ്മർദം ചെലുത്തിയതോടെ ചിലർ നോമിനേഷൻ പിൻവലിച്ചു. ചിലരെ ലീഗ്‌ നേതൃത്വം പരസ്യമായി ഭീഷണിപ്പെടുത്തി. അന്നത്തെ വരണാധികാരി മുഹമ്മദ്‌ ഹനീഫയ്‌ക്ക്‌ മർദനവുമേറ്റു. അതോടെ തെരഞ്ഞെടുപ്പ്‌ നടപടി ക്രമം നിർത്തിവച്ചു. അന്ന്‌ നോമിനേഷൻ നൽകിയവരിൽ അവശേഷിക്കുന്നവർക്ക്‌ ഭരണം കൈമാറാനാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ ശ്രമം. ഇതിനെതിരെ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി പരാതി നൽകിയിട്ടുണ്ട്‌. അതോടൊപ്പം വോട്ടവകാശം ആവശ്യപ്പെട്ട്‌ മഹല്ല്‌ അംഗങ്ങളായ വനിതകളും കോടതിയെ സമീപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home