വിദ്യാർഥി വേട്ടയ്‌ക്കെതിരെ എസ്എഫ്ഐ മാർച്ച്

എസ്‌എഫ്‌ഐ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കണ്ണൂർ
തിരുവനന്തപുരത്ത് പൊലീസും യൂത്തുകോൺഗ്രസ് പ്രവർത്തകരും നടത്തിയ വിദ്യാർഥി വേട്ടയ്‌ക്കെതിരെ എസ്‌എഫ്‌ഐ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്‌റ്റേഡിയം കോർണറിൽനിന്നാരംഭിച്ച മാർച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡിന് മുന്നിൽ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കുനേരെ പൊലീസുകാരിലൊരാൾ ലാത്തിയെടുത്ത് കുത്തിയത് സംഘർഷത്തിലേക്ക് നയിച്ചു. ഇതോടെ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർക്കുനേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് നടന്ന പ്രതിഷേധ യോഗം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി അഖില ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം കെ പി അലീഷ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ഗിരീഷ്, സി വി ഹരികൃഷ്‌ണൻ, ജില്ലാ ജോ. സെക്രട്ടറി സ്വാതി പ്രദീപ് എന്നിവർ സംസാരിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റലിലെ അതിക്രമത്തിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കിയതിന് ശേഷമായിരുന്നു വിദ്യാർഥികൾ പ്രതിഷേധ മാർച്ചിനെത്തിയത്. ജില്ലയിൽ പഠിപ്പുമുടക്ക് സമരം പൂർണമായിരുന്നു. കോളേജുകളിലും സർവകലാശാല ക്യാന്പസുകളിലും വിദ്യാർഥികൾ പഠിപ്പുമുടക്കി.
മന്ത്രിക്കെതിരെ അക്രമമെന്നത് കെട്ടിച്ചമച്ചത്: കെ കെ രാഗേഷ്
കണ്ണൂർ
മന്ത്രി ഒ ജെ ജനീഷിനെതിരെ അക്രമം നടക്കുന്നുവെന്നത് കെട്ടിച്ചമച്ച കഥയാണെന്നും വിദ്യാർഥി പ്രതിഷേധത്തെ അക്രമമാക്കുന്ന പുതിയ രീതിയൊന്നും ഉണ്ടാക്കേണ്ടെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനുനേരെ ഏകപക്ഷീയമായി നടന്ന ആക്രമണത്തെ തടയാൻ ഉത്തരവാദപ്പെട്ട മന്ത്രി ഒ ജെ ജനീഷ് കേവലം യൂത്ത് കോൺഗ്രസിന്റെ നേതാവായി. അക്രമത്തെ നിർലജ്ജം ന്യായീകരിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ‘തൂഫാൻ' മാതൃകയിൽ റെയ്‌ഡ് നടത്തണമെന്നും പറഞ്ഞു. വിദ്യാർഥികളെ ഇങ്ങനെ അധിക്ഷേപിച്ചാൽ അവർ പ്രതിഷേധിക്കും. അതിനിയും തുടരും. പ്രകോപനത്തിന്റെ അന്തരീക്ഷം മന്ത്രി തന്നെ ഉണ്ടാക്കിക്കഴിഞ്ഞാൽ അറ്റൻഷനായി കരിങ്കൊടി കാണിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾ ഒരു വാഴയുമായി പ്രതീകാത്മക പ്രതിഷേധമാണ് നടത്തിയത്. അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നീക്കംചെയ്ത മന്ത്രിക്ക് നട്ടെല്ലിന് പകരം വാഴയാണെന്ന് വിദ്യാർഥികൾക്ക് ബോധ്യമായതുകൊണ്ടാണിത്. കേരളം പിടിക്കാൻ ചാടിപ്പുറപ്പെട്ട അമിത് ഷായോട് ഇങ്ങോട്ടുവരേണ്ടെന്ന് പറയാൻ കരുത്ത് കാണിച്ച മുഖ്യമന്ത്രി മുന്പ് കേരളത്തിലുണ്ടായിരുന്നു. അവിടെ വി ഡി സതീശന്റെ നടപടിയിൽ സ്വാഭാവികമായിട്ടും ചെറുപ്പക്കാർ പ്രതിഷേധിക്കും. ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംഘർഷത്തെ വഴിതിരിച്ചുവിടുന്നതിനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഫലമായാണ് തിരുവനന്തപുരത്ത് ആക്രമണങ്ങളുണ്ടായതെന്നും കെ കെ രാഗേഷ് പറഞ്ഞു. കോടിയേരി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും ബഹിഷ്‌കരിച്ചുവെന്ന പ്രചാരണം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും ഏതു കാര്യത്തിനും ക്ഷീരമുള്ള അകിടിന്റെ ചോട്ടിൽ ചോര തപ്പുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വിപുലീകരിച്ച ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.








0 comments