പരിമിതികളിൽ തളരാതെ നെറ്റിപ്പട്ട നിർമാണത്തിൽ വർണവിസ്‌മയം രചിച്ച് റെജീന

കോളിക്കടവ് ഒന്നാംവയസ്സിൽ ബാധിച്ച പോളിയോ സൃഷ്ടിച്ച ശാരീരിക പരിമിതികൾക്കുമുന്നിൽ പതറാതെ, തളർച്ച ബാധിച്ച ശരീര ഭാഗങ്ങളെ കുറിച്ചോർത്ത് വേവലാതിപ്പെടാതെ തനിക്കിഷ്ടപ്പെട്ട ജീവിതവഴികളിൽ വർണം വിതറുകയാണ് റെജീന. സ്വന്തം കരവിരുതിലൂടെ ജീവിതത്തിന് നിറംപകർന്ന് കോളിക്കടവ് പട്ടാരത്തിലെ മൊട്ടമ്മൽ ഹൗസിൽ സി വി റെജീന ഭിന്നശേഷി വിഭാഗങ്ങൾക്കാകെ മികച്ച ജീവിത സന്ദേശം പകരുകയാണ്. നെറ്റിപ്പട്ടം, ആലവട്ടം, കടലാസ് പേന, കടലാസ് പ്ലേറ്റ് എന്നിവ ഭംഗിയായി നിർമിച്ചാണ് റെജീന വിസ്‌മയം തീർക്കുന്നത്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന് അരയ്ക്ക് കീഴെ ചലനശേഷിയില്ലാതായി. ഏറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുവർഷം മുന്പ് ഭിന്നശേഷിക്കാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഫ്ലൈ ഗ്രൂപ്പ് കൂട്ടായ്മയിലൂടെ നെറ്റിപ്പട്ടം, ആലവട്ടം എന്നിവയുടെ നിർമാണം പഠിച്ചു. ഇതോടൊപ്പം കുട നിർമാണവും ഇതര ഉൽപ്പന്ന നിർമാണവും പഠിച്ചു. പാപ്പിനിശേരിയിലെ ഷറഫുദ്ധീൻ, കരിക്കോട്ടക്കരിയിലെ ബാബു, ഏച്ചൂർ സ്വദേശിനി ദീപ്തി എന്നിവരാണ് കരകൗശല, അലങ്കാരവസ്തു നിർമാണത്തിൽ പരിശീലനം നൽകിയത്. വീടിനടുത്തും മറ്റുമായി നടക്കുന്ന ഗൃഹപ്രവേശം, വിരമിക്കൽ, പിറന്നാൾ ചടങ്ങുകളിലേക്കും വ്യത്യസ്ത ആഘോഷങ്ങളിലേക്കും റെജീനയൊരുക്കുന്ന നെറ്റിപ്പട്ടം, ആലവട്ടം, അലങ്കാര വസ്തുക്കൾക്ക് ആവശ്യക്കാരെത്തുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ പരിപാടികളിലും മുച്ചക്ര വാഹനത്തിലെത്തി തന്റെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും സമയം കണ്ടെത്തുന്നു. ഓർഡർ അനുസരിച്ചുള്ള ഇത്തരം കരകൗശല വസ്‌തു നിർമാണത്തിൽനിന്ന് ലഭിക്കുന്ന ആദായമാണ് നിലവിൽ റെജീനയുടെയും അമ്മയുടെയും വരുമാനം. കോളിക്കടവ് വായനശാലയ്ക്കടുത്ത് പട്ടാരം റോഡിൽ പരേതനായ ചെട്ടിവളപ്പിൽ ഗോവിന്ദന്റെയും മൊട്ടമ്മൽ ജാനകിയുടെയും മകളാണ് റെജീന.









0 comments