Deshabhimani

ബോട്ടിന്‌ മരണക്കെണി!

പറശ്ശിനിക്കടവ്–- വളപട്ടണം യാത്രക്കിടെ  പ്രൊപ്പല്ലറിൽ കമ്പി കൊണ്ടുള്ള മീൻ കൂട് കുടുങ്ങി നിയന്ത്രണംതെറ്റിയ ബോട്ട്
വെബ് ഡെസ്ക്

Published on Nov 25, 2026, 01:30 AM | 2 min read

പാപ്പിനിശേരി

പറശ്ശിനിക്കടവ്- വളപട്ടണം യാത്രക്കിടയിൽ ബോട്ടിന്റെ പ്രൊപ്പല്ലറിൽ കമ്പി കൊണ്ടുള്ള മീൻ കൂട് കുടുങ്ങി. നിയന്ത്രണംതെറ്റിയ ബോട്ട് ഇരുമ്പ് കുറ്റിയിൽ ഇടിച്ച് തുളവീണു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. 30 യാത്രക്കാരുമായി സർവീസ് നടത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്‌. നിയന്ത്രണംതെറ്റി ഇരുമ്പ് കുറ്റിയിൽ ഇടിച്ചയുടൻ ബോട്ടിന്റെ അടിഭാഗത്തുണ്ടായ തുളയിലൂടെ വെള്ളം ഇരച്ചുകയറി. യാത്രക്കാർ ഭയന്ന് വിറച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവം നടന്നയുടൻ മറ്റൊരു സ്വകാര്യ ബോട്ടിൽ കയറ്റി യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചു. ദിവസവും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പറശ്ശിനിക്കടവ് –- വളപട്ടണം ബോട്ട് സർവീസ് ഇപ്പോൾ പൂർണമായും നിലച്ചിരിക്കുകയാണ്. അശ്രദ്ധയും അനാസ്ഥയും കാരണം 30 പേരുടെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുളയിലൂടെ വെള്ളം കയറുന്നതിനാൽ ബോട്ട് മുങ്ങാതിരിക്കാൻ ഇപ്പോഴും ജീവനക്കാർ വെള്ളം പമ്പ് ചെയ്ത് മാറ്റുകയാണ്. ​മീൻകെണി ദുരന്തമാകും ​പാമ്പുരുത്തി ബോട്ട് ജെട്ടിയോടുചേർന്ന് മീൻ പിടിക്കാൻ വച്ച ഇരുമ്പ് കമ്പികൊണ്ടുള്ള മുൻകൂടാണ് ദുരന്തത്തിന് കാരണമായത്. ബോട്ട് ജെട്ടിയോട് അടുക്കുമ്പോൾ കൂട് പ്രൊപ്പെല്ലറിൽ കുടുങ്ങി. കൂട് കുടുങ്ങിയതോടെ പ്രൊപ്പെല്ലർ പ്രവർത്തിക്കാനാകാതെയായി. അമിതഭാരത്തിൽ ഒരു എൻജിൻ പെട്ടെന്ന് ഓഫായി. ഇതോടെ ഒറ്റ എൻജിൻ മാത്രം പ്രവർത്തിച്ചപ്പോൾ ബോട്ടിന്റെ നിയന്ത്രണം പൂർണമായും തെറ്റി. ബോട്ട് ഇരുമ്പ് തൂണിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ശബ്ദംകേട്ട് യാത്രക്കാർ നടുങ്ങി. സംഭവസമയത്ത് ബോട്ടിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ 30 യാത്രക്കാർ ഉണ്ടായിരുന്നു. ബോട്ട് കുലുങ്ങിയതോടെ പലരും നിലവിളിച്ചു. ​സധൈര്യം ജീവനക്കാർ ജീവനക്കാരുടെ ധൈര്യമായിരുന്നു വൻദുരന്തം ഒഴിവാക്കിയത്‌. വെള്ളത്തിൽ മുങ്ങിക്കിടന്ന് ഇരുമ്പ് കൂട് അഴിച്ചെടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മൂർച്ചയുള്ള ഇരുമ്പ് കമ്പികൾ ശരീരത്തിൽ കൊണ്ടാൽ മുറിവേൽക്കും. ജീവൻപോലും പണയം വെച്ച് ഒന്നര മണിക്കൂറോളം സാഹസപ്പെട്ടാണ് വെള്ളത്തിനടിയിൽ നിന്ന് കൂട് അഴിച്ചെടുത്തത്. ശേഷമാണ് ബോട്ട് പറശ്ശിനിക്കടവിൽ എത്തിച്ചത്. ബോട്ട് കരക്കെത്തിച്ചങ്കിലും ഇരുമ്പ് കുറ്റി ഇടിച്ച ഭാഗത്ത് വലിയ തുള വീണിട്ടുണ്ട്. ഇതിലൂടെ വെള്ളം ഇരച്ചുകയറുകയാണ്. മോട്ടോർ സെറ്റ് വെച്ച് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളഞ്ഞില്ലെങ്കിൽ ബോട്ട് മുങ്ങിപ്പോകും. അതുകൊണ്ട് തന്നെ മോട്ടോർ ഒരിക്കലും നിർത്താനാകാത്ത അവസ്ഥയിലാണ്. ​​ഇനിയും കെണിയുണ്ട്‌ ​ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഇത്തരം മീൻകൂടുകൾ ഇനിയും ബോട്ട് ജെട്ടിക്ക് സമീപത്തുൾപ്പടെ ഉണ്ടെന്നാണ്. ഇന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇനി മറ്റൊരുബോട്ട് ഇതേകെണിയിൽ കുടുങ്ങിയാൽ എന്ത് സംഭവിക്കും?ജെട്ടിക്ക് സമീപം മീൻകൂടുകളും വലകളും മറ്റ് തടസ്സങ്ങളും വെക്കുന്നത് പൂർണമായും നിരോധിക്കണമെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. ബോട്ട് പോകുന്ന വഴിയിൽ പതിവായി പരിശോധന നടത്തണമെന്നും അപകടകരമായ തൂണുകളിലും കമ്പികളിലും മുന്നറിയിപ്പ് ബോർഡുകൾ വെക്കണമെന്നും അടിയന്തര സാഹചര്യത്തിൽ രക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home