കൈവിട്ടു, കരിഞ്ഞുണങ്ങി കശുവണ്ടി മേഖല


സ്വന്തം ലേഖകൻ
Published on Nov 27, 2026, 08:44 AM | 2 min read
കൊല്ലം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പൂർത്തിയാക്കിയിട്ടും കശുവണ്ടി മേഖലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മിക്ക ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. പട്ടിണിയിലാണ് തൊഴിലാളികൾ. ഫാക്ടറികൾ കൃത്യമായി തുറന്ന് പ്രവർത്തിപ്പിക്കാൻ താൽപ്പര്യം കാട്ടാത്ത അവസ്ഥയാണ്. കശുവണ്ടിയുമായി ബന്ധപ്പെട്ട ബോർഡുകളുടെ തലപ്പത്ത് ഇതുവരെ ചെയർമാന്മാരെ ചുമതലപ്പെടുത്താതതുതന്നെ ഇൗ മേഖലയോടുള്ള സർക്കാർ സമീപനം തുറന്നുകാട്ടുന്നു. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കശുവണ്ടി വ്യവസായം ഓർമകളിൽ മാത്രമായി മാറും.
നാഥനില്ലാതെ കാഷ്യൂ കോർപറേഷൻ
പതിനായിരം തൊഴിലാളികളും ജീവനക്കാരും പണിയെടുക്കുന്ന കാഷ്യൂ കോർപറേഷന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. ഒക്ടോബർ ആറിന് പുതിയ എംഡി ചുമതല ഏറ്റെടുത്തെങ്കിലും ഹെഡ് ഓഫീസിൽ വന്നിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തതിനാൽ കോടികൾ വിലവരുന്ന മൂവായിരംകിലോ കശുവണ്ടിപ്പരിപ്പ് വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു. ഫെബ്രുവരി രണ്ടിന് ഒപ്പുവച്ച ഐആർസി കരാറും സ്റ്റാഫ് ജീവനക്കാരുടെ ശമ്പള വർധനയും നടപ്പായിട്ടില്ല. പിരിയുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കൃത്യമായി ലഭിച്ചിട്ടില്ല. ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റും മുടങ്ങി.
മെലിഞ്ഞുണങ്ങിയ വിസ്മയം
കശുവണ്ടിയുടെ നാടെന്നു കേട്ടാൽ മലയാളികളുടെ മനസ്സിൽ ആദ്യം തെളിഞ്ഞിരുന്നത് കൊല്ലം ജില്ലയാണ്. അത്ര പ്രാധാന്യമുണ്ടായിരുന്നു ജില്ലയ്ക്ക് കശുവണ്ടി മേഖലയുമായി. എല്ലായിടത്തും മാറ്റത്തിന്റെ വിസ്മയം തീർക്കുമെന്ന് പറഞ്ഞ് അധികാരമേറ്റ വി ഡി സതീശൻ ആറുമാസം പിന്നിടുമ്പോൾ ഇൗ മേഖലയ്ക്ക് സമ്മാനിച്ചത് കരിഞ്ഞുണങ്ങിയ വിസ്മയം. കൊല്ലത്തിന്റെ കശുവണ്ടി പാരമ്പര്യത്തിന് 100 വർഷം പഴക്കമുണ്ടെങ്കിലും ഇപ്പോൾ മേഖല കരിഞ്ഞ കശുവണ്ടി പോലെയായി. 850 ഫാക്ടറികളിൽനിന്ന് 70 ഫാക്ടറികളിലേക്ക് വ്യവസായം ചുരുങ്ങി. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുടെ ഉപജീവന മാർഗമായിരുന്നു കശുവണ്ടി തല്ലലും പീലിങ്ങും ഉൾപ്പെടെയുള്ളത്. എന്നാൽ, നിലവിൽ നാമ മാത്രമായ തൊഴിലാളികൾ മാത്രമാണുള്ളത്. കശുവണ്ടി വികസന കോർപറേഷന്റെ 30 ഫാക്ടറികളും കാപ്പക്സിന്റെ 10 ഫാക്ടറികളിൽനിന്നും വല്ലപ്പോഴും മാത്രം പുക ഉയരുന്നു. വരുമാനം നിലച്ചതോടെ പല സ്ത്രീകളും തൊഴിലുറപ്പും സെയിൽസ് മേഖലയിലേക്കും വീട്ടു ജോലികളിലേക്കും മാറി. കഠിന ജോലി സാഹചര്യം, ആരോഗ്യ പ്രശ്നങ്ങൾ, കുറഞ്ഞ വരുമാനം, തൊഴിൽദിനങ്ങളുടെ കുറവ് ഇവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കാഷ്യു കോർപറേഷൻ വഴി മികച്ച പ്രവർത്തനങ്ങളും ഫാക്ടറികളിൽ തൊഴിലാളികൾക്കു 100 ദിവസം ജോലിയും ഒരുക്കിയിരുന്നു. ഇതിനു പുറമെ പുതിയ ഉൽപ്പന്നങ്ങളും പുറത്തിറക്കി. എല്ലാം ഓർമകൾ മാത്രമാകുകയാണ്.








0 comments