ഷാർജയിൽ 58-ാമത് അറബ് സർവകലാശാലാ സമ്മേളനം ആരംഭിച്ചു

ഷാർജ: അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്സിറ്റീസിന്റെ 58-ാമത് ജനറൽ കോൺഫറൻസ് ഷാർജയിൽ തുടങ്ങി. നവംബർ 25 ന് ആരംഭിച്ച സമ്മേളനം നവംബർ 27 ന് അവസാനിക്കും. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ സർവകലാശാലയിലെ അൽ റാസി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും ഷാർജ സർവകലാശാലാ പ്രസിഡന്റുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. ഷാർജ സർവകലാശാലയും ഖോർഫക്കാൻ സർവകലാശാലയും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നവംബർ 25 മുതൽ 27 വരെ നടക്കുന്ന സമ്മേളനത്തിൽ 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സർവകലാശാലകളുടെ പ്രസിഡന്റുമാരും ചാൻസലർമാരും പങ്കെടുക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ ഷാർജ ഭരണാധികാരിക്ക് അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്സിറ്റീസിന്റെ സെക്രട്ടറി ജനറൽ ഡോ. അംറ് എസ്സത്ത് സലാമ ഷീൽഡ് സമ്മാനിച്ചു. ഷാർജ സർവകലാശാലാ ചാൻസലർ ഡോ. ഇസാമെൽദിൻ അഗമിയും, അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. അംറ് എസ്സത്ത് സലാമയും സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന്റെ അവസാനം, ഖോർഫക്കാൻ സർവകലാശാലയ്ക്കും അൽ ദൈദ് സർവകലാശാലയ്ക്കും ഉപഭരണാധികാരി അംഗത്വ സർട്ടിഫിക്കറ്റുകൾ നൽകി. ഇതോടെ രണ്ട് സ്ഥാപനങ്ങളും ഔദ്യോഗികമായി അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്സിറ്റീസിൽ അംഗങ്ങളായി.
ഉന്നത വിദ്യാഭ്യാസത്തിൽ AI-യുടെ ഉപയോഗം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, തൊഴിൽ വിപണിയുടെ ഭാവി, വിദ്യാഭ്യാസ, പഠന തന്ത്രങ്ങൾ, സർവകലാശാലകളും വ്യവസായ, ബിസിനസ് മേഖലകളും തമ്മിലുള്ള പങ്കാളിത്തം എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.അറബ് ലീഗ്, ALECSO, ഫെഡറേഷൻ ഓഫ് അറബ് സയന്റിഫിക് റിസർച്ച് കൗൺസിലുകൾ, ക്യൂ. എസ് , ഷാങ്ങ്ഹായ് റാങ്കിങ്, ക്ലാരിവെറ്റ്, ടൈലർ & ഫ്രാൻസിസ്, പിയേഴ്സൺ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അറബ് യൂണിവേഴ്സിറ്റി റാങ്കിംഗ്സും, യുനെസ്കോയുമായി ചേർന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺലൈൻ എജ്യുക്കേഷന്റെ അറബ് റീജിയണൽ സെന്റർ സ്ഥാപിക്കുന്നതും സമ്മേളനത്തിലെ പ്രധാന പദ്ധതികളാണ്. നവംബർ 27-ന് ഖോർഫക്കാൻ സർവകലാശാലയിലെ ഹോംലാൻഡ് ഡിഫൻഡർ ഹാളിൽ AI യുഗത്തിൽ അറബ് സർവകലാശാലകളുടെ നിലവിലെ അവസ്ഥ, വെല്ലുവിളികൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് പാനൽ ചർച്ച നടക്കും. ദ്വിതല കരാറുകൾ ഒപ്പുവെച്ചും സാംസ്കാരിക സന്ദർശനങ്ങളോടെയും സമ്മേളനം സമാപിക്കും.








0 comments