Deshabhimani

ബാങ്കോക്കിലെ എണ്ണശുദ്ധീകരണശാലയിൽ സ്ഫോടനം; പരിക്കേറ്റവരുടെ എണ്ണം ഒൻപതായി, മൂന്നുപേരുടെ നില ഗുരുതരം

Fire Bankok

Photo: Gettyimages

വെബ് ഡെസ്ക്

Published on Nov 27, 2026, 09:00 AM | 1 min read

ബാങ്കോക്ക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ എണ്ണശുദ്ധീകരണശാലയിലുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും പരിക്കേറ്റവരുടെ എണ്ണം ഒൻപതായി. മൂന്നുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബാങ്ചാക് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്റാ ഖനോങ് ശുദ്ധീകരണശാലയിൽ സ്ഫോടനമുണ്ടായത്.


സ്ഫോടനത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി കമ്പനി അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. സ്ഫോടനത്തെത്തുടർന്ന് ഉയർന്ന കറുത്ത പുക ബാങ്കോക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദൃശ്യമായിരുന്നു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശിച്ചു.


സംഭവസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് ഊർജമന്ത്രി അക്കനത് പ്രോംഫാൻ, എണ്ണ സംഭരിച്ചിരുന്ന ഭാഗത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള ഡിസ്റ്റിലേഷൻ ടവറിലാണ് തീപിടിത്തമുണ്ടായതെന്നും അതിനാൽ സ്ഫോടനത്തിന്റെ ആഘാതം പരിമിതമായെന്നും പറഞ്ഞു.


ജനവാസമേഖലയിലാണ് ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നതെന്നത് ആശങ്കാജനകമാണെന്നും സുരക്ഷ ഉറപ്പാക്കുന്നതുവരെ ഉൽപ്പാദനം നിർത്തിവയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപകടസ്ഥലത്തിന് സമീപം നടത്തിയ വായുനിലവാര പരിശോധനയിൽ അസാധാരണമായ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.


ചോൻബുരി പ്രവിശ്യയിൽ പ്രതിദിനം 1.80 ലക്ഷം ബാരൽ സംസ്കരണശേഷിയുള്ള മറ്റൊരു ശുദ്ധീകരണശാലയും കമ്പനിക്കുണ്ട്. 2012 ജൂലൈയിലും ബാങ്കോക്കിലെ ഈ ശുദ്ധീകരണശാലയിൽ സ്ഫോടനത്തെത്തുടർന്ന് തീപിടിത്തമുണ്ടായിരുന്നു. അന്ന് ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നില്ല.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home