ഷാർജയിൽ 7,000 വർഷം പഴക്കമുള്ള കടലാമ പാറ കൊത്തുപണികൾ കണ്ടെത്തി

ഷാർജ: ഷാർജയിലെ വാദി അൽ ഹേലോ മലനിരകളിൽ 7,000 വർഷം പഴക്കമുള്ള അപൂർവ്വമായ അഞ്ച് കടലാമ പാറ കൊത്തുപണികൾ കണ്ടെത്തിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി അറിയിച്ചു.ഷാർജ ആർക്കിയോളജി അതോറിറ്റി 2026 നവംബർ 26-നാണ് കണ്ടെത്തൽ പ്രഖ്യാപിച്ചത്.
കൽബയ്ക്ക് സമീപമുള്ള വാദി അൽ ഹേലോ മലനിരകളുടെ ഉൾഭാഗത്ത്, കടലിൽ നിന്ന് വളരെ അകലെയുള്ള മേഖലയിലാണ് കൊത്തുപണികൾ കണ്ടെത്തിയത്. 2022-ൽ പ്രദേശത്തെ പ്രാദേശിക സമൂഹം ആദ്യം കണ്ടെത്തിയ സ്ഥലത്ത് ഈ വർഷം അതോറിറ്റി നടത്തിയ ഫീൽഡ് വർക്കിലാണ് പുതിയതായി രേഖപ്പെടുത്തിയ റോക്ക് ആർട്ട് പാനലിൽ അഞ്ച് കൊത്തുപണികൾ കണ്ടെത്തിയത്.കണ്ടെത്തിയ അഞ്ച് കൊത്തുപണികളിൽ നാലെണ്ണം ലോകത്തിലെ ഏറ്റവും വലിയ കടലാമ ഇനമായ ലെതർബാക്ക് കടലാമകളെ ചിത്രീകരിക്കുന്നതായാണ് ഗവേഷകരുടെ നിഗമനം.
കടലാമകളുടെ തോടിന് മുകളിൽ കൊത്തിയ വരികൾ യഥാർത്ഥ ലെതർബാക്ക് കടലാമകളുടെ തോടിലുള്ള പ്രത്യേക വരമ്പുകളോട് സാമ്യമുള്ളതാണ്. അതുകൊണ്ട് തന്നെ കടലാമയെ നേരിട്ട് കണ്ടിട്ടുള്ള ആളുകളാണ് ഇവ വരച്ചതെന്ന് ഗവേഷകർ കരുതുന്നു. ഏകദേശം 7,000 വർഷം പഴക്കം ഉണ്ടെന്നാണ് അനുമാനം.
എന്നാൽ ഇതിന്റെ കൃത്യമായ പ്രായം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. തീരദേശ സമൂഹങ്ങളുമായി അവർക്ക് നിരന്തരമായ വ്യാപാര, സാംസ്കാരിക ബന്ധം ഉണ്ടായിരുന്നിരിക്കാം. അതായത് 7,000 വർഷം മുമ്പ് തന്നെ ഷാർജയിലെ മലയോര, തീരദേശ സമൂഹങ്ങൾ തമ്മിൽ സാംസ്കാരിക ബന്ധവും കൈമാറ്റവും ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്.
ഈ തരത്തിലുള്ള കടലാമ പാറ കൊത്തുപണികൾ ഒമാൻ പെനിൻസുലയിൽ ഇതുവരെ രണ്ട് സ്ഥലങ്ങളിൽ മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ. ഷാർജ ഇപ്പോൾ മൂന്നാമത്തെ സ്ഥലമായി. വാദി അൽ ഹേലോ വെറും ഒരു മലയോര ഗ്രാമം മാത്രമായിരുന്നില്ല, ഉൾനാടൻ വാസസ്ഥലങ്ങളെയും തീരത്തെയും ബന്ധിപ്പിക്കുന്ന വിശാലമായ ശൃംഖലയുടെ ഭാഗമായിരുന്നിരിക്കാം എന്നും കരുതുന്നു. കൊത്തുപണികളുടെ കൃത്യമായ പ്രായം സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം നടത്തുമെന്ന് അതോറിറ്റി അറിയിച്ചു. വാദി അൽ ഹേലോയിൽ ഇനിയും ഇതുപോലുള്ള കൊത്തുപണികൾ ഉണ്ടോ എന്നും പരിശോധിക്കും.








0 comments