Deshabhimani

മലയാള ഭാഷാ പാഠശാലയ്‌ക്ക്‌ രജതജൂബിലി

വീട്ടകമാണ് പാഠശാല

ടി പി ഭാസ്കര പൊതുവാൾ ഭാര്യ 
എ വി ജാനകിക്കൊപ്പം

ടി പി ഭാസ്കര പൊതുവാൾ ഭാര്യ 
എ വി ജാനകിക്കൊപ്പം

avatar
പ്രകാശൻ പയ്യന്നൂർ

Published on Nov 01, 2026, 02:00 AM | 2 min read

പയ്യന്നൂർ

മലയാള ഭാഷയ്ക്കായി സമർപ്പിതമാണ് ടി പി ഭാസ്കര പൊതുവാളിന്റെ മലയാള ഭാഷാപാഠശാല. ഭാസ്‌കര പൊതുവാളിന്റെ പയ്യന്നൂർ കണ്ടോത്തെ വീട്ടിൽ പ്രവർത്തിക്കുന്ന പാഠശാലയുടെ പടിവാതിൽ മലയാള ഭാഷാസ്നേഹികൾക്കും എഴുത്തുകാർക്കുമായി തുറന്നിട്ടിരിക്കുകയാണ്. മലയാള ഭാഷാപാഠശാലയ്‌ക്കിത്‌ രജതജൂബിലി വർഷമാണ്‌. എല്ലാവർക്കും സ്വന്തം വീടുപോലെ കടന്നുവരാനും ഉണ്ണാനും കലാപ്രകടനങ്ങൾക്കും അവസരമുണ്ട്. സ്വീകരിക്കാൻ എന്നും 82 വയസുകാരനായ മാഷും ഭാര്യ എ വി ജാനകിയും പുഞ്ചിരിയോടെ വാതിൽക്കലുണ്ടാകും. ഇവിടെ എത്തിച്ചേരാത്ത സാഹിത്യം, കല, രാഷ്ട്രീയ രംഗത്തെ മഹാരഥന്മാർ വിരളം. 2000ൽ വിരമിച്ച ശേഷമാണ് മലയാള ഭാഷയുടെ പ്രചാരണത്തിനും ഉന്നമനത്തിനുമായി എന്തെങ്കിലും ചെയ്യണമെന്ന ആശയം മനസിലുദിച്ചത്. ഇതിനായി മലയാള ഭാഷാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചു. ആശയം എഴുത്തുകാരൻ എം ടി വാസുദേവൻ നായരുമായി പങ്കിട്ടു. കണ്ണൂർ ജേബീസ് കോളേജ് സ്ഥാപകൻ കെ പി ജയപാലൻ താവക്കരയിലെ വീടും സ്ഥലവും സൗജന്യമായി നൽകി. ബ്രഷ്‌മാൻ ശ്രീജിത്ത് ഇവിടെ കൂടല്ലൂർ ഗ്രാമം ഒരുക്കി. 2001 മേയ്‌ മാസം എം ടി തന്നെയാണ് പാഠശാല ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ മൂന്നുവർഷം ഇവിടെയായിരുന്നു പാഠശാലയുടെ പ്രവർത്തനം. 2003ൽ പയ്യന്നൂർ കണ്ടോത്തെ വീട്ടിലേക്ക്‌ പ്രവർത്തനം മാറ്റി. ഒന്നാം വാർഷികാഘോഷം രണ്ടുദിവസത്തെ സാഹിത്യോത്സവമായി നടന്നു. ഉദ്ഘാടനം ചെയ്തത്‌ നടൻ നെടുമുടി വേണുവാണ്. കെ ടി മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള, കാവാലം, സി എൽ ജോസ് തുടങ്ങിയ പ്രമുഖർ വാർഷികാഘോഷത്തിനെത്തി. പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ കളിമുറ്റമാണ് വീട്ടുമുറ്റ നാടകമെന്ന ആശയം നടപ്പാക്കിയത്. പാഠശാലയുടെ ആദ്യ സഞ്ജയൻ സ്മാരക കവിതാ പുരസ്കാരത്തിന് ചെമ്മനം ചാക്കോ അർഹനായി. ഒ എൻ വി, സുഗതകുമാരി തുടങ്ങി 14 കവികൾക്ക് നാളിതുവരെ പുരസ്കാരം സമ്മാനിച്ചു. ചന്തുമേനോൻ നോവൽ പുരസ്കാരവും കെ ടി മുഹമ്മദ് സ്മാരക പുരസ്കാരവും ഏർപ്പെടുത്തി. ഭാഷാപ്രചാരണത്തിനായി 2010 ൽ നടപ്പാക്കിയ ‘മധുരം മധുരം മലയാളം' പദ്ധതി ഗൾഫ് രാജ്യങ്ങളിലെ 700 വേദികളിലടക്കം കേരളത്തിലും പുറത്തുമായി ഏഴായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ടു. വേദിയും സദസ്സും ഒന്നാക്കി മാറ്റി കഥ, കവിത, കളികൾ എന്നിവയിലൂടെ സമ്മർദവിമുക്ത മനസുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു മധുരം മലയാളത്തിന്‌. ടി പി ഭാസ്കര പൊതുവാൾ രചിച്ച ‘ഉദയസംക്രാന്തി’ നാടകത്തിന്റെ അമ്പതാം വാർഷികവും കൂടിയാണ് ഈ വർഷം. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കലോത്സവ നാടകങ്ങളാണ് കൂടുതൽ രചിച്ചിട്ടുള്ളത്. 1998 ൽ സംസ്ഥാന അധ്യാപക പുരസ്‌കാരം നേടി. 2006 ൽ ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഭാഷാപ്രതിഭ പുരസ്കാരം ബംഗളുരുവിൽ ഗായകൻ യേശുദാസിൽനിന്ന്‌ ഏറ്റുവാങ്ങി. പി എൻ പണിക്കർ ഫൗണ്ടേഷന്റെ അക്ഷരസൂര്യൻ പുരസ്കാരം, വേൾഡ് മലയാളി ഫെഡറേഷന്റെ ഭാഷാ പണ്ഡിത ശ്രേഷ്ഠ പുരസ്കാരം, ഭാഷാപണ്ഡിതരത്ന പട്ടം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home