ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം വിളംബര ജാഥയും സാംസ്‌കാരിക സമ്മേളനവും

തലശേരി ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശവുമായി തലശേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു. മുത്തുക്കുടകളും ശിങ്കാരിമേളവും വർണബലൂണുകളും നിറപ്പകിട്ടേകിയ ഘോഷയാത്ര പഴയബസ്‌സ്‌റ്റാൻഡിൽനിന്ന് ആരംഭിച്ച്, നഗരംചുറ്റിയശേഷം കോടതിക്കടുത്ത സെന്റിനറി പാർക്കിൽ സമാപിച്ചു. സെന്റിനറി പാർക്കിലെ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ നഗറിൽ സാംസ്‌കാരിക സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്‌ഘാടനംചെയ്‌തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഗായത്രി വർഷ വിശിഷ്ടാതിഥിയായി. പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ, ലോയേഴ്‌സ് യൂണിയൻ ജില്ലാപ്രസിഡന്റ് കെ വിശ്വൻ, ടി കെ ഷൈമ, അഡ്വ. ടി വി അജയകുമാർ എന്നിവർ സംസാരിച്ചു. കാരായി രാജൻ എംഎൽഎ, സംഘാടകസമിതി ചെയർമാൻ എ എൻ ഷംസീർ, ടി അശോക്‌കുമാർ എംഎൽഎ, പി ശശി , ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ വിജയകുമാർ, ദേശീയ കൗൺസിൽ അംഗം എം സി രാമചന്ദ്രൻ, പ്രീതി പറന്പത്ത്, അഡ്വ വിനോദ്‌കുമാർ ചന്പളോൻ എന്നിവർ പങ്കെടുത്തു. രാത്രി സംഗീതവിരുന്നുമുണ്ടായി. ഒമ്പതിന് കണ്ണൂർ ജവഹർ ലൈബ്രറിയിലെ അഡ്വ. എം കെ ദാമോദരൻ നഗറിൽ ചേരുന്ന ഭരണഘടനാ സെമിനാറിൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി മോഹൻ ഗോപാൽ വിഷയം അവതരിപ്പിക്കും. 10, 11 തീയതികളിൽ തലശേരി കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ ജസ്‌റ്റിസ് വി ആർ കൃഷ്‌ണയ്യർ നഗറിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം ശനി രാവിലെ സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് കെ എം ജോസഫ് ഉദ്‌ഘാടനംചെയ്യും.








0 comments