Deshabhimani

ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണം പ്രതിഷേധച്ചൂടിൽ ഡിവൈഎഫ്ഐ മാർച്ച്‌

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറികടന്ന്‌ 
പ്രവർത്തകർ ഗേറ്റിനകത്തുകടന്നപ്പോൾ. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ എന്നിവരെയും കാണാം			ഫോട്ടോ: പി ദിലീപ്‌ കുമാർ
വെബ് ഡെസ്ക്

Published on Oct 01, 2026, 03:00 AM | 1 min read

കണ്ണൂർ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തി. കാൽടെക്‌സിൽനിന്നാരംഭിച്ച മാർച്ച്‌ പോസ്റ്റോഫീസിന്‌ മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. മാർച്ചിന്റെ മുൻനിരയിലേക്ക്‌ പൊലീസ്‌ പ്രകോപനമില്ലാതെ ജലപീരങ്കി പ്രയോഗിച്ചതോടെ ബാരിക്കേഡ്‌ മറിച്ചിട്ട പ്രവർത്തകർ ഹെഡ് പോസ്റ്റോഫീസ്‌ വളപ്പിൽകയറി പ്രതിഷേധിച്ചു. ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർഎസ്‌എസ്സിന്റെ തീട്ടൂരങ്ങൾ താണുകേണ്‌ വണങ്ങി നടപ്പാക്കുന്നയാളായി അധഃപതിച്ച മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർക്കെതിരെയാണ്‌ സമരമെങ്കിലും അത്‌ ചെന്നിത്തലയ്‌ക്കും വി ഡി സതീശനും വിഷമുണ്ടാക്കുന്നുണ്ടെന്നറിയാമെന്ന്‌ വിജിൻ പറഞ്ഞു. കാരണം കേരളം ഭരിക്കുന്നത്‌ ആർഎസ്‌എസ്‌ ആണല്ലോ. പക്ഷേ ഇതൊരുസമരത്തിന്റെ തുടക്കംമാത്രമാണ്‌. ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന വി ഡി സതീശന്റെ പൊലീസ്‌ വേട്ടയാടാൻ വന്നാലും ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുംവരെ സമരം തുടരുമെന്നുംവിജിൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, പി പി സിദിൻ, ജില്ലാകമ്മിറ്റിയംഗം സി കെ ഷോന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home