ഇത് പൊലീസോ, അതോ ഗുണ്ടകളോ

യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കല്ലെറിയുന്ന യൂത്ത് കോണ്‍ഗ്രസുകാരന്‍
തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ഇരച്ചുകയറി വിദ്യാർഥികളെ പൊലീസ് നേരിട്ടത് അതിക്രൂരമായി. സംഘടിച്ച് എത്തിയ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ വിദ്യാർഥികൾക്കുനേരെ കല്ല് എറിയുമ്പോഴും പൊലീസ് ഇതുതടയാതെ ഹോസ്റ്റലിന് ഉള്ളിൽ കയറി വിദ്യാർഥികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് അടക്കം പരിക്കേറ്റു. ലാത്തികൊണ്ടുള്ള അടിയിൽ തല പൊട്ടിയ വിദ്യാർഥി അനൂപിന് 11 തുന്നിക്കെട്ടുണ്ട്. നിരവധി വിദ്യാർഥികൾക്കാണ് തലയ്‌ക്ക് അടിയേറ്റത്. പുറത്തും നെഞ്ചിലുമടക്കം ലാത്തികൊണ്ട് അടിച്ചുപൊളിച്ചു. പലരുടെയും കൈയിൽ അടിയേറ്റ് നീരുവച്ചു. പാഞ്ഞെത്തിയ പൊലീസ് സംഘത്തിനിടയിൽപ്പെട്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. അടിയേറ്റ് ചോരയൊലിപ്പിച്ചു നിന്ന വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പൊലീസ് തയ്യാറായില്ല. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പൊലീസിന്റെ നരനായാട്ട്. യൂത്ത് കോൺഗ്രസുകാർ പുറത്ത് കൊലവിളി നടത്തുമ്പോഴും പൊലീസിനോട് സഹകരിച്ച് വിദ്യാർഥികൾ സംയമനം പാലിക്കുകയാണ് ചെയ്‌തത്. ഇതിനിടെ കല്ലുകൾ ഹോസ്റ്റലിലേക്ക് പതിച്ചുകൊണ്ടിരുന്നു. ഏറുകൊള്ളാതെ വിദ്യാർഥികൾ ഹോസ്റ്റൽ വരാന്തയിലും മറ്റും അഭയം തേടി. ഇതിനിടെയാണ് ഒരു സംഘം പൊലീസുകാർ ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും കാരണമില്ലാതെ അടിക്കുകയും ചെയ്‌തത്. ആദ്യം ഹോസ്റ്റലിലെ വിദ്യാർഥികൾക്കുനേരെ ഇഷ്‌ടികയും പന്തവും ബിയർ ബോട്ടിലും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യൂത്ത് കോൺഗ്രസ് – കെഎസ്‌യു സംഘം ഒരുമണിക്കൂറിനുശേഷം സംഘടിച്ച് വീണ്ടും എത്തിയപ്പോഴായിരുന്നു പൊലീസും അവർക്കൊപ്പം ചേർന്നത്. വിദ്യാർഥികൾ ഗേറ്റ് പൂട്ടിയതോടെ ഹോസ്റ്റലിന് ഉള്ളിലേക്ക് കടക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് ആയില്ല. ഇതോടെ ഇവർ റോഡിൽ കിടന്ന കല്ലും ഇഷ്‌ടികയും ഹോസ്റ്റൽ വളപ്പിലേക്ക് എറിയുകയായിരുന്നു. ഇതു തടയാതെയാണ് പൊലീസ് വിദ്യാർഥികൾക്കുനേരെ നരനായാട്ട് അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സിപിഐ എം നേതാക്കൾ ഹോസ്റ്റലിലേക്ക് എത്തിയതോടെയാണ് പൊലീസ് അതിക്രമം അവസാനിപ്പിക്കാൻ തയ്യാറായത്.






0 comments