Deshabhimani

മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സൊസൈറ്റി

സാമ്പത്തിക തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2026, 04:23 AM | 1 min read

നെടുമങ്ങാട്

മുണ്ടേല രാജീവ്‌ഗാന്ധി റസിഡന്റ്‌സ് വെൽഫെയർ സൊസൈറ്റിയിൽനിന്ന്‌ കൃത്രിമ രേഖകളിലൂടെ 25 കോടിയിലധികം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും കോൺഗ്രസ് നേതാവ് പാലോട് രവിയുടെ അനുജന്റെ മകനുമായ ദിനുചന്ദ്രനാണ് (39) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മോഹനൻ നായരും സെക്രട്ടറി രാഖിയും ജീവനക്കാരി ചിഞ്ചുവുമായി ചേർന്നാണ് പ്രതി കോടികളുടെ തട്ടിപ്പ് നടത്തിയത്. സൊസൈറ്റിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികൾ രഹസ്യമായി പുറത്ത് സ്വകാര്യസ്ഥാപനത്തിലെത്തിച്ച്‌ കൂടിയ തുകയ്ക്ക് പണയംവച്ചും ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി സംഘത്തിൽനിന്ന്‌ കോടികൾ വായ്പയെടുത്തുമാണ് തട്ടിപ്പ്‌. തട്ടിയെടുത്ത തുക പ്രതികൾ ബിനാമി അക്കൗണ്ടിലേക്ക് മാറ്റി. തട്ടിപ്പിനെതിരെ നിക്ഷേപകർ അരുവിക്കര പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ദിനുചന്ദ്രനും ചിഞ്ചുവും വിദേശത്തേക്ക് കടന്നിരുന്നു. ഒന്നാം പ്രതിയായ ബാങ്ക് പ്രസിഡന്റ് മോഹനൻ നായർ കേസിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. തട്ടിപ്പിനെ തുടർന്ന് മനോരമയുടെ നെടുമങ്ങാട് ലേഖകനായിരുന്ന ആനാട് ശശിക്കും ഒന്നരക്കോടിയിലധികം രൂപ നഷ്ടപ്പെട്ടിരുന്നു. അതിന്റെ മനോവിഷമത്തിൽ ഒരുവർഷം മുമ്പ് ആനാട് ശശിയും ആത്മഹത്യ ചെയ്തു. സെക്രട്ടറി രാഖി ഉൾപ്പെടെയുള്ള മറ്റു പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. ദിനുചന്ദ്രനെ കേസിന്റെ അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിന് കൈമാറി. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഐ വിയിലെ പൊലീസ് സൂപ്രണ്ട് അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ കെ ഷെറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home