കണ്ണൂർ ബുക്ക് ഫെസ്‌റ്റ് അക്ഷരോത്സവത്തിന് കൊടിയേറി

കണ്ണൂർ എഴുത്തിനെയും വായനയെയും സ്‌നേഹിക്കുന്നവർക്ക് ഇനി മൂന്നുനാൾ അക്ഷരങ്ങളുടെ ആഘോഷം. വായനവസന്തമൊരുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി 20–ാമത് കണ്ണൂർ ബുക്ക് ഫെസ്‌റ്റിന് ആവേശത്തുടക്കമായി. വയലാറിന് സ്‌മരണാഞ്ജലിയർപ്പിച്ച ‘താടക’ സംഗീതശിൽപ്പം അവതരിപ്പിച്ചാണ് മേളയ്‌ക്ക് തുടക്കംകുറിച്ചത്. മേയർ പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ്‌കുര്യൻ എന്നിവർ ചേർന്ന് മേള ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ശിവദാസൻ എംപി അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം കെ രമേഷ്‌കുമാർ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, ഇ ബീന, ടി പ്രകാശൻ, പി ജനാർദനൻ, സി പി അബ്ദുൾകരീം, സി സുനിൽകുമാർ, യു കെ ശിവകുമാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ വിജയൻ സ്വാഗതവും ജോ. സെക്രട്ടറി രാജേഷ് മാത്യു നന്ദിയുംപറഞ്ഞു. മേളയിൽ ഇന്ന് വെള്ളി രാവിലെ 10 മുതൽ വിവിധ പുസ്‌തകപ്രകാശനങ്ങൾ നടക്കും. പകൽ മൂന്നിന് സുകുമാർ അഴീക്കോട് – ഐ വി ദാസ് അനുസ്‌മരണം. ഡോ. ധർമരാജ് അടാട്ട്, മനയത്ത് ചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് പറപ്പൂൽ എ വി കൃഷ്‌ണൻ സ്‌മാരക വയനശാല ആൻഡ് ഗ്രന്ഥാലയം, പട്ടുവം വനിതാവേദി എന്നിവരുടെ യോഗാ ഡാൻസ് അവതരണം.






0 comments