Deshabhimani

കാനായിയെ അപമാനിച്ചു കാസർകോട്‌ ശിൽപ്പങ്ങളുടെ ഉദ്‌ഘാടനത്തിന്‌
സ്‌പീക്കർ വിട്ടുനിന്നതിൽ വൻ പ്രതിഷേധം

കാസർകോട് ജില്ലാപഞ്ചായത്ത് ആസ്ഥാനത്ത് ഒരുക്കിയ ‘വിക്ടിം’, ’ഫ്രീഡം’ ശിൽപങ്ങൾ ശിൽപി കാനായി കുഞ്ഞിരാമൻ നാടമുറിച്ച് നാടിന് സമർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 03:00 AM | 1 min read

കാസർകോട്‌ കാസർകോട്‌ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്‌ ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർമിച്ച വിക്ടിം, ഫ്രീഡം ശിൽപ്പങ്ങളുടെ ഉദ്‌ഘാടനത്തിൽനിന്ന്‌ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിട്ടുന്നതിൽ വൻ പ്രതിഷേധം. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ കാനായിയെ അപമാനിച്ചുവെന്ന വികാരമാണ്‌ ഉയർന്നത്‌. കലയ്‌ക്ക്‌ ജാതിയോ മതമോ രാഷ്‌ട്രീയമോ ഇല്ലെന്ന്‌ കാനായി പ്രതികരിച്ചു. തന്റെ ഒരു ശിൽപ്പവും ഇതുവരെ ഉദ്ഘാടനംചെയ്തിട്ടില്ല, ശിൽപ്പങ്ങൾ പൊതു ഇടങ്ങളിൽ തുറന്നുകൊടുക്കുകയാണ് പതിവ്. ഇവിടെ മാത്രം ആണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചത്‌. ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശിൽപ്പം ജനങ്ങൾക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് കാനായി നിർമിച്ച ശിൽപ്പങ്ങളുടെ അനാഛാദന ചടങ്ങിൽ എത്താനാവില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചത് അവസാന നിമിഷത്തിലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം പറഞ്ഞു. ചടങ്ങിന് എത്തില്ലെന്ന് തലേന്ന് രാത്രിയിലാണ് സ്പീക്കർ അറിയിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്തെന്ന് അറിയില്ല. കെ നീലകണ്ഠൻ എംഎൽഎ മുഖാന്തിരമാണ് സ്പീക്കറെ ക്ഷണിച്ചത്. അവസാന നിമിഷം അസൗകര്യം അറിയിച്ചതിനാൽ പരിപാടി മാറ്റിവയ്ക്കുക പ്രായോഗികമല്ല. കാനായിയുടെ ശിൽപ്പങ്ങളുടെ അനാഛാദന ചടങ്ങിൽ സ്‌പീക്കർ എത്താതിരുന്നത്‌ ജില്ലയോട്‌ കാട്ടുന്ന ഏറ്റവും വലിയ അവഗണനയാണെന്ന്‌ മുസ്ലിംലീഗ്‌ നേതാവുകൂടിയായ എ കെ എം അഷറഫ്‌ എംഎൽഎ പറഞ്ഞു. അവസാന നിമിഷം പരിപാടി റദ്ദാക്കിയത്‌ തീരെ ശരിയല്ല. പരിപാടിയുടെ പ്രാധാന്യം സ്‌പീക്കറെ ബോധ്യപ്പെടുത്തിയതാണ്‌. തിരുവന്തപുരത്തായിരുന്നുവെങ്കിൽ വേദിയിൽ മന്ത്രിമാരുടെ നിര തന്നെ ഉണ്ടാവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ ശിൽപ്പങ്ങൾ നാടിന്‌ സമർപ്പിച്ചത്‌. എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമാണ്‌ അമ്മയും കുഞ്ഞും എന്ന ആശയത്തിലുള്ള വിക്ടിം ശിൽപ്പം. ​40 അടി ഉയരമുള്ള ശിൽപ്പം കാനായി നിർമിച്ചതിൽ ഏറ്റവും വലുതാണ്‌. എം വി ബാലകൃഷ്‌ണൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായ വേളയിൽ 2008ലാണ്‌ ശിൽപ്പ നിർമാണം തുടങ്ങിയത്‌. ജില്ലാ പഞ്ചായത്തിന്റെ തുടർന്നുള്ള വിവിധ ഭരണസമിതികളും ശിൽപ്പത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി പ്രയത്നിച്ചിരുന്നു. സ്‌പീക്കർ പിന്മാറിയതിനെ തുടർന്ന്‌ ശിൽപ്പം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അനാച്ഛാദനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home