ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് കോൺഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി വിമതർ

തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉറപ്പായി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി നാലുപേർ മത്സരരംഗത്ത്. മഹിളാ കോൺഗ്രസ് നേതാവ് ജിഷ വള്ള്യായി, പ്രഭാകരൻ കാക്കേരി കല്ലിക്കണ്ടി, എ ആർ ചിന്മയി, എ പ്യാരി എന്നിവരാണ് പിന്മാറാതെ മത്സര രംഗത്ത് ഉറച്ചുനിൽക്കുന്നത്. 13 അംഗ ഭരണസമിതിയിലേക്ക് 29ന് തലശേരി സെന്റ് ജോസഫ്സ് സ്കൂളിലാണ് തെരഞ്ഞെടുപ്പ്. പത്രിക നൽകിയ 37 പേരിൽ മുൻ പ്രസിഡന്റ് മമ്പറം ദിവാകരൻ, വി സി പ്രസാദ്, സി ടി സജിത്ത് തുടങ്ങിയവർ പത്രിക പിൻവലിച്ചു. ആറുപേരുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളിയിരുന്നു. നിലവിൽ പ്രസിഡന്റിന്റെ ചുമതലയുള്ള കണ്ടോത്ത് ഗോപി, മുൻ പ്രസിഡന്റ് കെ പി സാജു, പി കെ അബ്ദുള്ള തുടങ്ങി 13 പേരാണ് ഔദ്യോഗിക പാനലിൽ. എ ക്ലാസ് മെമ്പർമാരിൽനിന്ന് മത്സരരംഗത്തുള്ള ഡോ. രഞ്ജിത്തും 40 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കുന്ന വീണ വിശ്വനാഥും എതിരില്ലാതെ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ തോൽപിച്ചാണ് കെ സുധാകരൻ വിഭാഗം ആശുപത്രി ഭരണം പിടിച്ചത്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ റിട്ടേണിങ് ഓഫീസർ രാത്രി വൈകിയും ക്യാന്പ് ചെയ്‌തു പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. മത്സരരംഗത്തുള്ള നാലുപേരെയും കോൺഗ്രസ് നേതൃത്വം രാത്രി ബന്ധപ്പെട്ടു. ഏത് വിധേനയും നാമനിർദേശ പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ഇതിന് കൂട്ടുനിൽക്കുകയാണ് റിട്ടേണിങ് ഓഫീസറെന്ന് വിമതവിഭാഗം പറയുന്നു.









0 comments