യുഡിഎഫ് ഹർത്താലിൽ ജനം വലഞ്ഞു

ശ്രീകണ്ഠപുരത്ത് യുഡിഎഫ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്യാൻ ശ്രമിക്കുന്നു
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ വി രാമകൃഷ്ണനെ കൈയേറ്റംചെയ്തു എന്നാരോപിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ചില കടകൾ തുറന്നത് ബലം പ്രയോഗിച്ച് യുഡിഎഫ് പ്രവർത്തകർ അടപ്പിക്കുകയാണ് ചെയ്തത്. സർക്കാർ ഓഫീസുകളും രാവിലെ പത്തോടെ തുറന്നിരുന്നു. കെഎസ്എഫ്ഇയും, സബ് ട്രഷറിയും യുഡിഎഫ് പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചു. പൊലിസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി. അപ്രതീക്ഷിത ഹർത്താലിനെതിരെ വ്യാപാരികളും നാട്ടുകാരും രംഗത്തെത്തി.
ദേശാഭിമാനി ലേഖകനുനേരെ കൈയേറ്റശ്രമം
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരത്ത് യുഡിഎഫ് ആഹ്വാനംചെയ്ത ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം. ഹർത്താൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി ലേഖകൻ നിഖിൽ മണ്ണേരിക്കുനേരെയാണ് കൈയേറ്റശ്രമമുണ്ടായത്. മദ്യപിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ മറ്റ് മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും മുന്നിലാണ് കൈയേറ്റത്തിന് ശ്രമിച്ചത്. ഹർത്താലിൽ യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ശ്രീകണ്ഠപുരം പ്രസ് ഫോറം പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസില്ല
സിപിഐ എം പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസെടുത്ത് പൊലീസ്
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരം മേഖലയിൽ യുഡിഎഫ് നടത്തുന്ന ആക്രമണങ്ങളിൽ സിപിഐ എം പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസെടുത്ത് പൊലീസ്. ആഭ്യന്തരമന്ത്രിയുടെയും യുഡിഎഫ് നേതാക്കളുടെയും നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. വെള്ളി വൈകിട്ട് ശ്രീകണ്ഠപുരത്ത് നഗരസഭാ ചെയർമാൻ ഇ വി രാമകൃഷ്ണനെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നതിനിടെയാണ് നിലത്തുവീണ് പരിക്ക് പറ്റിയത്. സംഭവം നടക്കുമ്പോൾ ഒരു സിപിഐ എം പ്രവർത്തകൻ പോലും സമീപത്ത് ഉണ്ടായിരുന്നില്ല. ഈ സംഭവത്തിലാണ് സിപിഐ എം നേതാക്കൾക്കെതിരെയും കണ്ടാലറിയുന്ന 10 പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തത്. പ്രകടനത്തിന് നേരെ അക്രമം നടത്തിയ സംഭവത്തിൽ കോൺഗ്രസ് ക്രിമിനലുകൾക്ക് എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. സിപിഐ എം പ്രവർത്തകൻ സുജിത്ത് മാപ്പിനിയെ കൈയേറ്റം ചെയ്ത സംഭവത്തിലും കേസെടുത്തിട്ടില്ല. എന്നാൽ, അക്രമത്തിന് ഇരയായ സുജിത്ത് മാപ്പനി ഉൾപ്പെടെയുള്ള ഒമ്പത് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. ആശുപത്രിയിൽ രണ്ട് ദിവസം ചികിത്സ തേടിയിട്ടും മൊഴിയെടുക്കാനും പൊലീസ് തയ്യാറായില്ല. പൊടിക്കളത്ത് ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ അക്രമം നടത്തിയതിലും ഏകപക്ഷീയമായാണ് കേസെടുത്തത്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഒമ്പത് പേർക്കെതിരെ കേസെടുത്തു. ഈ കേസിൽ ദേശാഭിമാനി ജീവനക്കാരൻ ടി കെ റിജേഷിനെ തളിപ്പറമ്പിൽവച്ച് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ റിജേഷിന് നിബന്ധനകളോടെ ജാമ്യമനുവദിച്ചു. നഗരസഭാ ചെയർമാനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വെള്ളി രാത്രി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. സിപിഐ എം നേതാക്കൾക്കെതിരെ കേസെടുക്കാൻ കോൺഗ്രസ് നേതാക്കളും ആഭ്യന്തരവകുപ്പും സമ്മർദം ചെലുത്തുകയായിരുന്നു. പയ്യന്നൂർ തളിപ്പറമ്പിൽനിന്ന് കാസർകോട്ടേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ഒ ജെ ജനീഷിനെതിരെ പയ്യന്നൂർ പെരുമ്പ ജങ്ഷന് സമീപം പ്രതിഷേധിച്ച സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് സി ഷിജിൽ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ എം കെ ലജീഷ്, കെ സുബിൻ, ടി വി നിതിൻ, പയ്യന്നൂർ നോർത്ത് മേഖലാ പ്രസിഡന്റ് എം ടി അക്ഷയ്, വെള്ളൂർ സൗത്ത് മേഖലാ കമ്മിറ്റിയംഗം പി ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.








0 comments